Kerala
അമീബിക് മസ്തിഷ്‌ക ജ്വരം: 11കാരിയ്ക്ക് രോഗമുക്തി; ആശുപത്രി വിട്ടു
കോഴിക്കോട് ജില്ലയില്‍ ഇനി 10 പേരാണ് ചികിത്സയിലുള്ളത്

കോഴിക്കോട്| അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് ചികിത്സയിലായിരുന്ന 11കാരിയ്ക്ക് രോഗമുക്തി. മലപ്പുറം ചേളാരി സ്വദേശിയായ കുട്ടി ഇന്നലെ ആശുപത്രി വിട്ടു. കുട്ടി പൂര്‍ണ ആരോഗ്യം വീണ്ടെടുത്തതായി ആശുപത്രി അധികൃതര്‍ അറിയിച്ചു. ഇനി രോഗം ബാധിച്ച് കോഴിക്കോട് ജില്ലയില്‍ 10 പേരാണ് ചികിത്സയിലുള്ളത്. മാതൃശിശു സംരക്ഷണ കേന്ദ്രത്തില്‍ മൂന്ന് കുട്ടികളും മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ആറുപേരും സ്വകാര്യ ആശുപത്രിയില്‍ ഒരാളുമാണ് ചികിത്സയിലുള്ളത്.
ഇന്നലെ ഒരാള്‍ക്ക് കൂടി അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചിരുന്നു. പാലക്കാട് പട്ടാമ്പി സ്വദേശിയായ 27കാരാനാണ് രോഗം സ്ഥിരീകരിച്ചത്. ഇദ്ദേഹം കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. രണ്ട് മാസം മുന്‍പ് പ്രദേശത്തെ ഒരു നീന്തല്‍ കുളത്തില്‍ കുളിച്ചിരുന്നു. പിന്നാലെ രോഗലക്ഷണങ്ങള്‍ അനുഭവപ്പെട്ടതിനെ തുടര്‍ന്ന് പാലക്കാട്ടെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളജിലും പ്രവേശിപ്പിക്കുകയായിരുന്നു.
പകര്‍ച്ച വ്യാധി അല്ലാതിരുന്നിട്ടും അമീബിക് മസ്തിഷ്‌ക ജ്വരം സംസ്ഥാനത്താകെ വ്യാപിക്കുകയാണെന്ന് ആരോപിച്ച് ഇന്നലെ പ്രതിപക്ഷം നിയമസഭയില്‍ അടിയന്തരപ്രമേയം അവതരിപ്പിച്ചിരുന്നു. സംഭവത്തില്‍ ആരോഗ്യവകുപ്പ് ഇരുട്ടില്‍ തപ്പുകയാണ്, സര്‍ക്കാര്‍ മരണക്കണക്ക് പൂഴ്ത്തിവെക്കുന്നു, ശാസ്ത്രീയമായി മറുപടി പറയാന്‍ സര്‍ക്കാരിന് കഴിയുന്നില്ലെന്നും പ്രതിപക്ഷം കുറ്റപ്പെടുത്തി.
എന്നാല്‍ സംസ്ഥാന സര്‍ക്കാര്‍ സംവിധാനങ്ങളെ അടച്ചാക്ഷേപിക്കാനുള്ള ശ്രമമാണ് പ്രതിപക്ഷം നടത്തുന്നതെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് മറുപടി നല്‍കി. തെറ്റായ പ്രചാരണം ആസൂത്രിതമായി നടത്തുന്നുവെന്നും പ്രതിപക്ഷമാണ് ഇരുട്ടില്‍ തപ്പുന്നതെന്നും മന്ത്രി പറഞ്ഞു. അമീബിക് മസ്തിഷ്‌ക ജ്വരവുമായി ബന്ധപ്പെട്ട് ഗൈഡ്ലൈന്‍ രൂപീകരിച്ച ആദ്യ സംസ്ഥാനമാണ് കേരളം. ടെക്നിക്കല്‍ ഗൈഡ് ലൈന്‍ അടക്കം രൂപീകരിച്ചിട്ടുണ്ടെന്നും വീണാ ജോര്‍ജ് കൂട്ടിച്ചേര്‍ത്തു.