National
യുപിയിലെ 180 വർഷം പഴക്കമുള്ള ഫത്തേപൂർ മസ്ജിദ് പൊളിക്കുന്നത് അലഹബാദ് ഹൈക്കോടതി തടഞ്ഞു
നൂറി ജമാ മസ്ജിദിൻ്റെ ഒരു ഭാഗം കൈയ്യേറ്റം ആരോപിച്ച് 2024 ഡിസംബറിൽ ബുൾഡോസർ ഉപയോഗിച്ച് പൊളിച്ചു നീക്കിയിരുന്നു.
ലഖ്‌നൗ | ഉത്തർപ്രദേശിലെ ഫത്തേപൂർ ജില്ലയിലെ മസ്ജിദ് പൊളിക്കുന്നത് അലഹബാദ് ഹൈക്കോടതി താൽക്കാലികമായി തടഞ്ഞു. ഫത്തേപൂർ ജില്ലയിലെ 180 വർഷം പഴക്കമുള്ള നൂറി മസ്ജിദ് പൊളിക്കുന്നതാണ് തടഞ്ഞത്. നൂറി ജമാ മസ്ജിദിന്റെ മാനേജിങ് കമ്മിറ്റി സമർപ്പിച്ച ഹർജിയിൽ ജസ്റ്റിസ് അതുൽ ശ്രീധരൻ, ജസ്റ്റിസ് അരുൺ കുമാർ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്. പള്ളി പൊളിച്ചു നീക്കാനുള്ള നോട്ടീസ് ലഭിച്ചെന്നും, പള്ളിയുടെ ഒരു ഭാഗം ഇതിനോടകം പൊളിച്ചു കഴിഞ്ഞെന്നും ഹർജിക്കാർ കോടതിയെ അറിയിച്ചു.
അടുത്ത തവണ കേസ് പരിഗണിക്കുന്നതുവരെ കൂടുതൽ പൊളിക്കൽ നടപടികൾ ഉണ്ടാകില്ലെന്ന് സംസ്ഥാന കൗൺസൽ കോടതിക്ക് ഉറപ്പ് നൽകി. ഇത് രേഖപ്പെടുത്തിയ കോടതി, പൊളിക്കൽ നടപടികൾ തൽകാലം നിർത്തിവെക്കാൻ നിർദേശം നൽകി.
റോഡ് വീതി കൂട്ടുന്നതുമായി ബന്ധപ്പെട്ട പൊതുമരാമത്ത് ജോലികൾക്ക് വേണ്ടിയാണ് പൊളിക്കൽ നടപടി ആവശ്യമായതെന്നാണ് നേരത്തെ സംസ്ഥാന കൗൺസൽ കോടതിയെ അറിയിച്ചത്. റോഡ് വീതി കൂട്ടുന്ന പ്രക്രിയ പൂർത്തിയായെന്നും കോടതിയെ അറിയിച്ചു. എന്നാൽ, വീതികൂട്ടൽ ജോലി ഇപ്പോഴും പൂർത്തിയായിട്ടില്ലെന്നും, അടുത്ത വാദം കേൾക്കുന്നത് വരെ സംരക്ഷണം നൽകിയില്ലെങ്കിൽ പള്ളി പൊളിച്ചുനീക്കപ്പെടുമെന്നും മസ്ജിദ് മാനേജ്‌മെൻ്റിൻ്റെ അഭിഭാഷകൻ കോടതിയിൽ പറഞ്ഞു.
തുടർന്ന് റോഡ് വീതികൂട്ടേണ്ടതിൻ്റെ പ്രാധാന്യം കണക്കിലെടുത്ത് അടിയന്തിരമായി പരിഗണിക്കേണ്ട പട്ടികയിൽ കേസ് നവംബർ 17-ന് ലിസ്റ്റ് ചെയ്യാൻ കോടതി ഉത്തരവിട്ടു.
നൂറി ജമാ മസ്ജിദിൻ്റെ ഒരു ഭാഗം കൈയ്യേറ്റം ആരോപിച്ച് 2024 ഡിസംബറിൽ ബുൾഡോസർ ഉപയോഗിച്ച് പൊളിച്ചു നീക്കിയിരുന്നു. അന്നും പള്ളി മാനേജ്‌മെൻ്റ് ഹൈക്കോടതിയെ സമീപിച്ചിരുന്നെങ്കിലും കൃത്യ സമയത്ത് കോടതി ഇടപെടൽ ഉണ്ടായിരുന്നില്ല. തുടർന്ന് പുതിയ ഹരജിയുമായി കമ്മിറ്റി വീണ്ടും കോടതിയെ സമീപിക്കുകയായിരുന്നു.




