National
ബെംഗളൂരുവിൽ റെയിൽവേ പാലത്തിന് സമീപം സ്യൂട്ട്‌കേസിനുള്ളിൽ യുവതിയുടെ മൃതദേഹം കണ്ടെത്തി
ഓടുന്ന ട്രെയിനിൽ നിന്ന് ഉപേക്ഷിച്ചതാകാമെന്ന് പോലീസ് സംശയിക്കുന്നു.

ബെംഗളൂരു | ബെംഗളൂരുവിൽ റെയിൽവേ പാലത്തിന് സമീപം കീറിയ നീല സ്യൂട്ട്‌കേസിനുള്ളിൽ യുവതിയുടെ മൃതദേഹം കണ്ടെത്തി. ചന്ദ്രാപുരയിലെ പഴയ റെയിൽവേ പാലത്തിന് സമീപം ബുധനാഴ്ച നാട്ടുകാരാണ് സ്യൂട്ട്‌കേസ് കണ്ടെത്തിയത്. കൊലപാതകമാണെന്ന് സംശയിക്കുന്നതായി പോലീസ് അറിയിച്ചു.
ഓടുന്ന ട്രെയിനിൽ നിന്ന് ഉപേക്ഷിച്ചതാകാമെന്ന് പോലീസ് സംശയിക്കുന്നു. പ്രാഥമിക അന്വേഷണത്തിൽ യുവതിയെ മറ്റെവിടെയോ വെച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം സ്യൂട്ട്‌കേസിലാക്കി ഓടുന്ന ട്രെയിനിൽ നിന്ന് പുറത്തേക്ക് എറിഞ്ഞതാണെന്ന് സംശയിക്കുന്നതായി ഉദ്യോഗസ്ഥർ പറഞ്ഞു. മൃതദേഹത്തിൽ നിന്ന് തിരിച്ചറിയൽ രേഖകളൊന്നും കണ്ടെത്താനായിട്ടില്ല. യുവതിയുടെ പേര്, പ്രായം, സ്വദേശമെവിടെയാണ് തുടങ്ങിയ വിവരങ്ങൾ കണ്ടെത്താൻ ശ്രമിച്ചുവരികയാണെന്നും അവർ വ്യക്തമാക്കി. യുവതിക്ക് കുറഞ്ഞത് 18 വയസ്സെങ്കിലും തോന്നിക്കുന്നുണ്ട്. സ്യൂട്ട്‌കേസിനുള്ളിൽ മൃതദേഹം മാത്രമേ ഉണ്ടായിരുന്നുള്ളൂ.
ബെംഗളൂരു പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്യുകയും മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി അയക്കുകയും ചെയ്തു.
കഴിഞ്ഞ മാർച്ചിൽ സമാനമായ ഒരു കേസിൽ, 32 കാരിയായ ഗൗരി അനിൽ സംബേക്കറുടെ മൃതദേഹം ബെംഗളൂരുവിലെ ഹുളിമാവിലുള്ള ഒരു വീട്ടിലെ സ്യൂട്ട്‌കേസിനുള്ളിൽ കണ്ടെത്തിയിരുന്നു. ഭർത്താവ് രാകേഷ് സംബേക്കറെ പൂനെയിൽ നിന്ന് അറസ്റ്റ് ചെയ്യുകയും കൊലപാതകം ചെയ്തതായി ഇയാൾ മാതാപിതാക്കളെ വിളിച്ച് സമ്മതിക്കുകയും ചെയ്തിരുന്നു.