From the print
അടുത്ത ഹജ്ജിന് 20 ദിവസത്തെ പാക്കേജ് കൂടി
ഇതാദ്യമായാണ് 20 ദിവസത്തെ ഹജ്ജ് പാക്കേജ് നടപ്പാക്കാൻ കേന്ദ്ര സർക്കാർ തീരുമാനിക്കുന്നത്.

കോഴിക്കോട് | പ്രവാസികൾക്കും പ്രായമായവർക്കും സഹായകമാകുന്ന രീതിയിൽ 20 ദിവസത്തെ ഹജ്ജ് പാക്കേജ് കൂടി നടപ്പാക്കണമെന്ന മുൻ സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ ആവശ്യം കേന്ദ്ര സർക്കാർ അംഗീകരിച്ചു. തിരഞ്ഞെടുക്കപ്പെടുന്ന ഹജ്ജ് പുറപ്പെടൽ കേന്ദ്രങ്ങൾ വഴിയായിരിക്കും അടുത്ത ഹജ്ജ് മുതൽ പാക്കേജ് നടപ്പാക്കുക. നിലവിലുള്ള പാക്കേജിന് പുറമെയാണ് 20 ദിവസമെന്ന പാക്കേജ് കൂടി ഉൾപ്പെടുത്തണമെന്ന് മുൻ ഹജ്ജ് കമ്മിറ്റി ആവശ്യപ്പെട്ടത്. ഇതാദ്യമായാണ് 20 ദിവസത്തെ ഹജ്ജ് പാക്കേജ് നടപ്പാക്കാൻ കേന്ദ്ര സർക്കാർ തീരുമാനിക്കുന്നത്. കേന്ദ്ര ന്യൂനപക്ഷ ക്ഷേമ മന്ത്രി കിരൺ റിജിജു ഇക്കാര്യം വ്യക്തമാക്കി. പുതുതായി പ്രഖ്യാപിക്കുന്ന ഹജ്ജ് നയത്തിൽ ഇതിന്റെ കൂടുതൽ വിശദാംശങ്ങളുണ്ടാകും.
കഴിഞ്ഞ വർഷം ജുലൈ 14ന് മർകസ് നോളജ് സിറ്റിയിൽ കേന്ദ്ര ന്യൂനപക്ഷക്ഷേമ സഹമന്ത്രി ജോർജ് കുര്യനുമായുള്ള കൂടിക്കാഴ്ചയിലാണ് ഈ ആവശ്യം ഉന്നയിച്ച് മുൻ ഹജ്ജ് കമ്മിറ്റി ചെയർമാൻ സി മുഹമ്മദ് ഫൈസി നിവേദനം നൽകിയത്. തുടർന്ന് കേന്ദ്ര ഹജ്ജ് കമ്മിറ്റി യോഗങ്ങളിലും കേന്ദ്ര ഹജ്ജ് കമ്മിറ്റി അംഗം എന്ന നിലയിൽ അദ്ദേഹം ഇക്കാര്യം ആവർത്തിച്ച് ആവശ്യപ്പെട്ടു. ഇതിനെ തുടർന്ന് എല്ലാ വിശദാംശങ്ങളും പരിശോധിച്ച ശേഷമാണ് പ്രവാസികൾക്കുൾപ്പെടെ വളരെ കുറഞ്ഞ സമയത്തിൽ ഹജ്ജ് നിർവഹിക്കാൻ ആഗ്രഹിക്കുന്നവർക്ക് ഏറെ അനുഗ്രഹമാകുന്ന പ്രത്യേക പാക്കേജ് നടപ്പാക്കാൻ കേന്ദ്രം തീരുമാനിച്ചത്. ആരോഗ്യപരമായ ബുദ്ധിമുട്ടുകൾ കാരണം കൂടുതൽ ദിവസം ചെലവഴിക്കാൻ കഴിയാത്തവർക്കും ഈ പാക്കേജ് ഏറെ ഗുണം ചെയ്യും. നിലവിൽ 40-45 ദിവസം വരെയാണ് ഹജ്ജ് യാത്ര.
ഹജ്ജ് യാത്ര ഇത്രയും ദിവസം നീളുന്നത് ചില പ്രവാസി ഹാജിമാർക്ക് ജോലി നഷ്ടപ്പെടുന്ന സാഹചര്യമുണ്ട്. ഈ പശ്ചാത്തലത്തിലായിരുന്നു മുൻ സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ ആവശ്യം. ഓരോ സംസ്ഥാനങ്ങളിലെ ഹാജിമാർക്ക് അതത് സംസ്ഥാനങ്ങളിലെ ഭക്ഷണം നൽകണമെന്ന മുൻ ഹജ്ജ് കമ്മിറ്റിയുടെ ആവശ്യവും കേന്ദ്രം അംഗീകരിച്ചിട്ടുണ്ട്. ഇത് പ്രകാരം കേരളത്തിൽ നിന്നുള്ള ഹാജിമാർക്ക് കേരളീയ ഭക്ഷണം തന്നെ ലഭ്യമാകും. കഴിഞ്ഞ ദിവസം ഡൽഹിയിൽ ചേർന്ന ഹജ്ജ് റിവ്യൂ യോഗത്തിൽ ഇക്കഴിഞ്ഞ ഹജ്ജിന്റെ അവലോകനവും അടുത്ത വർഷത്തെ ഹജ്ജിൽ നടപ്പാക്കേണ്ട കാര്യങ്ങളെ കുറിച്ചുള്ള ചർച്ചയും നടന്നു. കേന്ദ്ര സർക്കാർ കൊണ്ടുവന്ന പരിഷ്‌കാരങ്ങൾ ഹാജിമാർക്ക് ഏറെ ഗുണം ചെയ്തുവെന്നാണ് യോഗത്തിന്റെ വിലയിരുത്തൽ. ഇന്ത്യക്കുള്ള സഊദിയുടെ ഹജ്ജ് ക്വാട്ട ഈ മാസം പ്രഖ്യാപിച്ചേക്കും. അടുത്ത വർഷം ഹജ്ജിന് പോകുന്നവർക്കെല്ലാം കൈയിൽ ധരിക്കാൻ ഹജ്ജ് സുവിധ റിസ്റ്റ് ബാൻഡ് നൽകും. ആരോഗ്യനില നിരീക്ഷിക്കാനും ലൊക്കേഷൻ ട്രാക്ക് ചെയ്യാനും ഉൾപ്പെടെ ഇത് സഹായകമാകും.