National
എയര്‍ ഇന്ത്യ പുതുതായി 900 പൈലറ്റുമാരെയും 4,200 ക്യാബിന്‍ ക്രൂ ട്രെയിനികളെയും നിയമിക്കും
ഈ വര്‍ഷമാണ് നിയമനം നടത്തുക.

ന്യൂഡല്‍ഹി| എയര്‍ ഇന്ത്യ വിപുലീകരിക്കുന്നതിന്റെ ഭാഗമായി പുതുതായി 900 പൈലറ്റുമാരെയും 4,200 കാബിന്‍ ക്രൂ ട്രെയിനികളെയും നിയമിക്കും. ഈ വര്‍ഷമാണ് നിയമനം നടത്തുക.
വാണിജ്യ വ്യോമയാന ചരിത്രത്തിലെ ഏറ്റവും വലിയ ഷോപ്പിംഗ് ഇവന്റില്‍ 470 പാസഞ്ചര്‍ വിമാനങ്ങള്‍ വാങ്ങാന്‍ ഫ്രാന്‍സിന്റെ എയര്‍ബസുമായും അമേരിക്കന്‍ വിമാന നിര്‍മാതാക്കളായ ബോയിങുമായും കോടിക്കണക്കിന് ഡോളറിന്റെ കരാറില്‍ ഒപ്പുവെച്ചതായി ടാറ്റയുടെ ഉടമസ്ഥതയിലുള്ള എയര്‍ലൈന്‍സ് ഈ മാസമാദ്യം പ്രഖ്യാപിച്ചിരുന്നു. മൊത്തം 470 വിമാന ഇടപാടുകള്‍ക്കായി 70 മുതല്‍ 80 വരെ ബില്യണ്‍ ഡോളറാണ് വകയിരുത്തിയിട്ടുള്ളത്.
36 വിമാനങ്ങള്‍ വായ്പയെടുക്കാനുള്ള പദ്ധതിയും ഇതിനകം പ്രഖ്യാപിച്ചിട്ടുണ്ട്. ഇതില്‍ രണ്ട് ബോയിങ് 777-200 എല്‍ ആര്‍ ഇതിനകം ഏറ്റെടുത്തു കഴിഞ്ഞു. ഇതിനു പുറമെ, പുതിയ കാബിന്‍ ക്രൂവിനെ റിക്രൂട്ട് ചെയ്യുകയും 15 ആഴ്ചത്തെ പരിശീലനം നല്‍കുകയും ചെയ്യും. 2022 മെയ് മുതല്‍ 2023 ഫെബ്രുവരി വരെ എയര്‍ ഇന്ത്യ 1,900 കാബിന്‍ ക്രൂവിനെ നിയമിച്ചിട്ടുണ്ട്.
എയര്‍ ഇന്ത്യയുടെ പ്രവര്‍ത്തനത്തിന് പുത്തന്‍ പ്രതിഭകളുടെ സഹായം ആവശ്യമാണെന്നും കൂടുതല്‍ പൈലറ്റുമാരെയും മെയിന്റനന്‍സ് എന്‍ജിനീയര്‍മാരെയും നിയമിക്കാനുള്ള നടപടികള്‍ ത്വരിതപ്പെടുത്തുമെന്നും എയര്‍ ഇന്ത്യ വിമാന സര്‍വീസുകളുടെ തലവന്‍ സന്ദീപ് വര്‍മ പറഞ്ഞു.
ഡി ജി സി എയെ നവീകരിക്കുന്നതിനും ശക്തിപ്പെടുത്തുന്നതിനുമായി സ്വീകരിക്കേണ്ട നടപടികള്‍ സംബന്ധിച്ച് ഇതിനകം ചര്‍ച്ച ചെയ്തിട്ടുണ്ടെന്നും അഹമ്മദാബാദ്, ജയ്പൂര്‍, അഗര്‍ത്തല, അമൃത്സര്‍, നാഗ്പൂര്‍, ഡെറാഡൂണ്‍ എന്നിവിടങ്ങളില്‍ ആറ് പുതിയ റീജ്യണല്‍ ഓഫീസുകള്‍ തുറക്കാനും പദ്ധതിയിട്ടിട്ടുണ്ടെന്നും ഡയറക്ടര്‍ ജനറല്‍ അരുണ്‍ കുമാര്‍ വ്യക്തമാക്കി.