National
ഡല്‍ഹിയില്‍ ആന്റി നാര്‍ക്കോട്ടിക് സ്‌ക്വാഡ് റെയ്ഡ് നടത്തുന്നതിനിടെ ആഫ്രിക്കന്‍ യുവതി കെട്ടിടത്തില്‍ നിന്നും ചാടി മരിച്ചു
ലഹരിവിരുദ്ധ ഓപ്പറേഷനിടെ ഈ ഫ്‌ലാറ്റില്‍ നിന്ന് മെത്താംഫെറ്റാമൈന്‍ നിര്‍മ്മിക്കുന്ന ലബോറട്ടറിയും അതിനുള്ള അസംസ്‌കൃത വസ്തുക്കളുടെ സംഭരണശാലയും പോലീസ് കണ്ടെത്തിയിട്ടുണ്ട്.
ന്യൂഡല്‍ഹി | ഡല്‍ഹിയിലെ സ്വരൂപ് നഗറിലെ ഫ്‌ളാറ്റില്‍ ആന്റി നാര്‍ക്കോട്ടിക് സ്‌ക്വാഡ് നടത്തിയ റെയ്ഡിനിടെ, ഫ്‌ലാറ്റിന്റെ മൂന്നാം നിലയിലെ ബാല്‍ക്കണിയില്‍ നിന്ന് താഴേക്ക് ചാടിയ ആഫ്രിക്കന്‍ സ്വദേശിയായ യുവതി മരിച്ചു. ലഹരിവിരുദ്ധ ഓപ്പറേഷനിടെ ഈ ഫ്‌ലാറ്റില്‍ നിന്ന് മെത്താംഫെറ്റാമൈന്‍ നിര്‍മ്മിക്കുന്ന ലബോറട്ടറിയും അതിനുള്ള അസംസ്‌കൃത വസ്തുക്കളുടെ സംഭരണശാലയും പോലീസ് കണ്ടെത്തിയിട്ടുണ്ട്.
ബുരാരി പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത മയക്ക്മരുന്ന് കേസ് അന്വേഷണത്തിനിടയിലാണ് ഈ സംഭവവികാസങ്ങള്‍ ഉണ്ടായത്. നേരത്തെ അറസ്റ്റിലായ ഫ്രാങ്ക് ഡാഷ്മണ്ട് പ്രതിയില്‍ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്.
റെയ്ഡിനിടെയാണ് കെട്ടിടത്തിന്റെ മുകളിലത്തെ നിലയിലെ വെവ്വേറെ ഫ്‌ലാറ്റുകളില്‍ രണ്ട് ആഫ്രിക്കന്‍ സ്വദേശികള്‍ താമസിക്കുന്നതായി പോലീസ് കണ്ടെത്തിയത്. ഇതില്‍ സ്റ്റെല്ല പയസ് എന്ന് തിരിച്ചറിഞ്ഞ യുവതി, പോലീസ് സംഘം ഉള്ളിലേക്ക് പ്രവേശിച്ചയുടന്‍ ഫ്‌ലാറ്റിന്റെ ബാല്‍ക്കണിയില്‍ നിന്ന് താഴേക്ക് ചാടുകയായിരുന്നു. ഇവരെ ഉടന്‍ തന്നെ ബുരാരി ഗവണ്‍മെന്റ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഡോക്ടര്‍മാര്‍ മരണം സ്ഥിരീകരിച്ചു.
മറ്റൊരു ഫ്‌ലാറ്റില്‍ നിന്ന് മാര്‍ട്ടിന്‍ ആരോണ്‍ എന്ന മറ്റൊരു ആഫ്രിക്കന്‍ സ്വദേശിയെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇയാളില്‍ നിന്ന് കണ്ടെടുത്ത താക്കോല്‍ ഉപയോഗിച്ചാണ് സ്റ്റെല്ലയുടെ ഫ്‌ലാറ്റിലെ പൂട്ടിയിട്ടിരുന്ന മുറി തുറന്നത്.
ഈ മുറിയില്‍ നടത്തിയ പരിശോധനയില്‍ വന്‍തോതില്‍ രാസവസ്തുക്കള്‍, ലബോറട്ടറി ഗ്ലാസ് ഉപകരണങ്ങള്‍, ബീക്കറുകള്‍, പൈപ്പുകള്‍, തൂക്ക മെഷീനുകള്‍, അസംസ്‌കൃത വസ്തുക്കള്‍ അടങ്ങിയ ചാക്കുകള്‍ എന്നിവ പോലീസ് കണ്ടെടുത്തു. പ്രാഥമിക അന്വേഷണത്തില്‍, സിന്തറ്റിക് മയക്കുമരുന്നുകള്‍ നിര്‍മ്മിക്കുന്നതിനും അതിനുള്ള സാമഗ്രികള്‍ സൂക്ഷിക്കുന്നതിനുമുള്ള ഒരു രഹസ്യ കേന്ദ്രമായാണ് ഈ മുറി ഉപയോഗിച്ചിരുന്നതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ഈ മയക്കുമരുന്ന് നിര്‍മ്മാണ ശൃംഖലയുടെ ഉറവിടം, വ്യാപ്തി, ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ എന്നിവരെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്ന് പോലീസ് അറിയിച്ചു







