Connect with us

Kollam

നെഹ്‌റുവിൻ്റെ ഓര്‍മയില്‍ ആലപ്പാട് ഗ്രാമം: സന്ദര്‍ശനത്തിന് ഏഴ് പതിറ്റാണ്ട്

റോഡ് സൗകര്യങ്ങളോ വാഹനസൗകര്യങ്ങളോ ഇല്ലാതിരുന്ന കാലത്ത് ജല മാര്‍ഗമാണ് നെഹ്‌റു എത്തിയത്

Published

|

Last Updated

കരുനാഗപ്പള്ളി | നെഹ്‌റുവിൻ്റെ ഓര്‍മ പുതുക്കി ആലപ്പാട് ഗ്രാമം ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രിയായിരുന്ന പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റു ആലപ്പാട് പഞ്ചായത്തിലെ ചെറിയഴീക്കല്‍ എന്ന തീരദേശ ഗ്രാമത്തില്‍ എത്തിച്ചേര്‍ന്നിട്ട് 70 വര്‍ഷം പൂര്‍ത്തിയായി. 1954 ഫെബ്രുവരി ഒമ്പതിനാണ് അദ്ദേഹം ഈ ഗ്രാമം സന്ദര്‍ശിക്കുന്നത്. ആലപ്പാട് പഞ്ചായത്തിലെ തീരദേശ ഗ്രാമമായ ചെറിയഴീക്കലില്‍ ഏഴു പതിറ്റാണ്ട് മുമ്പ് വിപുലമായ റോഡ് സൗകര്യങ്ങളോ വാഹനസൗകര്യങ്ങളോ ഇല്ലാതിരുന്ന കാലത്ത് ജല മാര്‍ഗമാണ് നെഹ്‌റു ഇവിടെയെത്തിയത്.

സന്ദര്‍ശന സ്മരണാര്‍ഥം ഗ്രാമത്തില്‍ അദ്ദേഹത്തിൻ്റെ മണ്ഡപവും തയ്യാറാക്കിയിട്ടുണ്ട്. നെഹ്‌റുവിൻ്റെ ചെറിയഴിക്കല്‍ സന്ദര്‍ശനത്തിൻ്റെ ഓര്‍മ പുതുക്കാന്‍  വിജ്ഞാന സന്ദായനി ഗ്രന്ഥശാലയും അരയവംശ പരിപാലന യോഗവും സംയുക്തമായി ശങ്കരനാരായണ ആഡിറ്റോറിയത്തില്‍ വിപുലമായ അനുസ്മരണ പരിപാടിയും സംഘടിപ്പിച്ചു.

ജില്ലയിലെ തീരദേശ ഗ്രാമമായ ആലപ്പാട് പഞ്ചായത്ത് മറ്റ് തീരദേശപ്രദേശങ്ങളില്‍ നിന്നും വ്യത്യസ്തമാണ്. കേരളം സമ്പൂര്‍ണ സാക്ഷരത പ്രഖ്യാപിക്കുന്നതിന് മുമ്പ് തന്നെ ഈ ഗ്രാമം 100 ശതമാനം സാക്ഷരത കൈവരിച്ചിരുന്നു. സ്ത്രീകള്‍ ഏറ്റവും കൂടുതല്‍ സാക്ഷരതരായുള്ള പഞ്ചായത്തും ആലപ്പാടാണ്. ജില്ലയിലെ തന്നെ ആദ്യത്തെ ഗ്രന്ഥശാലകളില്‍ ഒന്നായ ചെറിയഴിക്കല്‍ വിജ്ഞാസന്ദായിനി ഗ്രന്ഥശാല 1908ല്‍ സ്ഥാപിതമായതാണ്. നവോത്ഥാന നായകനും ബഹുമുഖ പ്രതിഭയും ആയിരുന്ന ഡോ. വേലുക്കുട്ടി അരയനാണ് ഗ്രന്ഥശാല സ്ഥാപിച്ചത്.

Latest