Connect with us

Kerala

അമീബിക് മസ്തിഷ്‌ക ജ്വരം; അമീബകളിലൊന്നിനെ കണ്ടെത്തി സ്ഥിരീകരിച്ചു, ചികിത്സക്കും ഗവേഷണത്തിനും ഏറെ സഹായകരമെന്ന് മന്ത്രി

അമീബിക് മസ്തിഷ്‌ക ജ്വരത്തിന് കാരണമാകുന്ന അഞ്ച് അമീബകളില്‍ ഒന്നായ 'അക്കാന്തമീബ'യെ ആണ് കണ്ടെത്തി സ്ഥിരീകരിച്ചത്.

Published

|

Last Updated

തിരുവനന്തപുരം | അമീബിക് മസ്തിഷ്‌ക ജ്വരത്തിന് കാരണമാകുന്ന അഞ്ച് അമീബകളില്‍ ഒന്നിനെ കണ്ടെത്തുകയും സ്ഥിരീകരിക്കുകയും ചെയ്തു. സംസ്ഥാനത്ത് സജ്ജമാക്കിയ മോളിക്യുലാര്‍ ലാബിലാണ് ആദ്യത്തെ അമീബയുടെ രോഗ സ്ഥിരീകരണം നടത്തിയതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. അമീബിക് മസ്തിഷ്‌ക ജ്വര പ്രതിരോധം ലക്ഷ്യമിട്ട് സ്റ്റേറ്റ് പബ്ലിക് ഹെല്‍ത്ത് ലാബില്‍ മനുഷ്യരില്‍ മസ്തിഷ്‌ക ജ്വരം ഉണ്ടാക്കുന്ന അഞ്ചുതരം അമീബകളെ കണ്ടെത്താനുള്ള പി സി ആര്‍ ലാബ് സജ്ജീകരിച്ചിരുന്നു. ഇതിലാണ് അക്കാന്തമീബ എന്ന അമീബയെ കണ്ടെത്തിയത്.

സംസ്ഥാനത്തുതന്നെ രോഗ സ്ഥിരീകരണം സാധ്യമായത് ചികിത്സയ്ക്കും ഗവേഷണത്തിനും ഏറെ സഹായകരമാകുമെന്ന് മന്ത്രി പറഞ്ഞു. നേരത്തെ, പി ജി ഐ ചണ്ഡിഗഢിലായിരുന്നു അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചിരുന്നത്. ഈ അസുഖത്തെ പ്രതിരോധിക്കുന്നതില്‍ കേരളം മാതൃകാപരമായ പ്രവര്‍ത്തനങ്ങളാണ് നടത്തി വരുന്നതെന്ന് മന്ത്രി വ്യക്തമാക്കി. ആഗോള തലത്തില്‍ 97 ശതമാനം മരണ നിരക്കുള്ള രോഗമാണിത്. മികച്ച പ്രവര്‍ത്തനങ്ങളിലൂടെ കേരളത്തിലെ മരണ നിരക്ക് 23 ശതമാനമായി കുറയ്ക്കാന്‍ സാധിച്ചു. പ്രതിരോധത്തിനായി സംസ്ഥാനം ഏകാരോഗ്യത്തില്‍ (വണ്‍ ഹെല്‍ത്ത്) അധിഷ്ഠിതമായി ആക്ഷന്‍ പ്ലാന്‍ പുതുക്കിയിരുന്നു.

രോഗപ്രതിരോധം, രോഗനിര്‍ണയം, ചികിത്സ എന്നിവ ക്രമീകരിക്കുന്നതിനുള്ള സമഗ്ര ആക്ഷന്‍ പ്ലാനാണ് തയ്യാറാക്കിയത്. മസ്തിഷ്‌ക ജ്വരം സംശയിക്കുന്ന എല്ലാ രോഗികളിലും അമീബിക് മസ്തിഷ്‌ക ജ്വരം നിര്‍ണയിക്കാനുള്ള പരിശോധന കൂടി നടത്താന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. സ്റ്റേറ്റ് പബ്ലിക് ഹെല്‍ത്ത് ലാബിന് പുറമേ തിരുവനന്തപുരത്തെയും കോഴിക്കോട്ടെയും മെഡിക്കല്‍ കോളജിലേയും മൈക്രോബയോളജി വിഭാഗങ്ങളെ കൂടി അമീബിക് മസ്തിഷ്‌ക ജ്വരത്തിന്റെ രോഗ നിര്‍ണയത്തിനായുള്ള വിദഗ്ധ കേന്ദ്രങ്ങളായി വികസിപ്പിക്കുമെന്നും മന്ത്രി അറിയിച്ചു.

 

---- facebook comment plugin here -----

Latest