Kerala
കൊല്ലത്ത് യുവാവിനെ കുത്തിക്കൊന്ന കേസ്; കൊലയ്ക്കുകാരണം മുന്‍വൈരാഗ്യമെന്ന് എഫ്‌ഐആര്‍
പ്രതികളുടെ പരസ്യ മദ്യപാനം സുജിന്‍ ചോദ്യം ചെയ്തതാണ് വൈരാഗ്യത്തിന് കാരണം.

കൊച്ചി| കൊല്ലം ചിതറയിലെ യുവാവിന്റെ കൊലപാതകത്തിന് കാരണം മുന്‍വൈരാഗ്യമെന്ന് എഫ്‌ഐആര്‍. പ്രതികളുടെ പരസ്യ മദ്യപാനം സുജിന്‍ ചോദ്യം ചെയ്തതാണ് വൈരാഗ്യത്തിന് കാരണം. ക്ഷേത്രോത്സവത്തില്‍ പ്രതികള്‍ പ്രശ്‌നമുണ്ടാക്കിയത് സുജിനും സുഹൃത്തായ അനന്തുവും ചോദ്യം ചെയ്തിരുന്നു. സുജിനെ കുത്തിയത് ഒന്നാം പ്രതി സൂര്യജിത്താണ് എന്നാണ് എഫ്‌ഐആറില്‍ പറയുന്നത്. സുജിനെ കുത്താനായി മറ്റ് പ്രതികള്‍ ബലമായി പിടിച്ചുവെച്ചു കൊടുത്തു.
സുജിനൊപ്പം ഉണ്ടായിരുന്ന സുഹൃത്ത് അനന്തുവിനെ കുത്തിയത് രണ്ടാം പ്രതി ലാലുവാണ്. പരുക്കേറ്റ അനന്തു ചികിത്സയില്‍ തുടരുകയാണ്. ഇരുവരെയും കൊലപ്പെടുത്താനായിരുന്നു പ്രതികളുടെ ലക്ഷ്യമെന്ന് എഫ്‌ഐആറില്‍ പറയുന്നു.
ചൊവ്വാഴ്ച രാത്രി 11 മണിയോടെ തുമ്പമണ്‍തൊടി കാരറക്കുന്നിന് സമീപത്താണ് സംഭവം. സുജിനെ (29) തുമ്പമണ്‍തൊടി സ്വദേശികളായ വിവേക്, സൂര്യജിത്ത്, ലാലു എന്നിവര്‍ ചേര്‍ന്നാണ് കൊലപ്പെടുത്തിയത്. സുജിനൊപ്പം ഉണ്ടായിരുന്ന അനന്തുവിനും കുത്തേറ്റു. രണ്ട് പേരെയും ആദ്യം കടയ്ക്കല്‍ താലൂക്ക് ആശുപത്രിയിലും പിന്നീട് തിരുവനന്തപുരം മെഡിക്കല്‍ കോളജിലും പ്രവേശിപ്പിച്ചു. വയറിന് ഗുരുതരമായ കുത്തേറ്റ സുജിത് ഇന്ന് രാവിലെയാണ് മരിച്ചത്.