Connect with us

local body election 2025

തിരഞ്ഞെടുപ്പ് തിരക്കിനിടെ പാര്‍ട്ടി വിട്ട് കൂട് മാറുന്നവരും വര്‍ധിക്കുന്നു

പെരുവെമ്പ് കോണ്‍ഗ്രസ്സ് പഞ്ചായത്തംഗം ഇടത് സ്വതന്ത്ര സ്ഥാനാര്‍ഥിയായി. ബി ജെ പി ജില്ലാ കമ്മിറ്റി അംഗം കോണ്‍ഗ്രസ്സില്‍ ചേര്‍ന്നു

Published

|

Last Updated

പാലക്കാട് | തദ്ദേശ തിരഞ്ഞെടുപ്പ് തിരക്കിനിടെ പാര്‍ട്ടി വിട്ട് കൂട് മാറുന്നവരും വര്‍ധിക്കുന്നു. പെരുവെമ്പ് പഞ്ചായത്തില്‍ കഴിഞ്ഞ തവണ കോണ്‍ഗ്രസ്സ് സ്ഥാനാര്‍ഥിയായി വിജയിച്ച എം രാജ്കുമാര്‍ ഇത്തവണ ഇടത് സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിക്കാന്‍ തീരുമാനിച്ചു.

കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പില്‍ എട്ടാം വാര്‍ഡില്‍ പാലത്തുള്ളി വാര്‍ഡില്‍ കോണ്‍ഗ്രസ്സ് സ്ഥാനാര്‍ഥിയായി മത്സരിച്ച് വിജയിച്ച എം രാജകുമാര്‍ ഇത്തവണ കഴിഞ്ഞ തവണ കോണ്‍ഗ്രസ്സ് ജയിച്ച ചീരയന്‍കാട് വാര്‍ഡിലാണ് സി പി എം പിന്തുണയോടെ ഇടത് സ്വതന്ത്രനായി മത്സരിക്കുന്നത്.

അഞ്ച് വര്‍ഷക്കാലം പെരുവെമ്പ് കോണ്‍ഗ്രസ്സ് മണ്ഡലം പ്രസിഡന്റ‌്, നാല് വര്‍ഷം യൂത്ത് കോണ്‍ഗ്രസ്സ് ചിറ്റൂര്‍ മണ്ഡലം പ്രസിഡന്റ‌്, തുടര്‍ച്ചയായി 15 വര്‍ഷം പഞ്ചായത്തംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ച രാജകുമാർ കോണ്‍ഗ്രസ്സ് പുനഃസംഘടനാ സമയത്ത് അര്‍ഹതപ്പെട്ട മണ്ഡലം വൈസ് പ്രസിഡന്റ് സ്ഥാനം ലഭിക്കാത്തതിനെ തുടർന്ന് പാര്‍ട്ടിയില്‍ നിന്ന് വിട്ടുനില്‍ക്കുകയായിരുന്നു. അതിനിടെയാണ് തദ്ദേശ തിരഞ്ഞെടുപ്പിൽ സി പി എമ്മുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചത്. കോണ്‍ഗ്രസ്സ് ബന്ധം വിട്ട് സി പി എമ്മുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ച രാജ്കുമാറിനെ സി പി എം ജില്ലാ സെക്രട്ടറി ഇ എന്‍ സുരേഷ് ബാബു ഷാള്‍ അണയിച്ച് സ്വീകരിക്കുകയും ചെയ്തു.

ചിറ്റൂര്‍ മണ്ഡലത്തില്‍ കെ അച്യുതന്‍ എം എല്‍ എയും മകനും ഡി സി സി വൈസ് പ്രസിഡന്റുമായ സുമേഷ് അച്യുതനും ചേര്‍ന്നുള്ള കുടുംബഭരണമാണ് നടക്കുന്നതെന്നും ഇവര്‍ക്കിഷ്ടമുള്ളവരെ മാത്രമാണ് പാര്‍ട്ടി നേതൃത്വത്തില്‍ കൊണ്ട് വരുന്നതെന്നും രാജ്കുമാര്‍ ആരോപിച്ചു.

ഡി സി സി പ്രസിഡന്റ് ഇവരുടെ ഇംഗിതത്തിന് വഴങ്ങിയാണ് പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സംഘടനാ തിരഞ്ഞെടുപ്പ് നടത്താതെ പാര്‍ട്ടിയില്‍ കെ സി വേണുഗോപാല്‍ ഉള്‍പ്പെടെ നടത്തുന്ന തന്നിഷ്ടക്കാരെ പാര്‍ട്ടിതലങ്ങളില്‍ തിരുകി കയറ്റുന്നതാണ് കോണ്‍ഗ്രസ്സിന്റെ നിലവിലെ പ്രതിസന്ധിക്ക് കാരണം. സംഘടനാ തിരഞ്ഞെടുപ്പ് നടത്താതെ തട്ടിക്കൂട്ടി ഉണ്ടാക്കുന്ന സംഘടനാ സംവിധാനമാണ് കോണ്‍ഗ്രസ്സിനുള്ളത്. ഇതാണ് കോണ്‍ഗ്രസ്സിനെ കനത്ത പരാജയത്തിലേക്ക് നയിക്കുന്നത്. പെരുവെമ്പ് പഞ്ചായത്തില്‍ നിന്ന് 500 ഒാളം പ്രവര്‍ത്തകരും ഇടതുമായി സഹകരിച്ച് പ്രവര്‍ത്തിക്കാൻ തീരുമാനിച്ചതായും അദ്ദേഹം അറിയിച്ചു.

പാലക്കാട്  ബി ജെ പിയില്‍ നിന്ന് കോണ്‍ഗ്രസ്സിലേക്ക് വന്ന ബി ജെ പി ജില്ലാ കമ്മിറ്റി അംഗം പി രാധേഷ് കുമാര്‍, ഈസ്റ്റ് മുന്‍ പഞ്ചായത്ത് ജനറല്‍ സെക്രട്ടറി എം ഉണ്ണിക്കുട്ടന്‍, പൊതുപ്രവര്‍ത്തകനായ കെ രാജു എന്നിവര്‍ കോണ്‍ഗ്രസ്സില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചു.

ഡി സി സി ഓഫീസില്‍ നടന്ന ചടങ്ങില്‍ ഡി സി സി പ്രസിഡന്റ് എ തങ്കപ്പന്‍ കോണ്‍ഗ്രസ്സ് മെമ്പര്‍ഷിപ്പ് നല്‍കി സ്വീകരിച്ചു. മുന്‍ എം എല്‍ എ സി പി മുഹമ്മദ്, കെ പി സി സി ജനറല്‍ സെക്രട്ടറി സന്ദീപ് വാര്യര്‍, കെ പി സി സി വൈസ് പ്രസിഡന്റ് രമ്യഹരിദാസ്, ഡി സി സി ജനറല്‍ സെക്രട്ടറി എസ് കെ അനന്തകൃഷ്ണന്‍ സംസാരിച്ചു.

---- facebook comment plugin here -----

Latest