Saudi Arabia
ഹജ്ജ് അനുമതിപത്രമില്ലാത്തവരെ മക്കയിലേക്ക് കടത്താന്‍ ശ്രമം; 12 പേഅറസ്റ്റില്‍
അറസ്റ്റ് ചെയ്തവരില്‍ അഞ്ചുപേര്‍ വിദേശികളും ഏഴുപേര്‍ സ്വദേശികളുമാണ്. വിവിധ വാഹനങ്ങളിലായി 35 പേരെയാണ് അനധികൃതമായി മക്കയിലേക്ക് കടത്താന്‍ ശ്രമിച്ചത്.

മക്ക | ഹജ്ജ് അനുമതിപത്രമില്ലാത്തവരെ മക്കയിലേക്ക് കടത്താന്‍ ശ്രമിച്ച സംഭവത്തില്‍ ഹജ്ജ് സുരക്ഷാ സേന 12 പേരെ അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. അറസ്റ്റ് ചെയ്തവരില്‍ അഞ്ചുപേര്‍ വിദേശികളും ഏഴുപേര്‍ സ്വദേശികളുമാണ്. വിവിധ വാഹനങ്ങളിലായി 35 പേരെയാണ് അനധികൃതമായി മക്കയിലേക്ക് കടത്താന്‍ ശ്രമിച്ചത്.
അറസ്റ്റ് ചെയ്തവരെ തുടര്‍ നടപടികള്‍ക്കായി ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറി. നിയമലംഘകരുടെ പേരുകള്‍ പരസ്യമായി വെളിപ്പെടുത്തുകയും ശിക്ഷാ കാലാവധി കഴിഞ്ഞാല്‍ വിദേശികളെ നാടുകടത്തുകയും ഒരുലക്ഷം റിയാല്‍ പിഴ ചുമത്തുകയും സഊദി അറേബ്യയിലേക്ക് പ്രവേശന വിലക്ക് ഏര്‍പ്പെടുത്തുകയും ചെയ്യും. അനധികൃതമായി തീര്‍ഥാടകരെ കൊണ്ടുപോകുന്നതിന് ഉപയോഗിക്കുന്ന വാഹനങ്ങള്‍ കണ്ടുകെട്ടും.
അനുമതിപത്രമില്ലാതെ (തസ്രീഹ്) ഹജ്ജ് നിര്‍വഹിക്കാന്‍ ശ്രമിച്ചവര്‍ക്ക് 20,000 വരെ പിഴയും ശിക്ഷാ കാലാവധിക്കു ശേഷം നാട് കടത്തുകയും രാജ്യത്തേക്ക് പ്രവേശന വിലക്ക് ഏര്‍പ്പെടുത്തുകയും ചെയ്യുമെന്നും മന്ത്രാലയം വ്യക്തമാക്കി. ഹജ്ജ് നിയമ ലംഘനങ്ങള്‍ക്കെതിരെ ശക്തമായ ബോധവത്കരണ സന്ദേശങ്ങളാണ് സാമൂഹിക മാധ്യമങ്ങളിലൂടെയും അറബി, ഹിന്ദി, ഉറുദു, ഇംഗ്ലീഷ് തുടങ്ങിയ വിവിധ ഭാഷകളില്‍ മൊബൈല്‍ വഴിയും സഊദി ആഭ്യന്തര മന്ത്രാലയം നല്‍കിവരുന്നത്.