Kerala
മുഴുപ്പിലങ്ങാട് സൂരജ് വധക്കേസ്; പി എം മനോരാജിന്റ ശിക്ഷ മരവിപ്പിച്ചു, ജാമ്യം
മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി പി എം മനോജിന്റെ സഹോദരനായ മനോരാജ് കേസിലെ അഞ്ചാം പ്രതിയാണ്

കൊച്ചി | ബിജെപി പ്രവര്‍ത്തകന്‍ കണ്ണൂര്‍ മുഴപ്പിലങ്ങാട്ടെ സൂരജിനെ കൊലപ്പെടുത്തിയ കേസില്‍ സിപിഎം പ്രവര്‍ത്തകനായ അഞ്ചാം പ്രതി പിഎം മനോരാജിന്റ ശിക്ഷ മരവിപ്പിച്ച ഹൈക്കോടതി ഇടക്കാല ജാമ്യം അനുവദിച്ചു. തലശേരി സെഷന്‍സ് കോടതി വിധിക്കെതിരെ നല്‍കിയ അപ്പീലിലാണ് കോടതിയുടെ നടപടി.
മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി പി എം മനോജിന്റെ സഹോദരനായ മനോരാജ് കേസിലെ അഞ്ചാം പ്രതിയാണ്. വിചാരണക്കോടതിയുടെ വിധിയില്‍ പിഴവുണ്ടെന്ന് നിരീക്ഷിച്ച ഹൈക്കോടതി ജീവപര്യന്തം റദ്ദാക്കണമെന്ന ആവശ്യത്തില്‍ വാദം കേള്‍ക്കുമെന്നും വ്യക്തമാക്കി. അതേസമയം, മാര്‍ച്ചില്‍ ശിക്ഷിക്കപ്പെട്ട മനോരാജിന്റെ ശിക്ഷ മരവിപ്പിയ്ക്കുമ്പോള്‍ പ്രതി 15 ദിവസത്തെ പരോളിലായിരുന്നു.
2005 ഓഗസ്റ്റ് 7ന് രാവിലെ 8.40ന് മുഴപ്പിലങ്ങാട് ടെലിഫോണ്‍ എക്സ്ചേഞ്ചിന് മുന്‍പില്‍ ഓട്ടോറിക്ഷയിലെത്തിയ സംഘം എളമ്പിലായി സൂരജിനെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. സിപിഎം വിട്ട് ബിജെപിയില്‍ ചേര്‍ന്നതിന്റെ വൈരാഗ്യത്തിലായിരുന്നു കൊലപാതകമെന്നാണ് കേസ്. കേസില്‍ സിപിഎം പ്രവര്‍ത്തകരായ ഒന്‍പതു പ്രതികള്‍ കുറ്റക്കാരെന്നു കഴിഞ്ഞ മാര്‍ച്ചില്‍ തലശ്ശേരി കോടതി കണ്ടെത്തിയിരുന്നു. ടി പി ചന്ദ്രശേഖരന്‍ കൊലക്കേസ് പ്രതി ടി കെ രജീഷ് ഉള്‍പ്പെടെയുള്ളവരെയാണ് കോടതി കുറ്റക്കാരെന്നു കണ്ടെത്തിയത്