Connect with us

amarnath

അമര്‍നാഥ് മേഘ വിസ്ഫോടനം: മരണം 17 ആയി

കാണാതായ 40 പേര്‍ക്ക് വേണ്ടി സൈന്യത്തിന്റെ നേതൃത്വത്തില്‍ ഊര്‍ജിത തിരച്ചില്‍

Published

|

Last Updated

ശ്രീനഗര്‍ | ജമ്മു കശ്മീരിലെ അമര്‍നാഥില്‍ മേഘ വിസ്ഫോടനത്തെ തുടര്‍ന്നുണ്ടായ പ്രളയത്തില്‍ മരിച്ചവരുടെ എണ്ണം 17  ആയി. 60 പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്‌. കാണാതായ 40 പേര്‍ക്കുവേണ്ടി സൈന്യവും, ഐ ടി ബി പിയും എന്‍ ഡി ആര്‍ എഫും ചേര്‍ന്ന് തിരച്ചില്‍ നടത്തുകയാണ്. അമര്‍നാഥ് ഗുഹാ ക്ഷേത്രത്തിന് ഒന്നര കിലോമീറ്റര്‍ അകലെയുള്ള ഭാഗത്ത് നിന്നാണ് പ്രധാനമായും മൃതദേങ്ങള്‍ കണ്ടെടുത്തത്. ഈ പ്രദേശത്ത് തന്നെയാണ് തിരച്ചില്‍ കേന്ദ്രീകരിക്കുന്നത്. ഇവിടത്തെ 25 ടെന്റുകള്‍ തകര്‍ന്നിട്ടുണ്ട്.

തീര്‍ഥാടകര്‍ക്ക് ഒരുക്കിയ ഭക്ഷണശാലകള്‍ ഒലിച്ചുപോയി. ഗുഹക്കകത്ത് 10,000ത്തിനും 15,000ത്തിനും ഇടയില്‍ ഭക്തരുണ്ടായിരുന്ന സമയത്താണ് സംഭവമുണ്ടായത്. അതിനിടെ അമര്‍നാഥ് യാത്രക്കായി വീണ്ടും തീര്‍ഥാടകര്‍ എത്തിയതായും വിവരമുണ്ട്. അമര്‍നാഥിലേക്കുള്ള ബേസ്‌മെന്റ് ക്യാമ്പിലേക്കാണ് തീര്‍ഥാടകര്‍ എത്തിയിരിക്കുന്നത്.

എന്താണ് മേഘ വിസ്ഫോടനം?

വളരെ ചെറിയ സമയത്തിനുള്ളില്‍, ഒരു ചെറിയ പ്രദേശത്തു പെയ്തിറങ്ങുന്ന അതിശക്തമായ മഴയെയാണ് മേഘസ്ഫോടനം അഥവാ cloudburst എന്നു വിളിക്കുന്നത്. പലപ്പോഴും മിനുട്ടുകള്‍ മാത്രം നീളുന്ന ഈ പ്രതിഭാസം വലിയ വെള്ളപ്പൊക്കത്തിനും നാശനഷ്ടങ്ങള്‍ക്കും ഇടയാക്കാറുണ്ട്. കാറ്റിന്റെയും ഇടിമുഴക്കത്തിന്റെയും അകമ്പടിയോടെ ആരംഭിക്കുന്ന മഴ, പെട്ടെന്നു ശക്തിപ്രാപിക്കുകയും ആ പ്രദേശത്തെയാകെ പ്രളയത്തിലാക്കുകയും ചെയ്യും. പൊതുവേ പറഞ്ഞാല്‍, മണിക്കൂറില്‍ 100 മില്ലീമീറ്ററില്‍ കൂടുതല്‍ മഴ ഒരു സ്ഥലത്തു ലഭിച്ചാല്‍, അതിനെ മേഘവിസ്ഫോടനമെന്നു കരുതാം.

 

 

Latest