Connect with us

Articles

ജനാധിപത്യത്തിന് കാവല്‍നിന്ന ബഹുമുഖ പ്രതിഭ

വസ്തുനിഷ്ഠമായ വിലയിരുത്തലുകളിലൂടെ സാഹിത്യ സൃഷ്ടികളുടെ അകവും പുറവും കൃത്യമായി പഠിച്ച് പറയുന്ന നിരൂപകന്‍, ജീവിതമൂല്യങ്ങള്‍, സ്വാതന്ത്ര്യം, സാഹോദര്യം എന്നിവയെക്കുറിച്ച് നാടിനെ നിരന്തരം ഓര്‍മപ്പെടുത്തിയ അധ്യാപകന്‍, നിയമസഭാ സാമാജികന്‍ എന്നീ നിലകളിലെല്ലാം തിളങ്ങിയ സാനു മാഷ് സ്വന്തം പേര് മലയാളത്തിന്റെ സാഹിത്യ നഭസ്സില്‍ സത്യസന്ധമായി എഴുതിച്ചേര്‍ത്തു. എഴുതിയും പ്രസംഗിച്ചും മതേതരത്വത്തിനും ദേശീയോദ്ഗ്രഥനത്തിനും വേണ്ടി ഇത്രയധികം വാദിച്ച സാംസ്‌കാരിക നായകന്‍ കേരളത്തില്‍ ഇനിയുണ്ടാകില്ല.

Published

|

Last Updated

ദേശീയ പ്രസ്ഥാനവും നവോത്ഥാനവും രൂപംനല്‍കിയ ജനാധിപത്യ മൂല്യങ്ങളുടെ കാവല്‍ക്കാരനായ മലയാള സാഹിത്യത്തറവാട്ടിലെ കാരണവര്‍ ഇനി ഓര്‍മ. അറിവിന്റെ ആകാശനീലിമയില്‍ ആരോടും കലഹിക്കാതെ, തിരിച്ചറിവിന്റെ അക്ഷരപ്പൊട്ടുകള്‍ നിറയെ നിറച്ച് സാനുമാഷ് കളമൊഴിയുമ്പോള്‍ മലയാള സാഹിത്യത്തിലെ തിളക്കമാര്‍ന്ന ഒരേടിനാണ് തിരശ്ശീല വീഴുന്നത്. ഒരുകാലഘട്ടത്തെ മുഴുവന്‍ പ്രചോദിപ്പിച്ച അതുല്യനായ പ്രഭാഷകനും എഴുത്തുകാരനും വിമര്‍ശകനും ചിന്തകനുമായിരുന്നു പ്രൊഫ. എം കെ സാനു എന്ന സാനു മാഷ്. ജാതിവിവേചനങ്ങളുടെ തീച്ചൂളയില്‍ നിന്ന് നവോത്ഥാന മുന്നേറ്റത്തിനൊപ്പം സഞ്ചരിച്ച് ആഗ്രഹിച്ച സ്വാതന്ത്ര്യം നേടിയെടുത്ത വിപ്ലവകാരി കൂടിയാണ് അദ്ദേഹം. വസ്തുനിഷ്ഠമായ വിലയിരുത്തലുകളിലൂടെ സാഹിത്യ സൃഷ്ടികളുടെ അകവും പുറവും കൃത്യമായി പഠിച്ച് പറയുന്ന നിരൂപകന്‍, ജീവിതമൂല്യങ്ങള്‍, സ്വാതന്ത്ര്യം, സാഹോദര്യം എന്നിവയെക്കുറിച്ച് നാടിനെ നിരന്തരം ഓര്‍മപ്പെടുത്തിയ അധ്യാപകന്‍, നിയമസഭാ സാമാജികന്‍ എന്നീ നിലകളിലെല്ലാം തിളങ്ങിയ സാനു മാഷ് സ്വന്തം പേര് മലയാളത്തിന്റെ സാഹിത്യ നഭസ്സില്‍ സത്യസന്ധമായി എഴുതിച്ചേര്‍ത്തു. എഴുതിയും പ്രസംഗിച്ചും മതേതരത്വത്തിനും ദേശീയോദ്ഗ്രഥനത്തിനും വേണ്ടി ഇത്രയധികം വാദിച്ച സാംസ്‌കാരിക നായകന്‍ കേരളത്തില്‍ ഇനിയുണ്ടാകില്ല. മുക്കാല്‍ നൂറ്റാണ്ടുകാലം ഈ മനുഷ്യന്റെ എഴുത്തും വാക്കും കേരളത്തിന്റെ മുക്കിലും മൂലയിലുമുള്ള സകലരെയും സ്വാധീനിച്ചുവെന്ന് നിസ്സംശയം പറയാനാകും. അക്ഷരാര്‍ഥത്തില്‍ ബഹുമുഖ പ്രതിഭയായിരുന്നു പ്രൊഫ. എം കെ സാനു. സാഹിത്യ നിരൂപകന്‍, ജീവചരിത്ര രചയിതാവ്, സാംസ്‌കാരിക നായകന്‍, പ്രഗത്ഭനായ പ്രഭാഷകന്‍, സാമൂഹിക പ്രവര്‍ത്തകന്‍, രാഷ്ട്രീയമൂല്യ പ്രചാരകന്‍, ദാര്‍ശനിക ചിന്തകന്‍, സര്‍വോപരി ആയിരക്കണക്കിന് വിദ്യാര്‍ഥികളുടെ ആരാധ്യനായ അധ്യാപകന്‍ എന്നിങ്ങനെ വിവിധ മണ്ഡലങ്ങളില്‍ ഉന്നതശീര്‍ഷനായി.

1928 ഒക്ടോബര്‍ 27ന് ആലപ്പുഴ തുമ്പോളി ഗ്രാമത്തില്‍ മംഗലത്തു തറവാട്ടിലെ എം സി കേശവന്‍- കെ പി ഭവാനി ദമ്പതികളുടെ മകനായി ജനിച്ച സാനു, ബാല്യകാലത്ത് തന്നെ സാഹിത്യ രചനയില്‍ പാടവം കാട്ടി. രണ്ട് തവണ മംഗലത്തു തറവാട് സന്ദര്‍ശിച്ചിട്ടുള്ള ശ്രീനാരായണ ഗുരുവിന്റെ ജീവിതം കേട്ടുകൊണ്ടാണ് സാനുവിന്റെ ബാല്യം തുടങ്ങിയത്. അതുകൊണ്ടുതന്നെ ഗുരുവിനെക്കുറിച്ച് കൂടുതല്‍ അറിയാനും പഠിക്കാനും ഗുരുവിന്റെ പാതയിലൂടെ അടി തെറ്റാതെ വഴി നടക്കാനും സാനുവിന് കഴിഞ്ഞു. ഹൈസ്‌കൂള്‍ ക്ലാസ്സില്‍ എത്തിയപ്പോള്‍ ഇംഗ്ലീഷിലുള്ള ടോള്‍സ്റ്റോയിയുടെ കഥാപുസ്‌കത്തിലെ ഒരു കഥയുടെ പരിഭാഷ സ്‌കൂളിലെ കൈയെഴുത്തു മാസികയില്‍ പ്രസിദ്ധീകരിച്ചാണ് എഴുത്തിന് തുടക്കമിട്ടത്. അകാലത്തിലെ അച്ഛന്റെ വിയോഗം സാനുവിന്റെ ജീവിതത്തെ ദാരിദ്ര്യത്തിന്റെയും നിസ്സഹായതയുടെയും നിഴലിലാഴ്ത്തി. അതിന്റെ കൈപ്പുനീര്‍ കുടിച്ചാണ് യൗവനം പിന്നിട്ട് സാഹിത്യ സാംസ്‌കാരിക മണ്ഡലത്തില്‍ നിറഞ്ഞത്. വൈക്കം മുഹമ്മദ് ബഷീര്‍, സി ജെ തോമസ്, പി കെ ബാലകൃഷ്ണന്‍ തുടങ്ങിയവര്‍ക്കൊപ്പമായിരുന്നു ആദ്യകാല സാഹിത്യ സഞ്ചാരം. അതുകൊണ്ട് തന്നെ എഴുത്തിന്റെ വഴിയില്‍ നിന്ന് സാനു മാഷിന് മാറി നടക്കേണ്ടി വന്നില്ല. ഉള്ളൂരും വള്ളത്തോളും തകഴിയും മുതല്‍ മലയാളത്തിലെ തലമുതിര്‍ന്ന സാഹിത്യ നായകരുമായുള്ള അടുപ്പവും സാനുവിന് എഴുത്തിന്റെ വഴിയില്‍ കരുത്തായി.

കാറ്റും വെളിച്ചവും എന്ന ആദ്യ വിമര്‍ശന ഗ്രന്ഥം പ്രസിദ്ധീകരിച്ചത് മുതല്‍ പിന്നീടങ്ങോട്ട് മലയാള സാഹിത്യത്തിലെ പ്രധാന സാഹിത്യകാരിലൊരാളായി സാനു മാറി. മലയാള സാഹിത്യം അന്നുവരെ കണ്ടിട്ടില്ലാത്ത വിധത്തിലുള്ള വിമര്‍ശനത്തിന്റെ സൗമ്യദീപ്തി ഒഴുക്കുന്നതായിരുന്നു അദ്ദേഹത്തിന്റെ കൃതികള്‍. പിന്നീട് ജീവചരിത്രരചനകളിലായിരുന്നു സാനു മാഷിന്റെ വൈദഗ്ധ്യം മലയാള സാഹിത്യ മേഖല കണ്ടത്. ജീവിത ചരിത്ര രചനയില്‍ സ്വന്തമായ ഒരു സവിശേഷ ശൈലി അദ്ദേഹം രൂപപ്പെടുത്തി. വ്യക്തിയെ നേരിട്ടു കാണുകയും സംഭാഷണത്തില്‍ നാം ഏര്‍പ്പെടുകയും ചെയ്യുന്നതുപോലുള്ള അനുഭൂതിയാണ് കൃതികളില്‍ നിന്ന് ലഭിക്കുന്നതെന്ന് മലയാളസാഹിത്യത്തിലെ മുന്‍നിര എഴുത്തുകാര്‍ തന്നെ സമ്മതിച്ചു. ശ്രീനാരായണഗുരു, സഹോദരന്‍ അയ്യപ്പന്‍, കുമാരനാശാന്‍, ചങ്ങമ്പുഴ കൃഷ്ണപിള്ള, ബഷീര്‍, വൈലോപ്പിള്ളി, പി കേശവദേവ്, വി കെ വേലായുധന്‍, കേസരി ബാലകൃഷ്ണപിള്ള തുടങ്ങിയ മഹാരഥന്മാരുടേതുള്‍പ്പെടെ മലയാളത്തില്‍ എറ്റവും അധികം ജീവചരിത്ര ഗ്രന്ഥങ്ങള്‍ പ്രൊഫ. എം കെ സാനുവിന്റേതായി മലയാളികള്‍ക്ക് മുന്നിലെത്തി.

ഇതിനൊക്കെ പുറമെ യാത്രാവിവരണം, നോവല്‍, ലേഖനങ്ങള്‍ എന്നിവയടക്കം എത്രയോ കൃതികള്‍ മലയാളി വായിച്ച് പഠിച്ചു. വാര്‍ധക്യത്തിന്റെ പരാധീനതകള്‍ മറികടന്ന് 98ാം വയസ്സില്‍ കേരള ചരിത്രത്തിലെ വിസ്മരിക്കപ്പെട്ടുപോയ പെണ്‍പോരാളിയുടെ ജീവിതം അക്ഷരയാത്രയില്‍ സാനു മാഷ് അടയാളപ്പെടുത്തി. സഹോദരന്‍ അയ്യപ്പന്റെ സഹോദരിയും പൊതുപ്രവര്‍ത്തകയുമായിരുന്ന തപസ്വിനി അമ്മയുടെ പ്രവര്‍ത്തനങ്ങളില്‍ സഹകരിക്കാനായതിന്റെ അനുഭവങ്ങള്‍ ഓര്‍ത്തെടുത്താണ് പുസ്തകം തയ്യാറാക്കിയത്. വാര്‍ധക്യത്തിന്റെ അവശതയിലും എറണാകുളത്തിന്റെ പൊതുവേദികളില്‍ കക്ഷിഭേദമില്ലാത്ത സ്ഥിരം ക്ഷണിതാവായിരുന്നു പ്രൊഫ. എം കെ സാനു. ഓരോ ദിവസവും ഒന്നോ രണ്ടോ പ്രഭാഷണങ്ങള്‍ എന്ന കണക്കിന് അവശത കണക്കാക്കാതെ എല്ലാ ദിവസവും മാഷ് ആള്‍ക്കൂട്ടത്തിന് മുന്നിലെത്തി. ആരെയും നിരാശരാക്കാതെ സൗഹൃദം പുലര്‍ത്തുന്നതില്‍ അദ്ദേഹം ശ്രദ്ധാലുവാകുകയും ചെയ്തിരുന്നു. അനുവാചക മനസ്സുകളെ അനായാസം കീഴടക്കിയ മനുഷ്യ സ്നേഹിയായ സാഹിത്യകാരന്‍ മടങ്ങുന്നത് നവോത്ഥാന ചിന്തകളുടെ ധാര്‍മിക മൂല്യങ്ങള്‍ മലയാളത്തിന് എക്കാലത്തേക്കുമായി നല്‍കിയാണ്.

ബ്യൂറോ ചീഫ്, സിറാജ്, കൊച്ചി