Connect with us

Afghanistan crisis

മൂന്ന് ജില്ലകള്‍ തിരിച്ചുപിടിച്ചതായി അഫ്ഗാനിലെ താലിബാന്‍ വിരുദ്ധ സേന

മേഖലയില്‍ വലിയ രക്തച്ചൊരിച്ചില്‍ നടന്നതായും റിപ്പോര്‍ട്ടുകളുണ്ട്.

Published

|

Last Updated

കാബൂള്‍ | അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ അധീശത്വം സ്ഥാപിച്ച മൂന്ന് ജില്ലകള്‍ അവരില്‍ നിന്ന് തിരിച്ചുപിടിച്ചതായി അഫ്ഗാന്‍ വിരുദ്ധ സേന. പഞ്ച്ഷിര്‍ താഴ് വരയിലെ ദേ സലേ, ബാനോ, പുള്‍-ഹെസാര്‍ ജില്ലകളുടെ നിയന്ത്രണമാണ് അഫ്ഗാന്‍ സേന തിരിച്ചുപിടിച്ചതെന്ന് പ്രാദേശിക ചാനലായ ടോളോ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ ഇതുസംബന്ധിച്ച് താലിബാന്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.

പ്രതിരോധ മന്ത്രി ജനറല്‍ ബിസ്മില്ലാ മുഹമ്മദലിയെ ഉദ്ധരിച്ചാണ് മൂന്ന് ജില്ലകള്‍ പിടിച്ചതായി പ്രാദേശിക പത്രം റിപ്പോര്‍ട്ട് ചെയ്യുന്നത്. മേഖലയില്‍ വലിയ രക്തച്ചൊരിച്ചില്‍ നടന്നതായും റിപ്പോര്‍ട്ടുകളുണ്ട്. ഏതെല്ലാം സേനകളാണ് ഓപ്പറേഷനില്‍ പങ്കെടുത്തത് എന്നത് സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.

മുന്‍ വൈസ് പ്രസിഡന്റ് അമ്രുല്ല സലേഹും മുന്‍ സോവിയറ്റ് വിരുദ്ധ മുജാഹിദീന്‍ കമാന്‍ഡര്‍ അഹ്‌മദ് ഷാ മസൂദിന്റെ മകന്‍ അഹ്‌മദ് മസൂദും പഞ്ച്ഷിറില്‍ നിന്ന് താലിബാനെ ചെറുക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. സൈന്യത്തിന്റെയും സ്‌പെഷ്യല്‍ ഫോഴ്‌സ് യൂണിറ്റുകളുടെയും പ്രാദേശിക മിലിഷ്യ ഗ്രൂപ്പുകളുടെയും അംഗങ്ങള്‍ ഉള്‍ക്കൊള്ളുന്ന ആറായിരത്തിലധികം പോരാളികള്‍ പഞ്ച്ഷിറില്‍ ഒത്തുകൂടിയിട്ടുണ്ടെന്ന് മസൂദുമായി അടുപ്പമുള്ളവര്‍ പറയുന്നു. അവര്‍ക്ക് ചില ഹെലികോപ്റ്ററുകളും സൈനിക വാഹനങ്ങളും ഉണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്. സോവിയറ്റുകള്‍ ഉപേക്ഷിച്ച കവചിത വാഹനങ്ങളില്‍ ചിലത് നന്നാക്കി അവര്‍ ഉപയോഗിക്കുകയാണെന്നാണ് വിവരം.