Connect with us

National

വാട്‌സാപ്പില്‍ സ്വകാര്യ സംഭാഷണങ്ങള്‍ സുരക്ഷിതമല്ലെന്ന് ആരോപണം; അന്വേഷിക്കുമെന്ന് സര്‍ക്കാര്‍

വിഷയം ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്നും അടിയന്തര അന്വേഷണം നടത്തുമെന്നും കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖര്‍.

Published

|

Last Updated

ന്യൂഡല്‍ഹി | വാട്‌സാപ്പ് വഴി ഉപയോക്താക്കള്‍ നടത്തുന്ന സ്വകാര്യ സംഭാഷണങ്ങള്‍ സുരക്ഷിതമല്ലെന്ന ആരോപണവുമായി ട്വിറ്റര്‍ സി ഇ ഒ. ഇലോണ്‍ മസ്‌ക്. ഒരു ട്വിറ്റര്‍ എന്‍ജിനീയറുടെ ട്വീറ്റ് പങ്കുവച്ചു കൊണ്ടാണ് മസ്‌ക് ഇക്കാര്യം പറഞ്ഞത്. ട്വീറ്റില്‍ ഉന്നയിക്കപ്പെട്ട വിഷയം സര്‍ക്കാരിന്റെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്നും അടിയന്തര അന്വേഷണം നടത്തുമെന്നും കേന്ദ്ര നൈപുണ്യ വികസന-സംരംഭകത്വ വകുപ്പു മന്ത്രി രാജീവ് ചന്ദ്രശേഖര്‍ വ്യക്തമാക്കി. സ്വകാര്യതയുടെ ലംഘനമാണ് ഇതെന്നതിനാല്‍ തന്നെ അംഗീകരിക്കാന്‍ കഴിയില്ലെന്ന് എന്‍ജിനീയര്‍ ഫുവാദ് ദാബിരിയുടെ ട്വീറ്റ് ഉദ്ധരിച്ചുകൊണ്ട് മന്ത്രി പറഞ്ഞു. ട്വീറ്റ് ഇതിനോടകം വൈറലായിട്ടുണ്ട്.

താന്‍ ഉറങ്ങുകയായിരുന്ന സമയത്തുപോലും തന്റെ പിക്‌സല്‍ ഫോണിന്റെ പിന്‍ഭാഗത്തുള്ള മൈക്രോഫോണ്‍ വാട്‌സാപ്പ് ഉപയോഗിക്കുന്നതായി ദാബിരി പറയുന്നു. രാവിലെ ആറിന് എഴുന്നേറ്റ ശേഷം നോക്കിയപ്പോഴാണ് ഇക്കാര്യം തിരിച്ചറിഞ്ഞതെന്നും അദ്ദേഹം വ്യക്തമാക്കി. തന്റെ പിക്‌സല്‍ 7pro ഫോണിലാണ് ഇത് സംഭവിച്ചിരിക്കുന്നതെന്ന് പറഞ്ഞ ദാബിരി എന്താണിവിടെ നടക്കുന്നതെന്ന ചോദ്യമുയര്‍ത്തി.

സംഗതി വൈറലായതോടെ അങ്ങനെ സംഭവിച്ചതായി വാട്‌സാപ്പ് അംഗീകരിച്ചു. എന്നാല്‍, ഇതിന്റെ പൂര്‍ണ ഉത്തരവാദി ആന്‍ഡ്രോയിഡ് ആണെന്ന വാദമാണ് ലവാട്‌സാപ്പ് ഉയര്‍ത്തുന്നത്. വാട്‌സാപ്പില്‍ സന്ദേശങ്ങളും കോളുകളുമെല്ലാം എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്റ്റഡ് ആയതിനാല്‍ മറ്റാര്‍ക്കും അത് കേള്‍ക്കാനോ വായിക്കാനോ കഴിയില്ലെന്നും കമ്പനി വാദിക്കുന്നു.

കഴിഞ്ഞ 24 മണിക്കൂറായി തങ്ങള്‍ ആരോപണം ഉന്നയിച്ച വ്യക്തിയുമായി ബന്ധപ്പെട്ടു കൊണ്ടിരിക്കുകയാണ്. ഇത് ആന്‍ഡ്രോയിഡിന്റെ ഭാഗത്ത് നിന്ന് വന്ന പ്രശ്‌നമാണെന്നാണ് മനസിലാക്കുന്നത്. പ്രശ്‌നം അടിയന്തരമായി അന്വേഷിക്കാനും പരിഹരിക്കാനും ഗൂഗിളിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും വാട്‌സാപ്പ് ഔദ്യോഗിക പ്രസ്താവനയില്‍ അറിയിച്ചു. മൈക്ക് സെറ്റിങ്‌സില്‍ ഉപയോക്താക്കള്‍ക്ക് പൂര്‍ണ നിയന്ത്രണമുണ്ടെന്നും വാട്‌സാപ്പ് വ്യക്തമാക്കി. മൈക്ക് ഉപയോഗിക്കുന്നതിന് വാട്‌സാപ്പിനെ അനുവദിക്കാനോ അനുവദിക്കാതിരിക്കാനോ ഉപയോക്താവിന് കഴിയും. വാട്‌സാപ്പില്‍ സന്ദേശങ്ങളും കോളുകളുമെല്ലാം എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്റ്റഡ് ആയതിനാല്‍ വാട്‌സാപ്പിന് ഇതൊന്നും കാണാനോ കേള്‍ക്കാനോ സാധിക്കില്ലെന്നും കമ്പനി പറഞ്ഞു. ഉപയോക്താക്കളുടെ സ്വകാര്യത സംരക്ഷിക്കുന്നതില്‍ തങ്ങള്‍ പ്രതിജ്ഞാബദ്ധരാണെന്നും മെറ്റാ പബ്ലിക് പോളിസി ഇന്ത്യ യറക്ടര്‍ ശിവനാഥ് തുക്രാല്‍ പറഞ്ഞു.

 

Latest