National
പ്രണയം, വിവാഹം, തര്‍ക്കങ്ങള്‍: ഓണ്‍ലൈന്‍ ജ്യോതിഷ തട്ടിപ്പിലൂടെ സംഘം കൊള്ളയടിച്ചത് 60 ലക്ഷത്തിലധികം രൂപ
സോഷ്യല്‍ മീഡിയയിലൂടെ പരസ്യം ചെയ്ത് ജ്യോതിഷത്തിലും റിലേഷന്‍ഷിപ്പ് കൗണ്‍സിലിംഗിലും താല്‍പ്പര്യമുള്ള 18-നും 35-നും ഇടയില്‍ പ്രായമുള്ള യുവാക്കളെ പ്രത്യേകം ഫില്‍ട്ടര്‍ ചെയ്താണ് ഇവര്‍ ലക്ഷ്യമിട്ടത്
അഹമ്മദാബാദ് | ഓണ്‍ലൈനില്‍ റിലേഷന്‍ഷിപ്പ് ഗുരു, ജ്യോതിഷി, പരമ്പരാഗത വിശ്വാസ ചികിത്സകന്‍ എന്നിവര്‍ ചമഞ്ഞ് കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ 60 ലക്ഷത്തിലധികം രൂപ കൊള്ളയടിച്ച അന്തര്‍സംസ്ഥാന സംഘത്തെ അഹമ്മദാബാദ് പോലീസ് പിടികൂടി.സൈബര്‍ വിദഗ്ധര്‍ നടത്തിയ കൃത്യമായ സാങ്കേതിക വിശകലനത്തിനും ഹ്യൂമന്‍ ഇന്റലിജന്‍സ് മാപ്പിംഗിനും ഒടുവിലാണ് രാജസ്ഥാനില്‍ നിന്നുള്ള തട്ടിപ്പ് സംഘം പിടിയിലാകുന്നത്
‘അസ്‌ട്രോളജര്‍ പൂജ കിന്നര്‍ മാ’, ‘ആചാര്യ വികാസ് ശാസ്ത്രി’ തുടങ്ങിയ വ്യാജ ഹാന്‍ഡിലുകള്‍ ഉപയോഗിച്ച് ഇന്‍സ്റ്റാഗ്രാം, ഫേസ്ബുക്ക് തുടങ്ങിയ ജനപ്രിയ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ വ്യാജ പ്രൊഫൈലുകള്‍ സൃഷ്ടിച്ചാണ് സംഘം തട്ടിപ്പ് നടപ്പാക്കിയത്. പ്രണയം, വിവാഹം, കുടുംബ തര്‍ക്കങ്ങള്‍ തുടങ്ങിയ സങ്കീര്‍ണ്ണമായ വ്യക്തിപരമായ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കഴിവുള്ള ആത്മീയ വിദഗ്ധരായി നടിച്ചുകൊണ്ട്, പരിഹാരങ്ങള്‍ക്കായി നെട്ടോട്ടമോടുന്ന നിരാശരായ ആളുകളുടെ വിശ്വാസം ഇവര്‍ പിടിച്ചുപറ്റി. ബന്ധം സ്ഥാപിച്ചുകഴിഞ്ഞാല്‍, വിശുദ്ധ ചടങ്ങുകളും ‘വശീകരണവും’ നടത്താനെന്ന വ്യാജേന ഇരകളെക്കൊണ്ട് വ്യക്തിപരമായ ചിത്രങ്ങള്‍ പങ്കുവെക്കാന്‍ പ്രതികള്‍ പ്രേരിപ്പിക്കും. തുടര്‍ന്ന് ഈ ചിത്രങ്ങള്‍ പരസ്യപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി ബ്ലാക്ക്‌മെയില്‍ ചെയ്യാനും ശ്രമിക്കും.
തുടര്‍ന്ന് ഇരകളുടെ ചിത്രങ്ങളില്‍ കൃത്രിമം കാണിക്കുകയും , ഇത് പരസ്യപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി ഇരകളെ ബ്ലാക്ക്മെയില്‍ ചെയ്യുകയുമായിരുന്നു.
വീഡിയോ കോളുകള്‍ക്കിടയില്‍ പല ഇരകളെയും അപകീര്‍ത്തികരമായ സാഹചര്യങ്ങളില്‍ വരാന്‍ പ്രതികള്‍ നിര്‍ബന്ധിക്കുകയും, ഇതിന്റെ സ്‌ക്രീന്‍ ഷോട്ടുകള്‍ രഹസ്യമായി റെക്കോര്‍ഡ് ചെയ്യുകയും ചെയ്യും. തുടര്‍ന്ന് ഈ അശ്ലീല ദൃശ്യങ്ങള്‍ ഉപയോഗിച്ച് ഭീഷണിപ്പെടുത്തി ഡിജിറ്റല്‍ ഇടപാടുകളിലൂടെ വന്‍തുക തട്ടിയെടുക്കുകയായിരുന്നു ഇവര്‍ ചെയ്തത്.
കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ വിവിധ ബേങ്ക് അക്കൗണ്ടുകളിലായി ഏകദേശം 60 ലക്ഷം രൂപയാണ് പ്രതികളുടെ അക്കൗണ്ടുകളിലെത്തിയത്. സംഘം പിടിയിലാകുന്നതിന്റെ അവസാനത്തെ ഒരു മാസത്തിനിടെ മാത്രം, പ്രതികള്‍ മുന്നൂറോളം മൊബൈല്‍ നമ്പറുകളുമായി ബന്ധപ്പെട്ടിരുന്നു. പ്രാഥമിക അന്വേഷണത്തില്‍ 65 ലധികം ആളുകള്‍ ഈ തട്ടിപ്പിന് ഇരയായതായി കണ്ടെത്തി.
സോഷ്യല്‍ മീഡിയയിലൂടെ പരസ്യം ചെയ്ത് ജ്യോതിഷത്തിലും റിലേഷന്‍ഷിപ്പ് കൗണ്‍സിലിംഗിലും താല്‍പ്പര്യമുള്ള 18-നും 35-നും ഇടയില്‍ പ്രായമുള്ള യുവാക്കളെ പ്രത്യേകം ഫില്‍ട്ടര്‍ ചെയ്താണ് ഇവര്‍ ലക്ഷ്യമിട്ടത്.
തട്ടിപ്പിലെ പ്രധാന പ്രതിയായ രജനീഷ് ഗോവിന്ദ്ലാല്‍ ഭാര്‍ഗവിനെ ബികാനീരില്‍ നിന്ന് പോലീസ് അറസ്റ്റ് ചെയ്തു. തുടര്‍ന്ന് ജയ്പൂരില്‍ നിന്ന് അറസ്റ്റിലായ മറ്റൊരു പ്രതിയായ വികാസ് പോഖ്രാജ് ഭാര്‍ഗവിനെ കൂടുതല്‍ ചോദ്യം ചെയ്യുന്നതിനായി പോലീസ് നാല് ദിവസത്തെ റിമാന്‍ഡില്‍ വാങ്ങി.
ഒളിവില്‍ കഴിയുന്ന മൂന്നാമത്തെ പ്രതി രവി സത്യനാരായണ ഭാര്‍ഗവിനെ കണ്ടെത്താനുള്ള തിരച്ചില്‍ തുടരുകയാണ്.







