Connect with us

National

പാഠപുസ്തകം തുറന്നു വച്ച് പരീക്ഷ: പുതിയ പരീക്ഷാ രീതിക്ക് സി ബി എസ് ഇ അംഗീകാരം നല്‍കിയതായി റിപ്പോര്‍ട്ട്

കുട്ടികള്‍ മനഃപാഠമാക്കുന്ന പ്രവണത കുറച്ച് ആശയങ്ങള്‍ മനസ്സിലാക്കി ജീവിത സാഹചര്യങ്ങളില്‍ പ്രയോഗിക്കുക എന്ന ലക്ഷ്യത്തോടെ പഠന സംവിധാനം രൂപകല്‍പ്പന ചെയ്യാന്‍ ലക്ഷ്യമിടുകയാണ്

Published

|

Last Updated

ന്യൂഡല്‍ഹി | പാഠപുസ്തകം തുറന്നു വച്ച് പരീക്ഷ എഴുതാന്‍ കഴിയുന്ന വിധത്തില്‍ ഓപ്പണ്‍ ബുക്ക് പരീക്ഷയ്ക്ക് സി ബി എസ് ഇ അംഗീകാരം നല്‍കിയതായി റിപ്പോര്‍ട്ട്. 2026-27 അധ്യയന വര്‍ഷം മുതല്‍ ഒന്‍പതാം ക്ലാസ്സില്‍ ഈ രീതി പ്രാബല്യത്തില്‍ വരുമെന്ന് സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് സെക്കന്‍ഡറി എജ്യുക്കേഷന്‍ (സിബിഎസ്ഇ) തീരുമാനിച്ചതായി ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു.

കുട്ടികള്‍ മനഃപാഠമാക്കുന്ന പ്രവണത കുറച്ച് ആശയങ്ങള്‍ മനസ്സിലാക്കി ജീവിത സാഹചര്യങ്ങളില്‍ പ്രയോഗിക്കുക എന്ന ലക്ഷ്യത്തോടെ പഠന സംവിധാനം രൂപകല്‍പ്പന ചെയ്യാന്‍ ലക്ഷ്യമിടുന്ന നാഷണല്‍ കരിക്കുലം ഫ്രെയിംവര്‍ക്ക് ഫോര്‍ സ്‌കൂള്‍ എഡ്യൂക്കേഷന്‍ 2023, ദേശീയ വിദ്യഭ്യാസ നയം 2020 എന്നിവ പ്രകാരം മാണേ പുതിയ പരീക്ഷാ രീതി നടപ്പാക്കുന്നത്.

ഭാഷ, ഗണിതം, ശാസ്ത്രം, സാമൂഹിക ശാസ്ത്രം തുടങ്ങിയ പ്രധാന വിഷയങ്ങള്‍ക്ക് ഓപ്പണ്‍ ബുക്ക് പരീക്ഷ അനുവദിക്കും. വിമര്‍ശനാത്മക ചിന്ത വളര്‍ത്താനും ആശയങ്ങള്‍ യഥാര്‍ഥ ലോകത്ത് പ്രയോഗിക്കാനുള്ള കഴിവ് പ്രോത്സാഹിപ്പിക്കാനും വിദ്യാര്‍ഥികളില്‍ പരീക്ഷാ സംബന്ധമായ സമ്മര്‍ദം ലഘൂകരിക്കാനുമാണിത്. 2023ല്‍ സി ബി എസ് ഇ പാഠ്യപദ്ധതി സമിതി ഈ ആശയം ആദ്യമായി വിലയിരുത്തിയിരുന്നു. ഇതിന്റെ പ്രായോഗികത വിലയിരുത്തുന്നതിനായി ബോര്‍ഡ് തെരഞ്ഞെടുത്ത സ്‌കൂളുകളില്‍ പൈലറ്റ് പ്രോജക്റ്റ് നടത്തി. 9, 10 ക്ലാസ്സുകളില്‍ ഇംഗ്ലീഷ്, ഗണിതം, ശാസ്ത്രം എന്നീ വിഷയങ്ങളിലും, 11, 12 ക്ലാസ്സുകളില്‍ ഇംഗ്ലീഷ്, ഗണിതം, ബയോളജി എന്നീ വിഷയങ്ങളിലുമാണ് പരീക്ഷിച്ചത്.

പല വിദ്യാര്‍ഥികള്‍ക്കും റെഫറന്‍സ് മെറ്റീരിയലുകള്‍ ഫലപ്രദമായി ഉപയോഗിക്കാനും വിവിധ വിഷയങ്ങളെ ബന്ധിപ്പിക്കുന്ന ആശയങ്ങള്‍ മനസ്സിലാക്കാനും കഴിഞ്ഞില്ല. എങ്കിലും ചിന്താശേഷി വര്‍ധിപ്പിക്കുന്നതിനുള്ള ഈ സംവിധാനത്തിന്റെ സാധ്യതകള്‍ അധ്യാപകര്‍ മുന്നില്‍ക്കണ്ടു.

സുഗമമായ നടത്തിപ്പിന് സിബിഎസ്ഇ ഓപ്പണ്‍-ബുക്ക് പരീക്ഷകള്‍ക്കായി വിശദമായ ചട്ടക്കൂട്, മാര്‍ഗനിര്‍ദേശങ്ങള്‍, മാതൃകാ ചോദ്യപേപ്പറുകള്‍ എന്നിവ നല്‍കും. തുടക്കത്തില്‍, ഈ മൂല്യനിര്‍ണയം എല്ലാ സ്‌കൂളുകള്‍ക്കും നിര്‍ബന്ധമാക്കാന്‍ സാധ്യതയില്ല, സ്‌കൂളുകള്‍ക്ക് തീരുമാനിക്കാനുള്ള സ്വാതന്ത്യം നല്‍കും. 2014-15 ലും 2016-17 ലും ഇടയില്‍ 9, 11 ക്ലാസ്സുകള്‍ക്കായി ഓപ്പണ്‍ ടെക്സ്റ്റ് പരീക്ഷ നടത്തിയിരുന്നു. എന്നാല്‍ വിദ്യാര്‍ഥികളില്‍ നിന്നും അധ്യാപകരില്‍ നിന്നും സമ്മിശ്ര പ്രതികരണങ്ങള്‍ ലഭിച്ചതിനെ തുടര്‍ന്ന് ഇത് പിന്നീട് നിര്‍ത്തലാക്കുകയായിരുന്നു.

 

Latest