National
രാഹുല്‍ ഗാന്ധിക്ക് ഇരട്ട പൗരത്വമെന്ന പരാതി; യു പി സര്‍ക്കാറോ കേന്ദ്ര ഏജന്‍സിയോ അന്വേഷിക്കണമെന്ന് അലഹബാദ് ഹൈക്കോടതി
രാഹുലിനെതിരെ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്യണമെന്ന ആവശ്യം കോടതി തള്ളി.
ന്യൂഡല്‍ഹി | രാഹുല്‍ ഗാന്ധിക്ക് ഇരട്ട പൗരത്വമുണ്ടെന്ന ആരോപണത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ട് അലഹബാദ് ഹൈക്കോടതി. കോടതിയുടെ ലക്‌നൗ ബഞ്ചാണ് ഈ ഉത്തരവ് പുറപ്പെടുവിച്ചത്. യു പി സര്‍ക്കാര്‍ നേരിട്ടോ കേന്ദ്ര ഏജന്‍സിയെക്കൊണ്ടോ അന്വേഷണം നടത്തണമെന്നാണ് കോടതി നിര്‍ദേശം. എന്നാല്‍, രാഹുലിനെതിരെ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്യണമെന്ന ആവശ്യം കോടതി തള്ളി.
കര്‍ണാടക സ്വദേശിയും ബി ജെ പി പ്രവര്‍ത്തകനുമായ എസ് വിഘ്‌നേഷ് ശിശിര്‍ നല്‍കിയ ഹരജിയിലാണ് അന്വേഷണത്തിനുള്ള കോടതി നിര്‍ദേശം. വിദേശ പൗരത്വം മറച്ചുവെച്ച് രാഹുല്‍ ജനപ്രതിനിധിയായി തുടരുന്നുവെന്നാണ് ഹര്‍ജിയിലെ പ്രധാന ആരോപണം. ലക്‌നൗവിലെ പ്രത്യേക കോടതിയുടെ ഉത്തരവിനെ ചോദ്യം ചെയ്തുള്ളതായിരുന്നു ഹരജി.
പൗരത്വവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ തീരുമാനമെടുക്കാന്‍ തങ്ങള്‍ക്ക് അധികാരമില്ലെന്ന് ചൂണ്ടിക്കാട്ടി കീഴ്ക്കോടതി പരാതി പരിഗണിക്കാന്‍ തയ്യാറായിരുന്നില്ല. ഇതേ തുടര്‍ന്നാണ് ഹരജിക്കാരന്‍ ഹൈക്കോടതിയെ സമീപിച്ചത്.




