Saudi Arabia
മദീനയിലെ വിമാനത്താവള റോഡിന് കിരീടാവകാശിയുടെ പേര്
സഊദി ഭരണാധികാരി സല്‍മാന്‍ രാജാവാണ് റോഡിന് കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് അല്‍ സഊദ് രാജകുമാരന്റെ പേര് നല്‍കാന്‍ ഉത്തരവിട്ടത്.

മദീന | പ്രവാചക നഗരി മദീനയിലെ വിമാനത്താവള റോഡ് സഊദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് അല്‍ സഊദ് രാജകുമാരന്റെ പേരില്‍ അറിയപ്പെടും. സഊദി ഭരണാധികാരി സല്‍മാന്‍ രാജാവാണ് കിരീടാവകാശിയുടെ പേര് നല്‍കാന്‍ ഉത്തരവിട്ടതെന്ന് സഊദി വാര്‍ത്താ ഏജന്‍സി റിപോര്‍ട്ട് ചെയ്തു.
പ്രിന്‍സ് മുഹമ്മദ് ബിന്‍ അബ്ദുല്‍ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും പ്രവാചക നഗരിയിലെ മസ്ജിദുന്നബവിയിലെത്തിച്ചേരുന്നതിനുള്ള പ്രധാന പാതക്ക് 13 കിലോമീറ്റര്‍ ദൂരമാണുള്ളത്. ഹജ്ജ്-ഉംറ, കര്‍മങ്ങള്‍ക്കായി പുണ്യഭൂമിയിലെത്തിച്ചേരുന്ന തീര്‍ഥാടകര്‍ക്കുള്ള പ്രധാന പ്രവേശന കവാടം കൂടിയാണിത്. കൂടാതെ മദീനയിലെ മൂന്ന് പ്രധാന ഹൈവേകളായ കിങ് ഫൈസല്‍ റോഡ് (ഒന്നാം റിങ് റോഡ്), കിംഗ് അബ്ദുല്ല ബിന്‍ അബ്ദുല്‍ അസീസ് റോഡ് (രണ്ടാം റിങ് റോഡ് ), കിങ് ഖാലിദ് റോഡ് (മൂന്നാം റിങ് റോഡ്) എന്നിവയുമായും ബന്ധിപ്പിച്ചിട്ടുണ്ട്.
മദീന ഉള്‍പ്പെടെ വിവിധ പ്രദേശങ്ങളില്‍ വികസന സംരംഭങ്ങളും തന്ത്രപരമായ പദ്ധതികളും ആരംഭിക്കുന്നതില്‍ സഊദി കിരീടാവകാശിയുടെ നിര്‍ണായക പങ്കിനെ മദീന പ്രവിശ്യാ ഗവര്‍ണര്‍ സല്‍മാന്‍ ബിന്‍ സുല്‍ത്താന്‍ ബിന്‍ അബ്ദുല്‍ അസീസ് രാജകുമാരന്‍ പ്രത്യേകം അഭിനന്ദിച്ചു.