Kerala
നിമിഷപ്രിയയുടെ വധശിക്ഷ റദ്ദാക്കും; ധാരണ ഉന്നതതല യോഗത്തില്‍
കേസില്‍ ചില നിര്‍ണായക തീരുമാനങ്ങള്‍ ഉണ്ടായി. വധശിക്ഷ റദ്ദാക്കാനും മറ്റു കാര്യങ്ങള്‍ തുടര്‍ ചര്‍ച്ചകളുടെ അടിസ്ഥാനത്തില്‍ തീരുമാനിക്കാനും ധാരണയായതായി കാന്തപുരത്തിന്റെ ഓഫീസ്.

കോഴിക്കോട് | യമന്‍ ജയിലില്‍ കഴിയുന്ന മലയാളി നഴ്സ് നിമിഷപ്രിയയുടെ വധശിക്ഷ റദ്ദാക്കാന്‍ ധാരണ. നേരത്തേ നീട്ടിവെച്ച വധശിക്ഷയാണ് റദ്ദാക്കാന്‍ യമനില്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന ഉന്നതതല യോഗം തീരുമാനമെടുത്തത്. ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാരുടെ അഭ്യര്‍ഥന പ്രകാരം യമനിലെ പ്രമുഖ പണ്ഡിതന്‍ ശൈഖ് ഹബീബ് ഉമര്‍ നിയോഗിച്ച പണ്ഡിത സംഘത്തിനു പുറമെ നോര്‍ത്തേണ്‍ യമനിലെ ഭരണാധികാരികളും അന്താരാഷ്ട്ര നയതന്ത്ര ഉദ്യോഗസ്ഥരും നിര്‍ണായക ചര്‍ച്ചയില്‍ പങ്കെടുത്തു. നിമിഷപ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട മറ്റു കാര്യങ്ങള്‍ കൊല്ലപ്പെട്ട തലാലിന്റെ കുടുംബവുമായുള്ള തുടര്‍ ചര്‍ച്ചകളിലൂടെ തീരുമാനിക്കും.
2017 മുതല്‍ യമനിലെ സന്‍ആ ജയിലില്‍ കഴിയുന്ന നിമിഷപ്രിയയുടെ വധശിക്ഷ ജൂലൈ 16ന് നടപ്പാക്കാനായിരുന്നു തീരുമാനം. ശിക്ഷ പ്രാബല്യത്തില്‍ വരാന്‍ മണിക്കൂറുകള്‍ മാത്രം അവശേഷിക്കെ കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാരുടെ ഇടപെടലിലൂടെയാണ് വധശിക്ഷ നീട്ടിയത്.
എന്നാല്‍, കാന്തപുരത്തേയും ശൈഖ് ഹബീബ് ഉമറിനേയും ഇകഴ്ത്തിക്കൊണ്ടും വധശിക്ഷയില്‍ നിന്ന് നിമിഷപ്രിയയെ ഒഴിവാക്കുന്നതിനെതിരെയും ഇന്ത്യയില്‍ നിന്നുള്ള ചിലര്‍ തന്നെ രംഗത്തുവന്നത് തുടര്‍നടപടികള്‍ക്ക് തിരിച്ചടിയായി. തലാലിന്റെ ജ്യേഷ്ഠ സഹോദരന്‍ അബ്ദുല്‍ഫത്താഹ് മഹ്ദിയുടെ ഫേസ്ബുക്ക് പോസ്റ്റിന് താഴെ പ്രത്യക്ഷപ്പെട്ട ഇത്തരം കമന്റുകള്‍ ആശങ്ക സൃഷ്ടിച്ചു. ഇത്തരക്കാരെ ഒറ്റപ്പെടുത്തണമെന്നാവശ്യപ്പെട്ട് മലയാളിസമൂഹം രംഗത്തുവന്നു.
നിമിഷപ്രിയക്ക് മാപ്പ് നല്‍കുന്ന കാര്യത്തില്‍ കുടുംബാംഗങ്ങള്‍ക്കിടയില്‍ പോലും നേരത്തേ വ്യത്യസ്ത അഭിപ്രായമാണ് ഉണ്ടായിരുന്നത്. ആദ്യഘട്ട ചര്‍ച്ചയില്‍ തലാലിന്റെ സഹോദരന്‍ പങ്കെടുത്ത് സമവായത്തിന് തയ്യാറായെങ്കിലും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും അനുനയത്തിലേക്കെത്തിയില്ല.
ശൈഖ് ഹബീബ് ഉമറിന്റെ സഹോദര പുത്രന്‍ ഹബീബ് അബ്ദുര്‍റഹ്മാന്‍ അലി മശ്ഹൂര്‍ പ്രദേശത്ത് ക്യാമ്പ് ചെയ്താണ് ചര്‍ച്ചകള്‍ക്ക് നേതൃത്വം വഹിച്ചത്. കൂടാതെ, കുടുംബത്തിലെ മുതിര്‍ന്ന അംഗം കൂടിയായ യമന്‍ കോടതിയിലെ ജഡ്ജിയുടെ പങ്കും നിര്‍ണായകമായി. വിഷയത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഇടപെടണമെന്നാവശ്യപ്പെട്ട് നിമിഷപ്രിയ ആക്ഷന്‍ കൗണ്‍സില്‍ നേരത്തേ സുപ്രീം കോടതിയെ സമീപിച്ചിരുന്നു.
എന്നാല്‍, യമന്‍ ഭരണകൂടവുമായി നയതന്ത്ര തലത്തില്‍ നേരിട്ട് ഇടപെടാന്‍ കഴിയാത്ത സാഹചര്യം സര്‍ക്കാര്‍ വ്യക്തമാക്കി. വധശിക്ഷ നീട്ടിവെച്ചതിനു ശേഷം വിഷയത്തില്‍ കാന്തപുരത്തിന്റെ ഇടപെടല്‍ സംബന്ധിച്ച് ആക്ഷന്‍ കൗണ്‍സില്‍ സുപ്രീം കോടതിയെ ബോധ്യപ്പെടുത്തിയിരുന്നു.