Connect with us

Kerala

ഓൺലൈനിൽ സ്റ്റാറായി ബദാം ഇല

ഉണങ്ങിയ 50 ബദാം ഇലക്ക് 170 മുതൽ 300 വരേയാണ് പ്രമുഖ ഓൺലൈൻ സൈറ്റുകളിൽ വില. മഷിത്തണ്ട്, കരിയില, ചകിരി, ചിരട്ട, ചക്കക്കുരു, ചാണക വരളി, പുളിങ്കുരു എന്നിവക്കും വൻ ഡിമാൻഡ്

Published

|

Last Updated

കോഴിക്കോട് | നാട്ടിലും റോഡിലും ഓഫ് ലൈനായിരുന്നപ്പോൾ പുല്ലുവില, ഓൺലൈനായപ്പോൾ മിന്നും വിലയും. പറഞ്ഞു വരുന്നത് ബദാം ഇലയുടെ കാര്യമാണ്. ഓൺലൈൻ സൈറ്റുകളിലാണ് ബദാം ഇലയുടെ കച്ചവടം പൊടിപൊടിക്കുന്നത്. ഉണങ്ങിയ 50 ഇലകൾക്ക് 170 മുതൽ 300 വരേയാണ് പ്രമുഖ ഓൺലൈൻ സൈറ്റുകളിൽ വില.

അലങ്കാര മത്സ്യകൃഷിക്ക് ഉപയോഗിക്കാൻ തുടങ്ങിയതോടെയാണ് ബദാം ഇലക്ക് പ്രിയമേറിയത്. കൊവിഡ് കാലത്ത് മത്സ്യകൃഷി വ്യാപകമായ ശേഷമാണ് ഇലകൾക്ക് ഡിമാൻഡ് കൂടിയത്. ഇവയുടെ ഉണങ്ങിയ ഇല അക്വേറിയത്തിലെ വെള്ളത്തിൻ്റെ പി എച്ച് നിയന്ത്രിച്ച് മത്സ്യങ്ങൾക്ക് മികച്ച ആവാസ വ്യവസ്ഥ ഒരുക്കാൻ ഉപയോഗിച്ച് വരുന്നതായും മീനുകളിൽ കാണുന്ന പൂപ്പൽ പോലുള്ള രോഗത്തെ പ്രതിരോധിക്കുമെന്നും പറയപ്പെടുന്നു. ഇതോടെ ആമസോൺ, ഫ്‌ലിപ് കാർട്ട്, സ്‌നാപ്ഡീൽ എന്നീ ഓൺലൈൻ വ്യാപാര സൈറ്റുകളിൽ വൻ വിൽപനയാണ് നടക്കുന്നത്.

ബദാമിലക്ക് പുറമെ മഷിത്തണ്ട്, കരിയില, ചകിരി, ചിരട്ട, ചക്കക്കുരു, ചാണക വരളി തുടങ്ങി പുളിങ്കുരുവിനു പോലും ഓൺലൈനിൽ ആവശ്യക്കാർ ഏറെയാണ്.
ചകിരിക്ക് 100 മുതൽ 430 വരെയും ചിരട്ടക്ക് 100 മുതലും പോളിഷ് ചെയ്‌തെടുത്ത ചിരട്ടക്ക് 400ന് മുകളിലുമാണ് വില. ചക്കക്കുരുവിന് 130 രൂപയുമാണ് വില. പണ്ട് സ്ലേറ്റിലെ ആക്ഷരങ്ങൾ മായ്ക്കാനായി ഉപയോഗിച്ചിരുന്ന മഷിത്തണ്ടിന് ആമസോണിൽ 299 രൂപ മുതൽ 537 രൂപ വരെയാണ് വില. ഈ സസ്യത്തിൻ്റെ ശാസ്ത്രീയ നാമം ‘പേപ്പറൊമിയ പെലുസിഡ’ എന്നാണ്. മഷിത്തണ്ടിന് ഔഷധഗുണങ്ങൾ ഏറെയുണ്ടെന്നാണ് ആമസോണിൽ ചെടിയെ കുറിച്ചുള്ള വിശദീകരണം.

ഉദര സംബന്ധിയായ വേദനകൾക്കും തലവേദന, സന്ധിവേദന തുടങ്ങിയവക്കും വേദനാസംഹാരിയായി മഷിത്തണ്ട് ഉപയോഗിക്കാമെന്നും ഇതിൽ പറയുന്നു. തോരൻ, സാലഡ് തുടങ്ങിയവയിൽ ഭക്ഷണത്തിനായും മഷിത്തണ്ട് ഉപയോഗിക്കാറുണ്ട്. ഇവക്ക് പുറമെ മതിൽ പച്ച, പന്നൽച്ചെടി, മുക്കുറ്റി തുടങ്ങിയവയും ഓൺലൈൻ സൈറ്റിൽ ലഭ്യമാണ്. വീട്ടിൽ പൊടിപിടിച്ചു കിടക്കുന്ന സാധനങ്ങളെ വരെ വൈകാതെ ഓൺലൈൻ സൈറ്റുകളിൽ കാണാൻ സാധിക്കുമെന്നു കരുതാം.

Latest