Connect with us

National

11 ാം നാള്‍ പ്രഖ്യാപനം; ഡല്‍ഹിക്ക് വനിതാ മുഖ്യമന്ത്രി

പര്‍വ്വേശ് വര്‍മ്മ ഉപമുഖ്യമന്ത്രിയാകും. വിജേന്ദ്ര ഗുപ്ത ആയിരിക്കും സ്പീക്കര്‍.

Published

|

Last Updated

ന്യൂഡല്‍ഹി | ഡല്‍ഹി ഭരിക്കാന്‍ വനിതാ മുഖ്യമന്ത്രി. ബി ജെ പിയില്‍ മുഖ്യമന്ത്രി സ്ഥാന മോഹികള്‍ വര്‍ധിച്ചതോടെ ഒത്തു തീര്‍പ്പ് എന്ന നിലയില്‍ രേഖ ഗുപ്തയെ ബി ജെ പി ഡല്‍ഹി മുഖ്യമന്ത്രിയായി പ്രഖ്യാപിക്കുകയായിരുന്നു. പര്‍വ്വേശ് വര്‍മ്മ ഉപമുഖ്യമന്ത്രിയാകും. വിജേന്ദ്ര ഗുപ്ത ആയിരിക്കും സ്പീക്കര്‍.

ഷാലിമാര്‍ ബാഗ് മണ്ഡലത്തില്‍ 29,595 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ജയിച്ച രേഖ ഗുപ്ത മഹിളാ മോര്‍ച്ച ദേശീയ വൈസ് പ്രസിഡന്റാണ്. 27 വര്‍ഷത്തിന് ശേഷം ഡല്‍ഹിയില്‍ ഭരണം പിടിച്ച ബി ജെ പിമുഖ്യമന്ത്രി പദത്തിലേക്ക് ആരെ നിശ്ചയിക്കുമെന്ന കാര്യത്തില്‍ കടുത്ത അനിശ്ചിതത്വം നിലനില്‍ക്കുകയായിരുന്നു. സുപ്രധാന ചര്‍ച്ചകള്‍ക്കൊടുവില്‍ മുഖ്യമന്ത്രിസ്ഥാന മോഹികളായ പലരേയും ഒതുക്കിയാണ് ഒടുവില്‍ പ്രഖ്യാപനമുണ്ടായത്.

വോട്ടെണ്ണലിനു ശേഷം മുഖ്യമന്ത്രിയെ തീരുമാനിക്കാന്‍ ഒരു ദേശീയ കക്ഷി പതിനൊന്നു ദിവസം എടുത്തു. പര്‍വേഷ് വര്‍മ, വിജേന്ദര്‍ ഗുപ്ത, സതീഷ് ഉപാധ്യായ, ആഷിഷ് സൂദ്, ഷിഖ റോയ്, രേഖ ഗുപ്ത എന്നിവര്‍ വിവിദ സമുദായ സമവാക്യങ്ങള്‍ ഉള്‍പ്പെടെ നിരവധി സമ്മര്‍ദ്ദങ്ങളുമായി പാര്‍ട്ടിയെ സമീപിച്ചിരുന്നു. പാര്‍ട്ടി അച്ചടക്കത്തിന്റെ ശക്തമായ വാള്‍ ഉയര്‍ത്തി അമിത് ഷാ തന്നെ മുഖ്യമന്ത്രി സ്ഥാന മോഹികളുമായി നേരിട്ടു സംസാരിച്ച ശേഷമാണ് രംഗത്തുവന്നവര്‍ ഒതുങ്ങിയതെന്നാണ് റിപ്പോര്‍ട്ട്.

നാളെ രാവിലെ 10 മണിക്കാണ് രാംലീല മൈതാനത്ത് സത്യപ്രതിജ്ഞ ചടങ്ങ് തുടങ്ങുക. പന്ത്രണ്ട് മണിക്ക് ഗവര്‍ണര്‍ ഡല്‍ഹി മുഖ്യമന്ത്രിക്ക് സത്യവാചകം ചൊല്ലി കൊടുക്കും. വികസിത ഡല്‍ഹിയെന്ന മുദ്രാവാക്യമുയര്‍ത്തി ‘വികസിത് ഡല്‍ഹി ശപഥ് സമാരോഹ്’ എന്നാണ് ചടങ്ങിന് പേരിട്ടിരിക്കുന്നത്. 20 സംസ്ഥാനങ്ങളിലെയും എന്‍ ഡി എ മുഖ്യമന്ത്രിമാരെയും ഉപമുഖ്യമന്ത്രിമാരെയും എല്ലാ പ്രധാന നേതാക്കളെയും സെലിബ്രിററികളെയും പങ്കെടുപ്പിച്ച് ചടങ്ങ് ശക്തിപ്രകടനമാക്കാനാണ് ബി ജെ പി തീരുമാനം. ചടങ്ങിലേക്ക് മുന്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെയും കാവല്‍ മുഖ്യമന്ത്രി അതിഷിയെയും ഡല്‍ഹി പിസിസി അധ്യക്ഷന്‍ ദേവേന്ദ്ര യാദവിനെയും ക്ഷണിച്ചിട്ടുണ്ട്.

 

Latest