Kerala
പേഴ്‌സണല്‍ സ്റ്റാഫ് അംഗം കൈക്കൂലി വാങ്ങിയെന്ന പരാതി; സമഗ്രാന്വേഷണം നടത്തുമെന്ന് ആരോഗ്യ മന്ത്രി
'സെപ്തംബര്‍ 13 ന് ഇതുസംബന്ധിച്ച പരാതി ലഭിച്ചിരുന്നു. തുടര്‍ന്ന് അഖില്‍ മാത്യുവിനോട് വിശദീകരണം തേടി. തനിക്ക് ഇതുമായി ബന്ധമില്ലെന്നാണ് അഖില്‍ പറഞ്ഞത്.'

തിരുവനന്തപുരം | തന്റെ പേഴ്‌സണല്‍ സ്റ്റാഫ് അംഗം അഖില്‍ മാത്യു കൈക്കൂലി വാങ്ങി പിന്‍വാതില്‍ നിയമനം നടത്തിയെന്ന ആരോപണത്തോട് പ്രതികരിച്ച് സംസ്ഥാന ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. സെപ്തംബര്‍ 13 ന് ഇതുസംബന്ധിച്ച പരാതി ലഭിച്ചിരുന്നുവെന്നും അഖില്‍ മാത്യുവിനോട് വിശദീകരണം തേടിയെന്നും മന്ത്രി വ്യക്തമാക്കി. തനിക്ക് ഇതുമായി യാതൊരു ബന്ധവുമില്ലെന്നും ആരോപണം അടിസ്ഥാന രഹിതമാണെന്നും അഖില്‍ പറഞ്ഞു. പരാതി നല്‍കിയ മലപ്പുറം സ്വദേശിയെ അറിയില്ലെന്നും അഖില്‍ പറഞ്ഞിട്ടുണ്ട്.
താത്ക്കാലിക നിയമനവുമായി ബന്ധപ്പെട്ട് തന്റെ ഓഫീസില്‍ നിന്ന് മെയില്‍ അയച്ചുവെന്നാണ് പറയുന്നത്. താത്ക്കാലിക നിയമനത്തിന് മന്ത്രിയുടെ ഓഫീസില്‍ നിന്ന് മെയില്‍ അയക്കാറില്ല. ആയുഷ് മിഷന്‍ മെയില്‍ പുറത്തുവന്നത് എങ്ങനെയെന്ന് പരിശോധിക്കേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു. വിഷയത്തില്‍ പരാതി പോലീസിന് കൈമാറിയിട്ടുണ്ട്. സെപ്തംബര്‍ 20 ന് മുഖ്യമന്ത്രിയുടെ ഓഫീസിനെയും പരാതി അറിയിച്ചുവെന്നും വീണാ ജോര്‍ജ് വ്യക്തമാക്കി.
വിവാദത്തില്‍ സമഗ്രമായ അന്വേഷണം ആവശ്യമാണ്. അഖില്‍ മാത്യുവിനു മേല്‍ ചെയ്യാത്ത കുറ്റം അടിച്ചേല്‍പ്പിക്കാന്‍ ശ്രമിച്ചിട്ടുണ്ടെങ്കില്‍ അതുള്‍പ്പെടെ അന്വേഷിക്കാന്‍ പോലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. അഖില്‍ തന്റെ ബന്ധുവാണെന്ന ആരോപണവും മന്ത്രി നിഷേധിച്ചു. തന്റെ ഓഫീസ് ആരും ദുരുപയോഗം ചെയ്തിട്ടില്ല.
പോലീസ് അഖിലിന്റെ മൊഴിയെടുത്തു
മെഡിക്കല്‍ ഓഫീസര്‍ നിയമനത്തിന് അഖില്‍ മാത്യു പണം വാങ്ങിയെന്നാണ് മലപ്പുറം സ്വദേശിയുടെ പരാതി. ഏപ്രില്‍ 10ന് അഖില്‍ മാത്യുവിന് ഒരുലക്ഷം കൈമാറിയെന്നാണ് ആരോപണം. കന്റോണ്‍മെന്റ് പോലീസ് അഖില്‍ മാത്യുവിന്റെ മൊഴി എടുത്തുകൊണ്ടിരിക്കുകയാണ്. ഏപ്രില്‍ 25നകം നിയമനമുണ്ടാകുമെന്നാണ് പുറത്തുവന്ന മെയിലില്‍ പറഞ്ഞിരിക്കുന്നത്.
അതിനിടെ, ആരോഗ്യ മന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫ് അംഗത്തിനെതിരായ പരാതി ഗൗരവതരമാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പ്രതികരിച്ചു. സര്‍ക്കാര്‍ വകുപ്പുകള്‍ അഴിമതിയുടെ കൂത്തരങ്ങായി മാറിയിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.