Connect with us

National

യു പിയില്‍ ഫെറിസ് വീല്‍ റൈഡിലെ സീറ്റ് അടര്‍ന്നുവീണു; അഞ്ചുപേര്‍ക്ക് പരുക്ക്, രണ്ട് പെണ്‍കുട്ടികള്‍ ഗുരുതരാവസ്ഥയില്‍

സംഭവം ഉത്തര്‍ പ്രദേശിലെ ഇന്ദിരാനഗറില്‍. പരുക്കേറ്റവരില്‍ മൂന്നുപേര്‍ സഹോദരങ്ങളാണ്.

Published

|

Last Updated

ലക്നൗ | ഉത്തര്‍ പ്രദേശിലെ ഇന്ദിരാനഗറില്‍ ഫെറിസ് വീല്‍ റൈഡിലെ ഒരു സീറ്റ് അടര്‍ന്നുവീണുണ്ടായ അപകടത്തില്‍ അഞ്ചുപേര്‍ക്ക് പരുക്കേറ്റു. ഇവരില്‍ മൂന്നുപേര്‍ സഹോദരങ്ങളാണ്. പരുക്കേറ്റവരെ ഉടന്‍ തന്നെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതില്‍ കൗമാരക്കാരായ രണ്ട് പെണ്‍കുട്ടികളുടെ നില ഗുരുതരമാണ്. മൂന്നുപേരെ പ്രാഥമിക ചികിത്സ നല്‍കിയ ശേഷം വിട്ടയച്ചു. 14-ഉം 16-ഉം വയസ്സുള്ള പെണ്‍കുട്ടികളാണ് ചികിത്സയില്‍ തുടരുന്നത്.

ഇന്ദിരാനഗറിലെ സ്‌മൈല്‍ഗഞ്ചില്‍ സാവന്‍ മഹോത്സവം നടക്കുന്നതിനിടെയായിരുന്നു അപകടം. അതിവേഗം കറങ്ങിക്കൊണ്ടിരുന്ന റൈഡിന്റെ ഒരു ‘ബക്കറ്റ്’ (സീറ്റ്) പൊടുന്നനെ അടര്‍ന്നു വീഴുകയായിരുന്നു. ഇതോടെ പരിഭ്രാന്തരായ ആളുകള്‍ നിലവിളിച്ചുകൊണ്ട് സുരക്ഷിതമായ ഇടം തേടി ഓടിയതായി ദൃക്സാക്ഷികള്‍ പറഞ്ഞു.

വിഭൂതി ഖണ്ഡ് സ്വദേശിയായ 14 വയസ്സുകാരി സഹോദരനും സഹോദരിക്കും സുഹൃത്തുക്കള്‍ക്കുമൊപ്പം മേള സന്ദര്‍ശിച്ചിരുന്നു. റൈഡില്‍ സഞ്ചരിക്കുന്നതിനിടെ മുകളില്‍ നിന്ന് ഒരു ബക്കറ്റ് പെട്ടെന്ന് അടര്‍ന്നു വീഴുകയും അത് പെണ്‍കുട്ടിയുടെ മുഖത്ത് നേരിട്ട് പതിക്കുകയും ചെയ്തു. ആഘാതം വളരെ ശക്തമായതിനാല്‍ കുട്ടിക്ക് ഗുരുതരമായി പരുക്കേറ്റു. അപകടത്തിന് തൊട്ടുപിന്നാലെ മെഷീന്‍ നിര്‍ത്താന്‍ റൈഡ് ഓപ്പറേറ്ററോട് അപേക്ഷിച്ചതായി സഹോദരനും പരുക്കേറ്റ സഹോദരിയും പറഞ്ഞു. എന്നാല്‍, ഓപറേറ്റര്‍ ഉടന്‍ റൈഡ് നിര്‍ത്താന്‍ തയ്യാറായില്ലെന്ന് അവര്‍ ആരോപിച്ചു.

അടര്‍ന്നുപോയ ഭാഗം സഹോദരനെയും സമീപത്തിരുന്ന 16 വയസ്സുകാരിയെയും മറ്റ് ചിലരെയും ഇടിച്ചു. ആളുകള്‍ ബഹളം വച്ചതിനെ തുടര്‍ന്നാണ് മെഷീന്‍ നിര്‍ത്തിയത്. അപ്പോഴേക്കും അഞ്ച് പേര്‍ക്ക് പരിക്കേറ്റിരുന്നു. അപകടത്തിന് ശേഷം മേളയുടെ സംഘാടകനെ പിടികൂടിയെങ്കിലും ഇയാള്‍ രക്ഷപ്പെട്ടതായി പരുക്കേറ്റവരുടെ കുടുംബാംഗങ്ങള്‍ ആരോപിച്ചു. സംഭവത്തെ കുറിച്ച് അന്വേഷിച്ചു വരികയാണെന്ന് പോലീസ് വ്യക്തമാക്കി.

Content Highlights:
Five people were injured after a seat detached from a ferris wheel ride during a fair in Uttar Pradesh. Two young girls sustained severe injuries and remain in critical condition. Authorities have launched an investigation into safety negligence at the event venue.

Latest