Connect with us

Kerala

ചാവക്കാട് ദേശീയപാതയിലെ വിള്ളല്‍; റിപ്പോര്‍ട്ട് തേടി തൃശൂര്‍ ജില്ലാ കളക്ടര്‍

ദേശീയപാത അധികൃതരോടും പോലീസിനോടുമാണ് കളക്ടര്‍ റിപ്പോര്‍ട്ട് തേടിയത്.

Published

|

Last Updated

തൃശൂര്‍|മലപ്പുറത്തിന് സമാനമായി ചാവക്കാട് മണത്തലയില്‍ ദേശീയപാത 66 ല്‍ മേല്‍പ്പാലത്തിന്റെ റോഡില്‍ ടാറിട്ട ഭാഗത്ത് വിള്ളല്‍ കണ്ടെത്തിയ സംഭവത്തില്‍ റിപ്പോര്‍ട്ട് തേടി തൃശൂര്‍ ജില്ലാ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍. ദേശീയപാത അധികൃതരോടും പോലീസിനോടുമാണ് കളക്ടര്‍ റിപ്പോര്‍ട്ട് തേടിയത്. റിപ്പോര്‍ട്ട് ലഭിക്കുന്നതിന് അനുസരിച്ച് തുടര്‍നടപടി സ്വീകരിക്കുമെന്ന് കളക്ടര്‍ അറിയിച്ചു. ഗുരുമന്ദിരത്തിന് മുന്നില്‍ നിര്‍മാണത്തിലിരിക്കുന്ന മേല്‍പ്പാലത്തിന്റെ റോഡിലാണ് അമ്പത് മീറ്റര്‍ നീളത്തില്‍ റോഡ് വിണ്ടു കീറിയത്. ടാറ് ചെയ്‌തെങ്കിലും ഇതുവഴി വാഹനങ്ങള്‍ കടത്തിവിട്ടിരുന്നില്ല.

കോണ്‍ക്രീറ്റ് ഭിത്തി തയാറാക്കി മണ്ണുനിറച്ചാണ് ഇവിടെ റോഡ് ടാറ് ചെയ്തിരിക്കുന്നത്. ഇവിടെയാണ് വിള്ളല്‍ ഉണ്ടായിരിക്കുന്നത്. നിര്‍മാണത്തിലിരുന്ന റോഡിന് വിള്ളല്‍ കണ്ടതിന് പിന്നാലെ സര്‍വ്വീസ് റോഡിലും വിള്ളല്‍ രൂപപ്പെട്ടു. വാഹനങ്ങള്‍ കടത്തിവിടുന്നത് ഈ സര്‍വ്വീസ് റോഡിലൂടെയാണ്. ക്വാറി വേസ്റ്റുപയോഗിച്ച് താത്കാലികമായി വിള്ളല്‍ അടയ്ക്കാനാണ് കരാര്‍ കമ്പനി ശ്രമിച്ചത്. ഇത്തരത്തില്‍ വിള്ളല്‍ അടച്ചിട്ട് ഗുണമില്ലെന്നും പൊളിച്ചു പണിയണമെന്നുമാണ് പ്രദേശവാസികളുടെ ആവശ്യം. ദേശീയ പാത ഉപരോധിച്ച് പ്രതിഷേധിച്ച യുഡിഎഫ് പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി.

 

 

 

Latest