Connect with us

Kerala

കെ എസ് ആര്‍ ടി സിയുടെ എല്ലാ ഡിപ്പോകളും പ്രവര്‍ത്തന ലാഭത്തില്‍: സി എം ഡി. പി എസ് പ്രമോജ് ശങ്കര്‍

ഡിസംബര്‍ ഒന്നിന് വരുമാനം 10.5 കോടി രൂപ. നിശ്ചയിച്ചു നല്‍കിയിരുന്ന ടാര്‍ജറ്റ് 35 ഡിപ്പോകള്‍ നേടി.

Published

|

Last Updated

പത്തനംതിട്ട | ചിട്ടയായ പ്രവര്‍ത്തനങ്ങളിലൂടെ കെ എസ് ആര്‍ ടി സിയുടെ എല്ലാ ഡിപ്പോകളും നിലവില്‍ പ്രവര്‍ത്തന ലാഭത്തിലാണെന്ന് ചെയര്‍മാന്‍ ആന്‍ഡ് മാനേജിംഗ് ഡയറക്ടര്‍ പി എസ് പ്രമോജ് ശങ്കര്‍. മികച്ച ടിക്കറ്റ് വരുമാനം നേടുന്നതിനായി കെ എസ് ആര്‍ ടി സി നിശ്ചയിച്ചു നല്‍കിയിരുന്ന ടാര്‍ജറ്റ് 35 ഡിപ്പോകള്‍ക്ക് കൈവരിക്കാനായതും മികച്ച വരുമാനം നേടുന്നതിന് കാരണമായി. പുതിയ ബസുകളുടെ വരവും, ഓഫ് റോഡ് കുറച്ച് പരമാവധി ബസുകള്‍ നിരത്തിലിറക്കാനായതും സേവനങ്ങളില്‍ കൊണ്ടുവന്ന ഗുണപരമായ മാറ്റങ്ങളും യാത്രക്കാരില്‍ വന്‍ സ്വീകാര്യത നേടിയിട്ടുണ്ട്.

കെ എസ് ആര്‍ ടി സിയ്ക്ക് ചരിത്രത്തിലെ രണ്ടാമത്തെ ഏറ്റവും വലിയ പ്രതിദിന ടിക്കറ്റ് വരുമാന നേട്ടം ഡിസംബര്‍ ഒന്നിന് ലഭിച്ചതായും പ്രമോജ് ശങ്കര്‍ അറിയിച്ചു. രണ്ടാമത്തെ ഉയര്‍ന്ന കലക്ഷനായ 9.72 കോടി രൂപയാണ് നേടാനായത്. ടിക്കറ്റിതര വരുമാനം 77.9 ലക്ഷം രൂപ ഉള്‍പ്പെടെ 10.5 കോടി രൂപയാണ് ആകെ നേടാനായത്. കഴിഞ്ഞ വര്‍ഷം ഇതേ ദിവസം 7.79 കോടി രൂപയായിരുന്നു ടിക്കറ്റ് വരുമാനം. 2025 സെപ്തംബര്‍ എട്ടിനാണ് എക്കാലത്തെയും മികച്ച പ്രതിദിന ടിക്കറ്റ് വരുമാനമായ 10.19 കോടി രൂപ കെ എസ് ആര്‍ ടി സി നേടിയത്.

നൂതന സാങ്കേതിക വിദ്യകള്‍ പ്രയോജനപ്പെടുത്തി സമസ്ത മേഖലയിലും അടുത്തകാലത്തായി കെ എസ് ആര്‍ ടി സി നടപ്പിലാക്കിയ കാലോചിതമായ പരിഷ്‌കരണ പദ്ധതികളും ജീവനക്കാരുടെയും സൂപ്പര്‍വൈസര്‍മാരുടെയും ഓഫീസര്‍മാരുടെയും ഏകോപിതമായ പരിശ്രമങ്ങളുമാണ് തുടര്‍ച്ചയായി മികച്ച വരുമാനം നേടി മുന്നേറുന്നതിന് കെ എസ് ആര്‍ ടി സിക്ക് സഹായകരമാകുന്നത്. അഭിമാനകരമായ ഈ നേട്ടത്തിനായി പ്രവര്‍ത്തിച്ച ജീവനക്കാരെയും കെ എസ് ആര്‍ ടി സിയോട് വിശ്വാസ്യത പുലര്‍ത്തിയ യാത്രക്കാരെയും നന്ദി അറിയിക്കുന്നതായി ചെയര്‍മാന്‍ ആന്‍ഡ് മാനേജിംഗ് ഡയറക്ടര്‍ പറഞ്ഞു.

 

---- facebook comment plugin here -----

Latest