Connect with us

National

വന്‍തോതില്‍ കഞ്ചാവുമായി എന്‍ എസ് ജി മുന്‍ കമാന്‍ഡോ അറസ്റ്റില്‍; പിടിച്ചെടുത്തത് 200 കിലോ

കഴിഞ്ഞ ദിവസം ചുരുവില്‍ നിന്നാണ് ബജ്‌രങ് സിങിനെ അറസ്റ്റ് ചെയ്തത്. 26/11ലെ മുംബൈ ഭീകരാക്രമണ സമയത്ത് സൈനിക നടപടിയില്‍ പങ്കെടുത്തയാളാണ് ബജ്‌രങ് സിങ്.

Published

|

Last Updated

ജയ്പുര്‍ | ദേശീയ സുരക്ഷാ ഗാര്‍ഡ് (എന്‍ എസ് ജി) മുന്‍ കമാന്‍ഡോയില്‍ നിന്ന് വന്‍തോതില്‍ കഞ്ചാവ് പിടിച്ചെടുത്ത് രാജസ്ഥാന്‍ പോലീസ്. 200 കിലോ കഞ്ചാവാണ് കമാന്‍ഡോ ബജ്‌രങ് സിങില്‍ നിന്ന് പിടികൂടിയത്. കഴിഞ്ഞ ദിവസം ചുരുവില്‍ നിന്നാണ് ഇയാളെ കഞ്ചാവ് സഹിതം അറസ്റ്റ് ചെയ്തതെന്ന് പോലീസ് അറിയിച്ചു. 26/11ലെ മുംബൈ ഭീകരാക്രമണ സമയത്ത് സൈനിക നടപടിയില്‍ പങ്കെടുത്തയാളാണ് ബജ്‌രങ് സിങ്.

കഞ്ചാവ് കടത്തുസംഘത്തിന്റെ തലവനാണ് സികാര്‍ ജില്ലാ സ്വദേശിയായ ബജ്രങ് എന്ന് പോലീസ് ഐ ജി. വികാസ് കുമാര്‍ പറഞ്ഞു. തെലങ്കാന, ഒഡീഷ എന്നിവിടങ്ങളില്‍ നിന്ന് ഇയാള്‍ രാജസ്ഥാനിലേക്ക് കഞ്ചാവ് കടത്തിയിരുന്നു. പ്രതിയെ പിടികൂടാന്‍ സഹായിക്കുന്നവര്‍ക്ക് 25,000 രൂപയുടെ പാരിതോഷികവും പോലീസ് പ്രഖ്യാപിച്ചിരുന്നു. ‘ഓപറേഷന്‍ ഗംജനേ’ എന്ന പേരില്‍ ആവിഷ്‌കരിച്ച പദ്ധതിയുടെ ഭാഗമായി രണ്ടുമാസം കഠിനപ്രയത്‌നം നടത്തിയാണ് ബജ്‌രങിനെ പിടികൂടിയത്. രാജസ്ഥാനിലെ തീവ്രവാദ വിരുദ്ധ സ്‌ക്വാഡും ആന്റി നര്‍ക്കോട്ടിക്സ് ടാസ്‌ക് ഫോഴ്സും ചേര്‍ന്നാണ് പ്രതിയെ വലയിലാക്കിയത്.

ബി എസ് എഫില്‍ നിന്നാണ് ബജ്രങ് എന്‍ എസ് ജി യില്‍ എത്തിയത്. ഏഴുവര്‍ഷത്തോളമാണ് എന്‍ എസ് ജി കമാന്‍ഡോയായി സേവനമനുഷ്ഠിച്ചത്. ബി എസ് എ ഫ് കോണ്‍സ്റ്റബിളായി പഞ്ചാബ്, അസം, രാജസ്ഥാന്‍, ഒഡീഷ, പശ്ചിമ ബംഗാള്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍ ജോലി ചെയ്തിരുന്നു.

Latest