Connect with us

Kerala

പാലക്കാട് ജില്ലാശുപത്രിയില്‍ ചികിത്സാ പിഴവെന്ന് ആരോപണം; ഒമ്പത് വയസ്സുകാരിയുടെ കൈ മുറിച്ചുമാറ്റി

പല്ലശ്ശന സ്വദേശി വിനോദിനിയുടെ കൈയാണ് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വച്ച് മുറിക്കേണ്ടി വന്നത്. അധികൃതര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് രക്ഷിതാക്കള്‍.

Published

|

Last Updated

പാലക്കാട് | ജില്ലാശുപത്രിയില്‍ ചികിത്സാ പിഴവിനെ തുടര്‍ന്ന് ഒമ്പത് വയസ്സുകാരിയുടെ കൈ മുറിച്ചുമാറ്റിയതായി പരാതി. പല്ലശ്ശന സ്വദേശി വിനോദിനിയുടെ കൈയാണ് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വച്ച് മുറിക്കേണ്ടി വന്നത്.

കഴിഞ്ഞ മാസം 24നാണ് പെണ്‍കുട്ടി വീടിന്റെ മുറ്റത്ത് വീണതിനെ തുടര്‍ന്ന് വലത് കൈയിന് പരുക്കേറ്റത്. ആദ്യം ചിറ്റൂര്‍ താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ച കുട്ടിയം വിദഗിധ ചികിത്സക്കായി പാലക്കാട് ജില്ലാശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ജില്ലാശുപത്രിയില്‍ എക്സേറെ എടുത്ത ശേഷം പ്ലാസ്റ്ററിട്ട് വിട്ടയച്ചു. തുടര്‍ന്ന് വേദന അസഹ്യമായതോടെ വീണ്ടും ജില്ലാശുപത്രിയിലെത്തിക്കുകയായിരുന്നു. കുട്ടിയുടെ കൈയിന് നിറമാറ്റവും സംഭവിച്ചിരുന്നു.

ജില്ലാശുപത്രിയില്‍ നടത്തിയ പരിശോധനയില്‍ രക്തക്കുഴലിന് പൊട്ടല്‍ കണ്ടെത്തുകയും കോഴിക്കോട് മെഡിക്കല്‍ കോളജാശുപത്രിയിലേക്ക് അയക്കുകയും ചെയ്തതായാണ് മാതാപിതാക്കള്‍ പറയുന്നത്. എന്നാല്‍ അവിടെ എത്തുമ്പോഴേക്കും കുട്ടിയുടെ നില ഗുരുതരമാകുകയും കൈ മുറിച്ച് മാറ്റുകയുമായിരുന്നുവെന്നാണ് വീട്ടുകാരുടെ പരാതി. ജില്ലാശുപത്രിയിലെ ചികിത്സാ പിഴവാണ് കുട്ടിയുടെ കൈ മുറിച്ചുമാറ്റാനിടയാക്കിയതെന്നും അധികൃതര്‍ക്കെതിരെ നടപടിയെടുക്കണമെന്നും രക്ഷിതാക്കള്‍ ആവശ്യപ്പെട്ടു. എന്നാല്‍, പരിശോധനയില്‍ പിഴവ് സംഭവിച്ചിട്ടില്ലെന്നും വിശദമായ അന്വേഷണം നടത്തിയാല്‍ മാത്രമേ ഇത് സംബന്ധിച്ച് വ്യക്തമായി പ്രതികരിക്കാനാവൂ എന്നുമാണ് ജില്ലാശുപത്രി അധികൃതരുടെ വാദം.

 

---- facebook comment plugin here -----

Latest