Uae
അജ്മാൻ പോലീസ് റമസാൻ കാർണിവൽ; പേരോട് ഉസ്താദ് പങ്കെടുക്കും
അജ്മാൻ പോലീസ് ക്ലബ് പരിസരത്ത് ഒരുക്കിയിട്ടുള്ള വിശാലമായ വേദിയിൽ വൈകുന്നേരം 4.30-ന് "ഇസ്ലാമിൽ കാരുണ്യം, അച്ചടക്കം, സാമൂഹ്യ സേവനം എന്നിവയുടെ മൂല്യങ്ങൾ' എന്ന വിഷയത്തിൽ അദ്ദേഹം പ്രഭാഷണം നടത്തും
അജ്മാൻ |അജ്മാൻ പോലീസ് ക്ലബ്ബിൽ റമസാൻ ഒന്നു മുതൽ നടന്നുവരുന്ന റമസാൻ കാർണിവെലിൽ നാളെ സംഘടിപ്പിക്കുന്ന ഗ്രാൻഡ് ഇഫ്ത്വാറിൽ പേരോട് അബ്ദുർറഹ്മാൻ സഖാഫി മുഖ്യാതിഥിയാകും.
അജ്മാൻ പോലീസ് ക്ലബ് പരിസരത്ത് ഒരുക്കിയിട്ടുള്ള വിശാലമായ വേദിയിൽ വൈകുന്നേരം 4.30-ന് “ഇസ്ലാമിൽ കാരുണ്യം, അച്ചടക്കം, സാമൂഹ്യ സേവനം എന്നിവയുടെ മൂല്യങ്ങൾ’ എന്ന വിഷയത്തിൽ അദ്ദേഹം പ്രഭാഷണം നടത്തും. അജ്മാൻ ഐ സി എഫിന്റെ കീഴിൽ പ്രവർത്തിക്കുന്ന അൽ അർഖം അബി അൽ അർഖം ഇൻസ്റ്റിറ്റ്യൂട്ടുമായി സഹകരിച്ചാണ് പരിപാടി സംഘടിപ്പിക്കുന്നത്. എല്ലാ ദിവസവും വൈകുന്നേരം ആറ് മുതൽ രാത്രി രണ്ട് വരെയാണ് റമസാൻ കാർണിവെൽ നടക്കുന്നത്.
പ്രവാസി കുടുംബങ്ങൾക്ക് റമസാൻ രാവുകൾ കൂടുതൽ ആസ്വാദ്യകരമാക്കുക എന്ന ലക്ഷ്യത്തോടെയാണ് കാർണിവെൽ ഒരുക്കുന്നതെന്ന് പോലീസ് അധികൃതർ പറഞ്ഞു. വിശുദ്ധ റമസാനിന്റെ പവിത്രതയും മഹനീയതയും ഉണർത്താനും മതപരമായ ഉൾക്കാഴ്ചകൾ നൽകാനും സമൂഹത്തിൽ മാനവ സാഹോദര്യത്തിന്റെ നന്മ വളർത്തിയെടുക്കാനുമാണ് പരിപാടി സംഘടിപ്പിക്കുന്നതെന്ന് സംഘാടകർ പറഞ്ഞു. വിവിധ കായികപരിപാടികൾക്ക് പുറമേ ആകർഷകമായ സമ്മാനങ്ങളും പങ്കെടുക്കുന്നവരെ കാത്തിരിക്കുന്നുണ്ട്.




