Connect with us

Uae

ദുബൈയിൽ താങ്ങാനാവുന്ന വിലയിൽ ഭവനം; കരാറായി

റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി, ദുബൈ മുനിസിപ്പാലിറ്റി, വാസൽ ഗ്രൂപ്പ് എന്നിവ തമ്മിലാണ് കരാർ ഒപ്പുവെച്ചത്.

Published

|

Last Updated

ദുബൈ| താങ്ങാനാവുന്ന വിലയിൽ ഭവന പദ്ധതികൾ നടപ്പാക്കുന്നതിനുള്ള സുപ്രധാന കരാറായി. റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി, ദുബൈ മുനിസിപ്പാലിറ്റി, വാസൽ ഗ്രൂപ്പ് എന്നിവ തമ്മിലാണ് കരാർ ഒപ്പുവെച്ചത്. യു എ ഇ ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് അൽ മക്തൂം കരാർ ഒപ്പിടൽ ചടങ്ങിന് സാക്ഷ്യം വഹിച്ചു. ആർ ടി എക്ക് വേണ്ടി മതർ അൽ തായർ, മുനിസിപ്പാലിറ്റിക്ക് വേണ്ടി മർവാൻ ബിൻ ഗാലിത, വാസൽ ഗ്രൂപ്പിന് വേണ്ടി ഹിശാം അബ്ദുല്ല അൽ ഖാസിം എന്നിവർ കരാറിൽ ഒപ്പുെവച്ചു.

ആദ്യ ഘട്ടത്തിൽ മെയ്സം 1, അൽ തവാർ 1, അൽ ഖുസൈസ് ഇൻഡസ്ട്രിയൽ ഏരിയ 5, അൽ ലിയാൻ 1 എന്നിവയുൾപ്പെടെ ആറ് പ്രദേശങ്ങളിൽ 1.46 ദശലക്ഷം ചതുരശ്ര മീറ്റർ വിസ്തീർണത്തിൽ പദ്ധതി നടപ്പാക്കും. 17,000-ലധികം റെസിഡൻഷ്യൽ യൂണിറ്റുകളാണ് നിർമിക്കുക. പൊതു – സ്വകാര്യ മേഖലകളിൽ പ്രവർത്തിക്കുന്ന വിദഗ്ധ പ്രൊഫഷണലുകൾക്ക് പദ്ധതിയിലൂടെ താങ്ങാനാവുന്ന വാടകയിൽ ഭവന സൗകര്യങ്ങൾ ഉറപ്പാക്കും.

വിവിധ വരുമാന നിലവാരത്തിലുള്ള താമസക്കാർക്ക് ഗുണനിലവാരമുള്ള ഭവന സൗകര്യങ്ങൾ ഉറപ്പാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. “20-മിനിറ്റ് സിറ്റി’ എന്ന ആശയത്തോട് ചേർന്ന് അവശ്യ സേവനങ്ങളിലേക്കുള്ള പ്രവേശനം ഉറപ്പാക്കിയാണ് പദ്ധതി നടപ്പാക്കുക.

 

 

Latest