From the print
സംസ്ഥാനത്തെ കോടതികളിൽ ഇനി എ ഐ സാക്ഷിമൊഴിയും; രാജ്യത്ത് ആദ്യം
'അദാലത്ത് എ െഎ' പ്രവർത്തനമാരംഭിക്കുക കേരളപ്പിറവി ദിനമായ നവംബർ ഒന്നിന്; കെട്ടിക്കിടക്കുന്ന കേസുകൾക്ക് കുറവുണ്ടാകുമെന്ന് പ്രതീക്ഷ

പാലക്കാട് | സംസ്ഥാനത്തെ കോടതികൾ കേസ് നടത്തിപ്പിലെ കാലതാമസത്തിനൊപ്പം കൃത്യതയും ഉറപ്പാക്കാൻ നടപടിക്രമങ്ങൾ നിർമിതബുദ്ധിയുടെ (എ ഐ) സഹായത്തോടെ നടത്താനൊരുങ്ങുന്നു. എല്ലാ ജില്ലാ കോടതികളിലും സാക്ഷിമൊഴികളും തെളിവുകളും രേഖപ്പെടുത്തുന്നതിനായി നിർമിത ബുദ്ധി അടിസ്ഥാനമാക്കിയുള്ള സ്പീച്ച് ടു ടെക്സ്റ്റ് ട്രാൻസ്ക്രിപ്ഷൻ ഉപകരണമായ “അദാലത്ത് എ ഐ’ കേരളപ്പിറവി ദിനമായ നവംബർ ഒന്നിന് പ്രവർത്തനമാരംഭിക്കുമെന്ന് കോടതി അധികൃതർ വ്യക്തമാക്കി. ഇതുവരെ സാക്ഷിമൊഴികൾ ജഡ്ജിമാർ എഴുതി സൂക്ഷിക്കുകയോ കോടതി ജീവനക്കാർ ടൈപ്പ് ചെയ്യുകയോ ആയിരുന്നു ചെയ്തിരുന്നത്.
എ ഐ അധിഷ്ഠിത ട്രാൻസ്‌ക്രിപ്ഷനിലേക്ക് മാറുന്നതിലൂടെ മൊഴികളിൽ കൃത്യത വരുത്താൻ സാധിക്കുമെന്നാണ് കേരള ഹൈക്കോടതി ഐ ടി വിഭാഗം പറയുന്നത്. പല ജില്ലാ കോടതികളിലും ടൈപ്പിസ്റ്റുകളുടെ കുറവ് കാരണം ജഡ്ജിമാർ സാക്ഷി മൊഴികൾ കൈകൊണ്ട് എഴുതേണ്ട സാഹചര്യം സംജാതമാകുന്നുണ്ടെന്നും എ ഐ സംവിധാനം വരുന്നതോടെ ഇതിന് പരിഹാരം കണ്ടെത്താൻ സാധിക്കുമെന്നും അധികൃതർ പറഞ്ഞു. എ ഐ സംവിധാനത്തിൽ മാനുഷിക ഇടപെടൽ വരുന്നില്ലെന്നതാണ് പ്രത്യേകത. അവിടെ ജഡ്ജിയും ട്രാൻസ്‌ക്രിപ്ഷൻ യന്ത്രവും മാത്രമേ ഉണ്ടാകൂ. ജഡ്ജി രേഖപ്പെടുത്തുന്നത് സാക്ഷിക്ക് കാണാൻ കഴിയുന്ന തരത്തിൽ വിറ്റ്നസ് ബോക്സിൽ ഒരു സ്‌ക്രീൻ നൽകും. എ ഐ ഉപകരണം സാക്ഷിയുടെ മൊഴി ട്രാൻസ്ക്രൈബ് ചെയ്യാൻ ഉപയോഗിക്കും. സാക്ഷിക്ക് മൊഴി പരിശോധിച്ചതിനു ശേഷം ഒപ്പിടാം. മൊഴിയുടെ ഒരു പകർപ്പ് ഉടൻ തന്നെ ക്ലൗഡിൽ അപ്‌ലോഡ് ചെയ്യാനും കക്ഷികളുടെ രജിസ്റ്റർ ചെയ്ത അഭിഭാഷകർക്ക് ഓൺലൈനായി മൊഴികൾ വായിക്കാനും കഴിയും. ഇത് നടപടികളുടെ ക്ലീൻ കോപ്പികൾക്കായി കാത്തിരിക്കേണ്ടതിന്റെ ആവശ്യം ഇല്ലാതാക്കുമെന്നാണ് കോടതി ജീവനക്കാർ പറയുന്നത്.
തിരഞ്ഞെടുത്ത കോടതികളിൽ അദാലത്ത് എ ഐ ട്രാൻസ്‌ക്രിപ്ഷൻ ടൂളിന്റെ പൈലറ്റ് പ്രൊജക്റ്റ് ടെസ്റ്റിംഗ് നടത്തി അത് വിജയം കണ്ടതോടെയാണ് പദ്ധതി സംസ്ഥാനത്ത് പൂർണമായി നടപ്പാക്കാൻ തയ്യാറായതെന്നും അധികൃതർ വ്യക്തമാക്കി. രാജ്യത്ത് ആദ്യമായാണ് ഇത്തരം സംവിധാനം കോടതികളിൽ നടപ്പാക്കുന്നത്.
രാജ്യത്ത് ഇംഗ്ലീഷ് ഭാഷയാണ് കോടതി നടപടിക്രമങ്ങളിൽ കൂടുതൽ ഉപയോഗിക്കുന്നത്. എന്നാൽ സംസ്ഥാനത്ത് മലയാളത്തിന് വേണ്ടി ലീഗൽ സ്പീച്ച് മോഡൽ വികസിപ്പിച്ചെടുത്തിട്ടുണ്ട്. കേന്ദ്ര ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയത്തിന് കീഴിലുള്ള ഇന്ത്യ എ ഐ മിഷന്റെ സഹായത്തോടെയാണ് പദ്ധതി നടപ്പാക്കുന്നതെന്നും അധികൃതർ വ്യക്തമാക്കി. എ ഐ സംവിധാനം വരുന്നതോടെ കോടതികളിൽ കേസ് കെട്ടിക്കിടക്കുന്നതിന് കുറവുണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും അധികൃതർ വ്യക്തമാക്കി.