National
ബോയിംഗ് വിമാനങ്ങളിലെ ഇന്ധന സ്വിച്ച് പരിശോധന പൂർത്തിയാക്കിയെന്ന് എയർ ഇന്ത്യ; തകരാറുകൾ കണ്ടെത്തിയില്ല
അഹമ്മദാബാദ് വിമാനദുരന്തത്തിന്റെ പശ്ചാത്തലത്തിൽ, ബോയിംഗ് വിമാനങ്ങളിലെ ഇന്ധന നിയന്ത്രണ സ്വീച്ച് പരിശോധിക്കണമെന്ന ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (DGCA) നിർദേശപ്രകാരമാണ് നടപടി

ന്യൂഡൽഹി | എയർ ഇന്ത്യ തങ്ങളുടെ മുഴുവൻ ബോയിംഗ് 787, ബോയിംഗ് 737 വിമാനങ്ങളിലെയും ഇന്ധന നിയന്ത്രണ സ്വിച്ചുകളുടെ (FCS) ലോക്കിംഗ് സംവിധാനങ്ങളിൽ നടത്തിയ മുൻകരുതൽ പരിശോധനകൾ പൂർത്തിയാക്കി. പരിശോധനകളിൽ ഒരു വിമാനത്തിലും യാതൊരു സാങ്കേതിക പ്രശ്നങ്ങളും കണ്ടെത്താനായില്ലെന്ന് എയർ ഇന്ത്യ പ്രസ്താവനയിൽ അറിയിച്ചു. ബോയിംഗ് വിമാനങ്ങളിലെ ഇന്ധന നിയന്ത്രണ സ്വീച്ച് പരിശോധിക്കണമെന്ന ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (DGCA) നിർദേശപ്രകാരമാണ് നടപടി. ജൂലൈ 21-നകം പരിശോധന പൂർത്തിയാക്കാനായിരുന്നു നിർദേശം.
ജൂലൈ 12-ന് തന്നെ സ്വമേധയാ പരിശോധനകൾ ആരംഭിച്ചിരുന്നതായും ഡിജിസിഎ നിശ്ചയിച്ച സമയപരിധിക്കുള്ളിൽ അവ പൂർത്തിയാക്കിയെന്നും എയർ ഇന്ത്യ അറിയിച്ചു. ഈ വിവരം റെഗുലേറ്ററെ അറിയിച്ചിട്ടുണ്ടെന്നും എയർ ഇന്ത്യ വ്യക്തമാക്കി. യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷയ്ക്ക് തങ്ങൾ പ്രതിജ്ഞാബദ്ധരാണെന്നും എയർ ഇന്ത്യ ആവർത്തിച്ചുറപ്പിച്ചു.
കഴിഞ്ഞ ജൂൺ 12-ന് അഹമ്മദാബാദിൽ എയർ ഇന്ത്യ വിമാനം തകർന്നുവീണതാണ് ഇത്തരമൊരു പരിശോധനയ്ക്ക് വഴിയൊരുക്കിയത്. അഹമ്മദാബാദിൽ നിന്ന് ലണ്ടൻ ഗാറ്റ്വിക്കിലേക്ക് പുറപ്പെട്ട എയർ ഇന്ത്യയുടെ AI 171 വിമാനം പറന്നുയർന്നതിന് തൊട്ടുപിന്നാലെ തകരുകയും, വിമാനത്തിലുണ്ടായിരുന്ന 242 പേരിൽ 241 പേരും വിമാനം തകർന്നുവീണ കെട്ടിടത്തിലുണ്ടായിരുന്ന ഏതാനും പേരും മരിക്കുകയും ചെയ്തിരുന്നു. ഇന്ത്യൻ എയർക്രാഫ്റ്റ് ആക്സിഡൻ്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോയുടെ (AAIB) പ്രാഥമിക അന്വേഷണ റിപ്പോർട്ട് അനുസരിച്ച്, വിമാനം ടേക്ക് ഓഫ് ചെയ്തതിന് തൊട്ടുപിന്നാലെ രണ്ട് എഞ്ചിനുകളിലേക്കുമുള്ള ഇന്ധന വിതരണം നിലച്ചതാണ് അപകടത്തിന് കാരണമായത്. ഇന്ധന നിയന്ത്രണ സ്വിച്ചുകൾ ‘RUN’ എന്നതിൽ നിന്ന് ‘CUTOFF’ സ്ഥാനത്തേക്ക് മാറിയെന്നാണ് അന്വേഷണത്തിൽ കണ്ടെത്തയത്.
ഈ റിപ്പോർട്ടിന് പിന്നാലെ, വിദേശത്തുള്ള ചില ബോയിംഗ് വിമാന ഓപ്പറേറ്റർമാരും സ്വമേധയാ പരിശോധനകൾ ആരംഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഡിജിസിഎ ഇന്ത്യയിൽ രജിസ്റ്റർ ചെയ്ത ബോയിംഗ് വാണിജ്യ വിമാനങ്ങളിൽ സമാനമായ പരിശോധനകൾക്ക് ഉത്തരവിട്ടത്.
നിലവിൽ ലോകമെമ്പാടും ഏകദേശം 1,100 ബോയിംഗ് 787 വിമാനങ്ങൾ സർവീസ് നടത്തുന്നുണ്ട്.