Connect with us

Kerala

ശബരിമല സ്വർണക്കൊള്ളക്കേസ്: കടകംപള്ളി സുരേന്ദ്രന് വീണ്ടും കുരുക്ക്

കേസിൽ ജാമ്യത്തിലിറങ്ങിയ ആദ്യ പ്രതി ഉണ്ണികൃഷ്ണൻ പോറ്റിയുമായുള്ള പുതിയ ചിത്രം പുറത്തുവന്നിരിക്കുകയാണ്.

Published

|

Last Updated

തിരുവനന്തപുരം | ശബരിമല സ്വർണക്കൊള്ളക്കേസിൽ ദേവസ്വം വകുപ്പ് മുൻ മന്ത്രി കടകംപള്ളി സുരേന്ദ്രന് വീണ്ടും തിരിച്ചടിയാകുന്ന വിവരങ്ങൾ പുറത്ത്. കേസിൽ ജാമ്യത്തിലിറങ്ങിയ ആദ്യ പ്രതി ഉണ്ണികൃഷ്ണൻ പോറ്റിയുമായുള്ള പുതിയ ചിത്രം പുറത്തുവന്നിരിക്കുകയാണ്.

കടകംപള്ളി സുരേന്ദ്രൻ ഉണ്ണികൃഷ്ണൻ പോറ്റിയുടെ വീട്ടിൽ രണ്ടാമതായി എത്തിയപ്പോഴാണ് ചിത്രം പകർത്തിയതെന്നാണ് വിവരം. ബിരുദത്തിന് റാങ്ക് നേടിയ പോറ്റിയുടെ അമ്മാവന്റെ മകൾക്ക് കടകംപള്ളി സുരേന്ദ്രൻ ഉപഹാരം നൽകുന്ന ദൃശ്യങ്ങളാണ് ചിത്രത്തിലുള്ളത്. എന്നാൽ മന്ത്രി എന്തിനാണ് വീട്ടിലെത്തിയതെന്ന കാര്യത്തിൽ വ്യക്തതയില്ല.

മന്ത്രി എത്തിയ സമയത്ത് പുളിമാത്തെ വീട്ടിലേക്ക് പോറ്റി മകളെ വിളിച്ചുവരുത്തിയതാണെന്ന് അമ്മാവൻ വെങ്കിടേശ്വരൻ പോറ്റി സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിനുമുമ്പ് ഉണ്ണികൃഷ്ണൻ പോറ്റിയുടെ വീട്ടിൽ കടകംപള്ളി സുരേന്ദ്രൻ എത്തിയ മറ്റൊരു ദിവസത്തെ ചിത്രങ്ങളും പുറത്തുവന്നിരുന്നു.

അന്ന് കടകംപള്ളി സുരേന്ദ്രനൊപ്പം റാന്നി മുൻ എംഎൽഎയും നിലവിലെ സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടറിയുമായ രാജു എബ്രഹാമും ഉണ്ടായിരുന്നതായാണ് വിവരം. ഉണ്ണികൃഷ്ണൻ പോറ്റിയുടെയും കുടുംബാംഗങ്ങളുടെയും കൂടെ കടകംപള്ളി സുരേന്ദ്രനും രാജു എബ്രഹാമും നിൽക്കുന്ന ചിത്രം ഇതിനകം പുറത്തുവന്നിരുന്നു. കൂടാതെ, ഉണ്ണികൃഷ്ണൻ പോറ്റിയുടെ അച്ഛന് കടകംപള്ളി സുരേന്ദ്രൻ സമ്മാനം നൽകുന്ന മറ്റൊരു ചിത്രവും പ്രചരിച്ചിരുന്നു.

അതേസമയം, ഉണ്ണികൃഷ്ണൻ പോറ്റിയുടെ ഉന്നതതല ബന്ധങ്ങളെക്കുറിച്ച് പ്രത്യേക അന്വേഷണ സംഘം അന്വേഷണം വ്യാപിപ്പിച്ചിരിക്കുകയാണ്. കൂടുതൽ പേരെ ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം. കേസുമായി ബന്ധപ്പെട്ട് കടകംപള്ളി സുരേന്ദ്രനെ വീണ്ടും വിളിച്ചുവരുത്താനും സാധ്യതയുണ്ടെന്ന് സൂചനയുണ്ട്.

---- facebook comment plugin here -----

Latest