Connect with us

articles

കുറ്റവിമുക്തരാക്കപ്പെടുന്ന ഹിന്ദുത്വ ഭീകരവാദികൾ

മലേഗാവ് പോലെ മതമൈത്രിയും മതനിരപേക്ഷ സംസ്‌കാരവും നിലനിൽക്കുന്ന പ്രദേശത്തെ ജനങ്ങൾക്കിടയിൽ വിഭജനവും വിദ്വേഷവും സൃഷ്ടിച്ച് ഭൂരിപക്ഷ മതധ്രുവീകരണമുണ്ടാക്കുകയെന്ന അജൻഡയിൽ നിന്നാണ് 2006ലും 2008ലും സ്ഫോടനങ്ങളുണ്ടായത്. അതിനുത്തരവാദികളായവരെയാണ് ഇപ്പോൾ രാജ്യം ഭരിക്കുന്നവരുടെ ഗൂഢാലോചനയിൽ അന്വേഷണ ഉദ്യോഗസ്ഥന്മാർ രക്ഷപ്പെടുത്തിയിരിക്കുന്നത്.

Published

|

Last Updated

ഹിന്ദുത്വ ഭരണകൂടവും അവരുടെ അന്വേഷണ ഏജൻസികളും ചേർന്ന് ഭീകരവാദികളെ കുറ്റവിമുക്തരാക്കുന്നതും നിരപരാധികളെ കുറ്റവാളികളാക്കി ജയിലിലടക്കുന്നതുമായൊരു കാലമാണിത്. ആവർത്തിക്കപ്പെടുന്ന ഈ ക്രൂരതയുടെ ഒടുവിലത്തെ വിധിയാണിപ്പോൾ മലേഗാവ് കേസിൽ വന്നിരിക്കുന്നത്. മുംബൈ എൻ ഐ എ കോടതിയിൽ നിന്നുണ്ടായിരിക്കുന്നത് തീർത്തും പ്രതീക്ഷിതമായൊരു വിധിയാണെന്ന് തന്നെ പറയാം. മലേഗാവ് സ്ഫോടനക്കേസുകളിലെ ഏഴ് പ്രതികളെയും വെറുതെവിട്ടിരിക്കുകയാണ് കോടതി. മലേഗാവ് ഉൾപ്പെടെയുള്ള സ്ഫാടന പരമ്പരകളിലൂടെ 113 നിരപരാധികളായ മനുഷ്യരുടെ ജീവനില്ലാതാക്കിയ നരാധമന്മാരെയാണ് മുംബൈ എൻ ഐ എ കോടതി ഈയൊരു വിധിയിലൂടെ കുറ്റവിമുക്തരാക്കിയിരിക്കുന്നത്. ബി ജെ പി മുൻ എം പിയും അഭിനവ് ഭാരത് എന്ന ഹിന്ദുത്വഭീകരസംഘടനയുടെ സംഘാടകയുമായ പ്രജ്ഞാസിംഗ് ഠാക്കൂർ ഉൾപ്പെടെയുള്ള പ്രതികളാണ് രക്ഷപ്പെട്ടിരിക്കുന്നത്. കേസിലെ ഗൂഢാലോചന തെളിയിക്കാനോ സ്ഫോടനം നടത്തിയതിൽ പ്രതികൾക്കുള്ള പങ്ക് സ്ഥാപിക്കാനോ കഴിയുന്ന തെളിവുകളൊന്നും എൻ ഐ എ കോടതിക്ക് മുമ്പിൽ കൊണ്ടുവന്നില്ലത്രെ.

അമിത്ഷായുടെ കീഴിലുള്ള എൻ ഐ എ കേസിൽ കുറ്റമാരോപിക്കപ്പെട്ട പ്രതികളുടെ ഡി എൻ എ പരിശോധനയോ വിരലടയാളമോ പോലും നടത്തിയില്ലെന്നാണ് കോടതി ചൂണ്ടിക്കാട്ടിയിട്ടുള്ളത്. 17 വർഷത്തിനു ശേഷം കേസിൽ വിധി പറഞ്ഞ കോടതി നിരീക്ഷിച്ചിരിക്കുന്നത് അന്വേഷണ ഏജൻസി കുറ്റം ചെയ്തുവെന്ന് തെളിയിക്കുന്നതിൽ പൂർണമായും പരാജയപ്പെട്ടുവെന്നാണ്. കേസിലെ പ്രധാന സാക്ഷികളെല്ലാം കൂറുമാറിയതും കുറ്റം ആരോപിക്കപ്പെട്ടവർക്ക് കേസിലുള്ള പങ്ക് സ്ഥാപിക്കുന്നതിനുള്ള തെളിവുകൾ ഹാജരാക്കാത്തതും കേന്ദ്ര സർക്കാറിന്റെ വലിയൊരു ഗൂഢാലോചനയാണെന്നു തന്നെ വിലയിരുത്തേണ്ടിവരും.

ഹിന്ദുത്വ ഭീകരസംഘമായ അഭിനവ് ഭാരത് മലേഗാവിൽ നടത്തിയ ഒന്നാം സ്ഫോടനം ആ പ്രദേശത്ത് സാമുദായിക ധ്രുവീകരണമുണ്ടാക്കുകയെന്ന ലക്ഷ്യത്തോടെ ആസൂത്രണം ചെയ്യപ്പെട്ടതും ഗൂഢാലോചനാപരമായി മുസ്്ലിംകളുടെ പേരിൽ കുറ്റം ആരോപിക്കപ്പെട്ടതുമാണ്. പ്രജ്ഞാസിംഗ് ഉൾപ്പെടെയുള്ള ഹിന്ദുത്വ ഭീകരർ നടത്തിയ 2006ലെ സ്ഫോടനത്തിൽ 37 നിരപരാധികളായ മനുഷ്യരാണ് ദാരുണമായി കൊലചെയ്യപ്പെട്ടത്. പിന്നീട് മലേഗാവിൽ 2008ൽ നടന്ന രണ്ടാം സ്ഫോടത്തോടെയാണ് മുസ്്ലിംകളുടെ പേരിൽ ആരോപിക്കപ്പെട്ട പല സ്ഫോടനങ്ങളും നടത്തിയത് അഭിനവ് ഭാരത് സംഘടനയാണെന്ന വിവരം പുറത്തുവന്നത്. പിന്നീട് മഹാരാഷ്ട്ര സംഘടിത കുറ്റനിയന്ത്രണ നിയമം സ്പെഷ്യൽ കോടതി ഒന്നാം സ്ഫോടനക്കേസിൽ പ്രതികളാക്കപ്പെട്ട മുഴുവൻ പേരെയും വെറുതെവിടുകയായിരുന്നു. മലേഗാവ് സ്ഫോടനക്കേസിൽ പ്രതികളാക്കപ്പെട്ട ഒന്പത് മുസ്്ലിംകളെ സ്പെഷ്യൽ കോടതി ജഡ്ജി വി വി പാട്ടീൽ കുറ്റമുക്തമാക്കിയ വാർത്ത അക്കാലത്തെ ഒട്ടുമിക്ക ദേശീയ മാധ്യമങ്ങളും വളരെ പ്രാധാന്യത്തോടെ റിപോർട്ട് ചെയ്തിരുന്നു.

ഹിന്ദുപത്രം അസാധാരണമായ തലക്കെട്ടിലൂടെ മലേഗാവ് സംഭവത്തിന്റെ രാഷ്ട്രീയ അന്തർഗതങ്ങളെയും ഇന്ത്യൻ ഭരണകൂടത്തിന്റെ വിവേചന ഭീകരതയെയും ശക്തമായിതന്നെ തുറന്നുകാണിക്കുന്ന റിപോർട്ടാണ് നൽകിയത്. ഹിന്ദു നൽകിയ തലക്കെട്ട് “മാലേഗാവ് സ്ഫോടനം: പത്ത് വർഷം കഴിഞ്ഞു, ഒന്പത് മുസ്്ലിം പ്രതികളും കുറ്റമുക്തരാക്കപ്പെട്ടു’ എന്നായിരുന്നു. എന്തുകൊണ്ടാണ് പ്രതികളുടെ മതം പരാമർശിക്കുന്ന ഒരു തലക്കെട്ട് ദേശീയ ദിനപത്രത്തിന് നൽകേണ്ടിവന്നത്? മുസ്്ലിം വിരുദ്ധമായ മുൻവിധികളുടേതായ പൊതുബോധവും ഭരണകൂട സമീപനവുമാണ് മലേഗാവ് സ്ഫോടനത്തിന്റെ ഉത്തരവാദിത്വം മുസ്്ലിം ചെറുപ്പക്കാരുടെ മേൽ കെട്ടിവെച്ചത്. അത് സംഘ്പരിവാറിന്റെ ആസൂത്രിതമായ നീക്കങ്ങളുടെ ഫലവുമായിരുന്നു.

2006 സെപ്തംബർ എട്ടിന് വെള്ളിയാഴ്ചയാണ് മലേഗാവിലെ ഹമീദിയ മുസ്്ലിം പള്ളിയിലും ബഡാ ഖബർസ്ഥാനിലും മുഷാരത്ചൗക്കിലും സ്ഫോടനമുണ്ടാകുന്നത്. പിന്നീട് നിരപരാധികളെന്ന് കണ്ടെത്തി കോടതി വിട്ടയച്ചവർ ഉൾപ്പെടെ 10 പേരെയാണ് മഹാരാഷ്ട്ര ഭീകരവിരുദ്ധ സ്‌ക്വാഡും സി ബി ഐയും കേസിൽ പ്രതികളാക്കിയത്. മലേഗാവ് സ്ഫോടനം ആദ്യം അന്വേഷിച്ച തീവ്രവാദ വിരുദ്ധസേന ഈ ഒന്പത് പേരെയും അറസ്റ്റ് ചെയ്ത് മഹാരാഷ്ട്ര സംഘടിത കുറ്റനിയന്ത്രണ നിയമ (മകോക) പ്രകാരം കേസെടുക്കുകയായിരുന്നു. മുംബൈയിൽ നിന്ന് 300 കിലോമീറ്റർ അകലെയുള്ള മലേഗാവിൽ മുസ്്ലിം ആരാധനാ കേന്ദ്രങ്ങളിൽ വിദൂര നിയന്ത്രിത ബോംബുകൾ വെച്ചാണ് സ്ഫോടനം സൃഷ്ടിച്ചത്. സൈക്കിളുകളിൽ സ്ഥാപിച്ച റിമോർട്ട് നിയന്ത്രിത ബോംബുകൾ പൊട്ടിത്തെറിച്ച് 37 പേരുടെ ജീവൻ നഷ്ടപ്പെട്ടു. 125 പേർക്ക് ഗുരുതര പരുക്കേൽക്കുകയും ചെയ്തു.

പാകിസ്താൻ കേന്ദ്രമായി പ്രവർത്തിക്കുന്ന ലഷ്‌കറെ ത്വയ്യിബയുടെ സഹായത്തോടെയാണ് സ്ഫോടനം നടത്തിയതെന്നായിരുന്നു തീവ്രവാദ വിരുദ്ധ സ്‌ക്വാഡിന്റെ കണ്ടെത്തൽ. പിന്നീട് അന്വേഷണം ഏറ്റെടുത്ത സി ബി ഐയും ഇത് ശരിവെച്ചു. 2011ൽ എൻ ഐ എ കേസന്വേഷണം ഏറ്റെടുത്തതോടെയാണ് സ്ഫോടനത്തിന് പിറകിൽ ആർ എസ് എസ് ബന്ധമുള്ള അഭിനവ് ഭാരത് എന്ന തീവ്ര ഹിന്ദു സംഘടനയാണെന്ന് കണ്ടെത്തിയത്. നേരത്തേ തന്നെ മലേഗാവ് സ്ഫോടനത്തെക്കുറിച്ചുള്ള മാധ്യമ നിരീക്ഷണങ്ങളിൽ പ്രവീൺ സ്വാമിയെപോലുള്ള പത്രപ്രവർത്തകർ ഹിന്ദുത്വ ശക്തികൾക്ക് മലേഗാവ് സംഭവത്തിൽ പങ്കുണ്ടാകാൻ സാധ്യതയുള്ളതായി ചൂണ്ടിക്കാട്ടിയിരുന്നു. എൻ ഐ എ അഭിനവ് ഭാരത് എന്ന സംഘടനയെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണം അതിലെ അംഗങ്ങളായ നാരീവാല എന്നറിയപ്പെടുന്ന സുമർ ഠാക്കൂർ, രാജേന്ദ്ര ചൗധരി, ധൻസിംഗ്, യോഗേഷ് ശർമ എന്നിവരെ അറസ്റ്റ് ചെയ്യുന്നതിലേക്കെത്തി.

2008ൽ വീണ്ടും മലേഗാവിലുണ്ടായ സ്ഫോടനവുമായി ബന്ധപ്പെട്ടാണ് പ്രജ്ഞാസിംഗ് ഠാക്കൂറും കേണൽ പ്രസാദ് പുരോഹിതും അറസ്റ്റിലാകുന്നത്. അപ്പോഴും ഒന്നാം സ്ഫോടനത്തിൽ അഭിനവ് ഭാരതിന് പങ്കുണ്ടെന്ന് ആരും സംശയിച്ചിരുന്നില്ല. ഇതിനിടയിലാണ് 2007ലെ ഹൈദരാബാദ് മക്കാമസ്ജിദ് സ്ഫോടനക്കേസിലെ പ്രതി സ്വാമി അസിമാനന്ദ പിടിയിലാകുന്നത്. അസിമാനന്ദ അഭിനവ് ഭാരതിന്റെ സംഘാടകനായിരുന്നു. അസിമാനന്ദയുടെ അറസ്റ്റ് മലേഗാവ് ഉൾപ്പെടെ നിരവധി കേസുകളിൽ വഴിത്തിരിവ് സൃഷ്ടിക്കുകയായിരുന്നു. 2008ലെ മാത്രമല്ല 2006ലെ സ്ഫോടനത്തിന് പിന്നിലും അഭിനവ് ഭാരതാണെന്ന് അസിമാനന്ദ വെളിപ്പെടുത്തി. പിന്നീട് അസിമാനന്ദ മൊഴിമാറ്റി പറഞ്ഞെങ്കിലും എൻ ഐ എയുടെ അന്വേഷണത്തിൽ അവരുടെ പങ്ക് വ്യക്തമായി.

സംഝോത എക്സ്പ്രസ്സ്, അജ്മീർ ശരീഫ്, ഹൈദരാബാദിലെ മക്കാമസ്ജിദ് എല്ലാ സ്ഫോടനങ്ങളും അഭിനവ് ഭാരത് ആസൂത്രണം ചെയ്തതായിരുന്നു. അസിമാനന്ദയുടെ കുറ്റസമ്മതത്തിന്റെ അടിസ്ഥാനത്തിൽ എൻ ഐ എ കേസെടുത്ത് അന്വേഷിച്ച് അഭിനവ് ഭാരതിന്റെ പങ്ക് സ്ഥിരീകരിക്കുകയും ചെയ്തു. ഈ സ്ഫോടനങ്ങളിലെല്ലാമായി 113 നിരപരാധികളാണ് നിഷ്‌കരുണം കൊല്ലപ്പെട്ടത്. സംഘ്പരിവാർ നടത്തിയ സ്ഫോടനപരമ്പരകൾ മുസ്്ലിംകളുടെ പേരിൽ കെട്ടിവെച്ച് നിരപരാധികളെ വേട്ടയാടുന്ന കാലത്ത് വിലാസ്റാവു ദേശ്മുഖായിരുന്നു മഹാരാഷ്ട്ര മുഖ്യമന്ത്രിയെന്ന കാര്യം വിസ്മരിക്കാനാവുന്നതല്ല. കോൺഗ്രസ്സ് സർക്കാറുകൾ ഹിന്ദുത്വ അജൻഡയുടെയും മുസ്്ലിം വിരുദ്ധമായ മുൻവിധികളുടെയും അടിസ്ഥാനത്തിലാണ് ഭീകരവാദ കേസുകൾ കൈകാര്യം ചെയ്തതെന്നാണ് മലേഗാവ് ഉൾപ്പെടെ നിരവധി സംഭവങ്ങൾ സൂചിപ്പിക്കുന്നത്.

അന്ന് ഹിന്ദു പത്രം പ്രതികളുടെ മതപശ്ചാത്തലം പരാമർശിക്കുക വഴി ഭീകരവാദത്തെ നേരിടാനെന്ന വ്യാജേന നടത്തുന്ന മുസ്്ലിം വേട്ടയെ അനാവരണം ചെയ്യുകയായിരുന്നു. ഇന്ത്യയിൽ 1990കൾക്കു ശേഷം ടാഡയും പോട്ടയും ഇപ്പോൾ യു എ പി എയും ഉപയോഗിച്ച് നിരപരാധികളായ എത്രയോ മുസ്്ലിം ചെറുപ്പക്കാരെ തടങ്കലിലിട്ടിട്ടുണ്ട്. രാജ്യവ്യാപകമായി എത്രയോ പേർ ഭീകരവാദ വിരുദ്ധ നിയമങ്ങളുടെ പേരിൽ വേട്ടയാടപ്പെട്ടിട്ടുണ്ട്. പത്തും പന്ത്രണ്ടും വർഷം തടവിൽ കഴിഞ്ഞതിനു ശേഷം നിരപരാധികളാണെന്ന് കണ്ട് എത്രയോ ചെറുപ്പക്കാരെ കോടതി വെറുതെ വിട്ടിട്ടുണ്ട്. ഡൽഹി സ്ഫോടനത്തിലും കർണാടകയിലെ ഹുബ്ലി സ്ഫോടനത്തിലും പ്രതി ചേർക്കപ്പെട്ടവർ വർഷങ്ങളുടെ ജയിൽ വാസത്തിനു ശേഷം അവർക്കുള്ള പങ്ക് വ്യക്തമാക്കുന്ന തെളിവുകൾ ഹാജരാക്കാൻ പ്രോസിക്യൂഷന് കഴിയാത്തത് കാരണം വിട്ടയക്കപ്പെടുകയാണ് ഉണ്ടായത്. കോഴിക്കോട് മുക്കം സ്വദേശിയായ യഹ്്യ കമ്മുക്കുട്ടിയെന്ന സോഫ്റ്റ്്വെയർ എൻജിനീയറെ ഹൂബ്ലി സ്ഫോടനത്തിൽ പ്രതിചേർത്ത് വർഷങ്ങളോളം ജയിലിൽ നരകയാതന അനുഭവിച്ചതിനുശേഷം നിരപരാധിയാണെന്ന് കണ്ട് കോടതി വിട്ടയക്കുകയായിരുന്നു.

2008ലെ അഹമ്മദാബാദ് സ്ഫോടനത്തിൽ പ്രതി ചേർക്കപ്പെട്ട സൈഫുദ്ദീൻ കോട്ടയം സ്വദേശിയാണ്. അഹമ്മദാബാദ് സ്ഫോടനത്തിൽ മറ്റൊരു മലയാളിയായ വളാഞ്ചേരി സ്വാദേശി സൈനുദ്ദീനും പ്രതി ചേർക്കപ്പെട്ടിട്ടുണ്ട്. 2000ലെ ബട്്ലാ ഹൗസ് വ്യാജ ഏറ്റുമുട്ടൽ കേസിൽ പ്രതിയായ അസംഗഡ്കാരനായ ഇവരുടെ സഹപാഠിയുമായി ബന്ധമുണ്ടെന്ന് ആരോപിച്ചാണ് യാതൊരുവിധ തെളിവുകളുമില്ലാതെ മലയാളി ചെറുപ്പക്കാരെ പ്രതി ചേർത്തതെന്നാണ് അവരുടെ ബന്ധുക്കളും അഭിഭാഷകരും പറയുന്നത്.

തീവ്രവാദവിരുദ്ധ സ്‌ക്വാഡുകളും സി ബി ഐയും ഇത്തരം കേസുകളിൽ “ചത്തത് കീചകനെങ്കിൽ കൊന്നത് ഭീമസേനൻ’ എന്ന ധാരണയിലാണ് കൈകാര്യം ചെയ്തിട്ടുള്ളത്. കുറ്റാന്വേഷണ ഏജൻസികളുടെ തലപ്പത്തിരിക്കുന്നവരുടെ മുസ്്ലിം വിരുദ്ധ മനോഭാവവും ഭരണകൂടത്തിന്റെ വിേവചന ഭീകരതയുമാണ് നിരപരാധികളെ സ്ഫോടനക്കേസുകളിൽ പ്രതികളാക്കി വർഷങ്ങൾ തടവിലിട്ട് പീഡിപ്പിക്കുന്നതിന് കാരണമാകുന്നത്. മലേഗാവ് പോലെ മതമൈത്രിയും മതനിരപേക്ഷ സംസ്‌കാരവും നിലനിൽക്കുന്ന പ്രദേശത്തെ ജനങ്ങൾക്കിടയിൽ വിഭജനവും വിദ്വേഷവും സൃഷ്ടിച്ച് ഭൂരിപക്ഷ മതധ്രുവീകരണമുണ്ടാക്കുകയെന്ന അജൻഡയിൽ നിന്നാണ് 2006ലും 2008ലും സ്ഫോടനങ്ങളുണ്ടായത്. അതിനുത്തരവാദികളായവരെയാണ് ഇപ്പോൾ രാജ്യം ഭരിക്കുന്നവരുടെ ഗൂഢാലോചനയിൽ അന്വേഷണ ഉദ്യോഗസ്ഥന്മാർ രക്ഷപ്പെടുത്തിയിരിക്കുന്നത്.