Kerala
തൃശൂര്‍ പൂരത്തിനിടെ ആന വിരണ്ടോടിയത് ലേസര്‍ ആക്രമണം മൂലമെന്ന് ആരോപണം
എഴുന്നള്ളിപ്പില്‍ ആനകളെ ഉപയോഗിക്കുന്നതിന് എതിരെ നില്‍ക്കുന്ന സംഘടനകളുടെ പങ്ക് അന്വേഷിക്കണമെന്ന് പാറമേക്കാവ്

തൃശൂര്‍ | തൃശൂര്‍ പൂരം എഴുന്നള്ളിപ്പിനെത്തിച്ച ആന വിരണ്ടോടിയത് ലേസര്‍ ആക്രമണം മൂലമെന്ന് പാറമേക്കാവ് ദേവസ്വം. എഴുന്നള്ളിപ്പില്‍ ആനകളെ ഉപയോഗിക്കുന്നതിന് എതിരെ നില്‍ക്കുന്ന സംഘടനകളുടെ പങ്ക് അന്വേഷിക്കണം. തൃശൂര്‍ പൂരത്തിനിടെ ആനകളുടെ കണ്ണിലേയ്ക്ക് ലേസര്‍ അടിച്ചു. ഇതാണ് ആന ഓടാന്‍ കാരണമെന്നും ദേവസ്വം പറഞ്ഞു. ലേസര്‍ ഉപയോഗിച്ചവരുടെ റീലുകള്‍ നവമാധ്യമങ്ങളില്‍ ഉണ്ടെന്നും ഇത്തരം റീലുകള്‍ സഹിതം പരാതി നല്‍കുമെന്നും പാറമേക്കാവ് ദേവസ്വം പറഞ്ഞു.
രാമന്‍ എന്ന ആനയാണ് പൂരത്തിനിടെ പാണ്ടി സമൂഹം മഠം എം ജി റോഡിലേക്കുള്ള വഴിയിലൂടെ വിരണ്ടോടിയത്. പുലര്‍ച്ചെ രണ്ട് മണിയോടെയായിരുന്നു സംഭവം. ഇതിനിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ടാണ് ആളുകള്‍ക്ക് പരിക്കേറ്റത്.
ആന വിരണ്ടോടിയ സംഭവത്തില്‍ 42 പേര്‍ക്ക് പരിക്കേറ്റിരുന്നു.പൂരപറമ്പില്‍ ലേസറുകള്‍ നിരോധിക്കണമെന്ന് പാറമേക്കാവ് ദേവസ്വം ഭാരവാഹികള്‍ ആവശ്യപ്പെട്ടു. എലിഫന്റ് സ്‌ക്വാഡ് എത്തിയാണ് ആനയെ നിയന്ത്രണ വിധേയമാക്കിയത്. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.