Connect with us

കേരളം / ഛത്തീസ്ഗഢ്

അപ്പോഴും ജാമ്യം കിട്ടാത്ത ചില ചോദ്യങ്ങള്‍ ബാക്കിയുണ്ട്‌

കേരളത്തെ പിടിച്ചുകുലുക്കിയ ഈ എപ്പിസോഡ് ദേശീയതലത്തില്‍ പോലും ഇത്ര പെട്ടെന്ന് വിവാദമാകാന്‍ കാരണമെന്തായിരുന്നു? ഇതാദ്യമാണോ മിഷനറിമാര്‍ സംഘ്പരിവാര്‍ ആക്രമണത്തിന് ഇരയാകുന്നതും അറസ്റ്റ് ചെയ്യപ്പെടുന്നതും? എല്ലാറ്റിനുമുപരി കന്യാസ്ത്രീകളുടെ മേല്‍ ആരോപിക്കപ്പെടുന്ന അപരാധങ്ങളെ നമ്മുടെ ഭരണഘടനയും നിയമവ്യവസ്ഥയും നോക്കിക്കാണുന്നത് എങ്ങനെയാണ്?

Published

|

Last Updated

ണ്ട് മലയാളി കന്യാസ്ത്രീകള്‍ ബി ജെ പി ഭരിക്കുന്ന ഛത്തീസ്ഗഢില്‍ മനുഷ്യക്കടത്തും നിര്‍ബന്ധിത മതപരിവര്‍ത്തനവും ആരോപിക്കപ്പെട്ട് അറസ്റ്റിലാകുകയും ഒമ്പത് ദിവസം ജയിലില്‍ കഴിയേണ്ടിവരികയും എല്ലാറ്റിനുമൊടുവില്‍ ശക്തമായ രാഷ്ട്രീയ സമ്മര്‍ദത്തെ തുടര്‍ന്ന് മോചിതരാകുകയും ചെയ്ത സംഭവവികാസങ്ങള്‍ പ്രസക്തമായ ചില ചോദ്യങ്ങള്‍ക്ക് ഉത്തരം തേടുന്നുണ്ട്. കേരളത്തെ പിടിച്ചുകുലുക്കിയ ഈ എപ്പിസോഡ് ദേശീയതലത്തില്‍ പോലും ഇത്ര പെട്ടെന്ന് വിവാദമാകാന്‍ കാരണമെന്തായിരുന്നു? ഇതാദ്യമാണോ മിഷനറിമാര്‍ സംഘ്പരിവാര്‍ ആക്രമണത്തിന് ഇരയാകുന്നതും അറസ്റ്റ് ചെയ്യപ്പെടുന്നതും? കന്യാസ്ത്രീകളെ പാര്‍പ്പിച്ച ദുര്‍ഗ് ജയിലിന്റെ പുറത്ത് ഇക്കണ്ടവിധം മനംപുരട്ടുന്ന അസംബന്ധ നാടകങ്ങള്‍ അരങ്ങുതകര്‍ത്തതിന്റെ പൊരുളെന്താണ്? രാജ്യം ഭരിക്കുന്ന കക്ഷിയും അവരുടെ ആശയഗതിക്കാരും ഇത്തരം ഘട്ടങ്ങളില്‍ ഇടപെടുന്നതിന്റെ രീതിയും പ്രത്യാഘാതങ്ങളും എപ്പോഴെങ്കിലും ചര്‍ച്ച ചെയ്യപ്പെട്ടിട്ടുണ്ടോ? എല്ലാറ്റിനുമുപരി കന്യാസ്ത്രീകളുടെ മേല്‍ ആരോപിക്കപ്പെടുന്ന അപരാധങ്ങളെ നമ്മുടെ ഭരണഘടനയും നിയമവ്യവസ്ഥയും നോക്കിക്കാണുന്നത് എങ്ങനെയാണ്?

സംസ്ഥാനത്ത് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിന്റെ പാദപതനങ്ങള്‍ കേട്ടുതുടങ്ങുകയും നിയമസഭാ തിരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കങ്ങളില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ വ്യാപൃതരാകുകയും ചെയ്യുന്ന ഒരു കാലസന്ധിയിലാണ് കന്യാസ്ത്രീകള്‍ തുറുങ്കിലടക്കപ്പെടുന്നത് എന്നത് വിഷയത്തിന് പതിവില്ലാത്ത കുറെ മാനങ്ങള്‍ നല്‍കുന്നു. ക്രൈസ്തവ വോട്ട് ബേങ്ക് പിടിച്ചെടുത്ത് തദ്ദേശ സ്ഥാപനങ്ങളിലും നിയമസഭയിലും അംഗബലം വര്‍ധിപ്പിക്കാന്‍ പുതിയ പ്രസിഡന്റ് രാജീവ് ചന്ദ്രശേഖറിന്റെ നേതൃത്വത്തില്‍ വിപുലമായ പദ്ധതികള്‍ ആവിഷ്‌കരിച്ചു നടപ്പാക്കി തുടങ്ങിയ ഘട്ടമാണിത്. അതുകൊണ്ട് തന്നെ ഈ വിവാദത്തിലടങ്ങിയ ഹിന്ദുത്വ ഫാസിസത്തിലേക്കല്ല എല്ലാവരുടെയും ശ്രദ്ധ ഊന്നിയത്, മറിച്ച് ഒരു മതസമൂഹത്തിന്റെ വോട്ട് ശക്തിയിലും അത് വീതം വെച്ചെടുക്കുന്നതിലുമായിരുന്നു. ഇതിനു മുമ്പ് എത്രയോ തവണ രാജ്യത്ത് ക്രൈസ്തവ സമൂഹത്തിനെതിരെ ഒറ്റപ്പെട്ടതും സംഘടിതവുമായ അതിക്രമങ്ങള്‍ നടന്നിട്ടുണ്ട്. 1999ല്‍ ഒഡിഷയില്‍ ആസ്‌ത്രേലിയന്‍ മിഷനറി പ്രവര്‍ത്തകന്‍ ഗ്രഹാം സ്‌റ്റെയിന്‍സിനെയും രണ്ട് മക്കളെയും കിടന്നുറങ്ങുകയായിരുന്ന ജീപ്പിലിട്ട് കത്തിച്ചുകൊന്ന കൊടും ക്രൂരതക്ക് പിന്നില്‍ ബജ്‌റംഗ് ദള്‍ നേതാവ് ദാരാ സിംഗായിരുന്നു.

സംഭവത്തെ കുറിച്ച് അന്വേഷിച്ച വാധ്വാ കമ്മീഷന്‍ മതപരിവര്‍ത്തനത്തിന്റെ പേരില്‍ ഒഡിഷയില്‍ തുടരുന്ന ക്രൈസ്തവ വിരുദ്ധ അതിക്രമങ്ങളെ കുറിച്ച് പ്രതിപാദിക്കുന്നുണ്ട്. യു പിയിലും രാജസ്ഥാനിലും മധ്യപ്രദേശിലും ഡല്‍ഹിയിലുമൊക്കെ ക്രൈസ്തവ വേട്ടക്ക് വാര്‍ത്താമൂല്യം നഷ്ടപ്പെട്ടിട്ട് കാലങ്ങളായി. അവിടങ്ങളിലെല്ലാം മലയാളികളായ ബിഷപുമാരും കന്യാസ്ത്രീകളും ക്രൂരതകള്‍ക്ക് ഇരയാകുന്നുണ്ടെങ്കിലും വാര്‍ത്താപ്രാധാന്യം നഷ്ടപ്പെട്ട സംഭവങ്ങളായി ഒതുക്കപ്പെടുകയാണ് പതിവ്. 1995ല്‍ ഇന്‍ഡോറില്‍ റാണി മരിയ എന്ന കന്യാസ്ത്രീയെ അതിക്രൂരമായി വെട്ടിക്കൊന്നപ്പോഴും വലിയ പ്രതികരണമൊന്നുമുണ്ടായില്ല. മണിപ്പൂരില്‍ നൂറുകണക്കിന് ക്രൈസ്തവര്‍ കൊല്ലപ്പെട്ട വംശീയാക്രമണവും കൂട്ടബലാത്സംഗവുമെല്ലാം നാം വായിച്ചുതള്ളിയ വാര്‍ത്തകളാണ്.

എന്നാല്‍, ഛത്തീസ്ഗഢില്‍ മൂന്ന് പെണ്‍കുട്ടികളുമായി രണ്ട് കന്യാസ്ത്രീകള്‍ പിടിക്കപ്പെടുകയും ബജ്‌റംഗ് ദള്‍ ഗുണ്ടകള്‍ പരസ്യവിചാരണ നടത്തുകയും ചെയ്തപ്പോള്‍ പോലീസ് പൊടുന്നനവെ ഓടിയെത്തിയതും അറസ്റ്റ് രേഖപ്പെടുത്തിയതുമെല്ലാം വളരെ ആസൂത്രിതമാണെന്നേ അനുമാനിക്കാനാകൂ. യു പിയിലും ബിഹാറിലും അസമിലും രാജ്യത്തിന്റെ മറ്റു കോണുകളിലും അനസ്യൂതം തുടരുന്ന മുസ്‌ലിം വേട്ടക്ക് സമാനമായത് ക്രിസ്ത്യാനികളുടെ കാര്യത്തിലും തീരുമാനിച്ചുറപ്പിച്ചാണ് ബജ്‌റംഗ് ദളിനെ ആര്‍ എസ് എസ് തുറന്നുവിട്ടിരിക്കുന്നത്. സംഘ്പരിവാറിനൊപ്പം രാഷ്ട്രീയ നൗകയില്‍ തുഴഞ്ഞുനീങ്ങാന്‍ തീരുമാനിച്ചുറച്ച കേരളത്തിലെ ക്രൈസ്തവ മതമേലധ്യക്ഷന്മാരെയും അല്‍മായ വിഭാഗത്തെയുമെല്ലാം സംഭവം ഞെട്ടിച്ചത് സ്വാഭാവികം. രാജ്യത്തിന്റെ നാനാ ഭാഗങ്ങളില്‍ ഹിന്ദുത്വര്‍ മുസ്‌ലിംകള്‍ക്കെതിരെ തുടരുന്ന വേട്ടക്കെതിരെ ഇതുവരെ പൂര്‍ണ മൗനം അവലംബിച്ച ക്രിസ്ത്യാനികള്‍ അതേ ദുശ്ശക്തികള്‍ തങ്ങള്‍ക്ക് നേരെയും തിരിഞ്ഞിരിക്കുന്നുവെന്ന തിരിച്ചറിവ് പതിവിന് വിപരീതമായി അവരെ അലമുറയിടാന്‍ നിര്‍ബന്ധിതരാക്കി.

ഹിന്ദുത്വ പ്രതിനിധാനം ചെയ്യുന്ന വര്‍ഗീയ ഭീകരത തങ്ങളെയും പിടികൂടിയിരിക്കുന്നു, ഇന്ന് ഛത്തീസ്ഗഢിലാണെങ്കില്‍ നാളെ രാജ്യത്ത് എവിടെയുമാകാം എന്ന ഉത്കണ്ഠ വിഷയത്തെ രാഷ്ട്രീയമായി നേരിടുന്നതിന് മെത്രാന്മാരെയും ബിഷപുമാരെയും ക്രൈസ്തവ കൂട്ടായ്മകളെയും പ്രേരിപ്പിച്ചു. സമീപ കാലത്തായി തങ്ങളോടൊപ്പം രാഷ്ട്രീയ ചങ്ങാത്തം കൂടാന്‍ ശ്രമിച്ചവരെയും അരമന കയറിയിറങ്ങിയവരെയും ക്രിസ്മസ്, ഈസ്റ്റര്‍ ദിനങ്ങളില്‍ കേക്ക് മുറിക്കാന്‍ ആവേശം കാട്ടിയവരെയും തള്ളിപ്പറയാന്‍ പലരും നിര്‍ബന്ധിതരായി. ഇതുവരെ പലരും തുറന്നുപറയാന്‍ മടിച്ച കയ്‌പേറിയ യാഥാര്‍ഥ്യങ്ങള്‍ ഫാദര്‍ പോള്‍ തേലക്കാട്ടിനെ പോലുള്ളവര്‍ പറയാന്‍ മുന്നോട്ട് വന്നത് കാര്യങ്ങള്‍ക്ക് വ്യക്തത വരുത്തി. ഛത്തീസ്ഗഢില്‍ കന്യാസ്ത്രീകളെ ജയിലിലടച്ച സംഭവം ഭരണകൂട ഭീകരതയാണെന്നും ബജ്‌റംഗ് ദളും പോലീസും ചേര്‍ന്ന് സര്‍ക്കാര്‍ മെഷിനറിയെ ആസൂത്രിതമായി ന്യൂനപക്ഷ പീഡനത്തിന് ഉപയോഗിക്കുന്നതിന്റെ ഉദാഹരണമാണിതെന്നും സീറോ മലബാര്‍ സഭ മുന്‍ വക്താവ് കൂടിയായ തേലക്കാട്ട് തറപ്പിച്ചു പറഞ്ഞു. വര്‍ത്തമാനകാല രാഷ്ട്രീയ ചുറ്റുപാടില്‍ ഏറ്റവും ശ്രദ്ധേയമായ ചില പരാമര്‍ശങ്ങള്‍ കൂടി അദ്ദേഹത്തിന്റെ ഭാഗത്ത് നിന്നുണ്ടായി. “കേരളത്തില്‍ സംഘ്പരിവാരം മുസ്‌ലിം വിരുദ്ധത പ്രചരിപ്പിക്കാന്‍ ചില ബിഷപുമാരെ ചാക്കിട്ടുപിടിച്ചു. അവരാണ് ലവ് ജിഹാദും നാര്‍ക്കോട്ടിക് ജിഹാദും പ്രസംഗിച്ചു നടക്കുന്നത്.

ഇടതുപക്ഷവും വലതുപക്ഷവും ഒന്നുപോലെ മുന്നറിയിപ്പ് നല്‍കിയിട്ടും സഭയിലെ ചില പ്രമുഖര്‍ വര്‍ഗീയത വളര്‍ത്താന്‍ സംഘ്പരിവാറിന് കൂട്ടുനില്‍ക്കുകയായിരുന്നു. ബി ജെ പി നേതാക്കള്‍ അരമനയില്‍ കയറി കേക്ക് കൊടുക്കുന്നത് ന്യൂനപക്ഷ പ്രീണനമാണെന്ന് ഇവര്‍ തിരിച്ചറിയുന്നില്ല’- എന്നായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം. തലശ്ശേരി ആര്‍ച്ച് ബിഷപ് മാര്‍ തോമസ് പാംപ്ലാനിയെ പോലുള്ളവര്‍ക്ക് ഛത്തീസ്ഗഢ് സംഭവത്തോടെ ബി ജെ പിയെ തള്ളിപ്പറയേണ്ടി വന്നു. സംഘ്പരിവാരം രാജ്യത്ത് എവിടെ ന്യൂനപക്ഷവേട്ട തുടര്‍ന്നാലും ശരി റബ്ബര്‍ കിലോക്ക് 300 രൂപ തരപ്പെടുത്തിയാല്‍ വോട്ട് തരാമെന്ന് കച്ചവട ഭാഷയില്‍ സംസാരിച്ച പാംപ്ലാനിമാര്‍ക്ക് സമുദായ നേതൃത്വത്തിലിരിക്കപ്പൊറുതി ഇല്ലാതെ വന്നപ്പോഴാണ് തൃശൂരില്‍ ക്രൈസ്തവ വോട്ട് വാങ്ങി ജയിച്ച സുരേഷ് ഗോപിയെയും പാര്‍ട്ടി അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിനെയും കേന്ദ്ര മന്ത്രി ജോർജ് കുര്യനെയും പേരെടുത്തു വിമര്‍ശിക്കാനും നിങ്ങളെ ഞങ്ങള്‍ ഇനി കണ്ടോളാമെന്ന് ഭീഷണി മുഴക്കാനും ധൈര്യം കാട്ടിയത്.

ഈ ഘട്ടത്തിലാണ് എല്ലാം കലങ്ങിത്തെളിയാന്‍ സാധ്യതയുണ്ടെന്ന് മനസ്സിലാക്കി വിഷയത്തിലെ രാഷ്ട്രീയ സാധ്യത തിരിച്ചറിഞ്ഞ് രാഷ്ട്രീയ പാര്‍ട്ടികള്‍ പങ്കായം നീട്ടി എറിഞ്ഞത്. അതോടെയാണ് ബി ജെ പി അധ്യക്ഷന് രാവിലെ ആഭ്യന്തര മന്ത്രി അമിത് ഷായെ ഡല്‍ഹിയില്‍ ചെന്ന് കാണാനും വൈകിട്ട് തിരിച്ചുവന്ന് തൃശൂരിലും തിരുവനന്തപുരത്തും മെത്രാന്മാരുടെ മുന്നില്‍ കുമ്പസാരിക്കാനും നിര്‍ബന്ധിതനായത്. രണ്ട് തവണ ജാമ്യം നിഷേധിക്കപ്പെടുകയും മൂന്നാം തവണയും ജാമ്യം നല്‍കരുതെന്ന് പ്രോസിക്യൂഷന്‍ എന്‍ ഐ എ കോടതിയില്‍ ശഠിക്കുകയും ചെയ്തിട്ടും സോപാധിക ജാമ്യം നല്‍കിയത് ആരുടെ ഇടപെടല്‍ മൂലമാണെന്ന് എല്ലാവര്‍ക്കും മനസ്സിലായിട്ടുണ്ട്. അതുകൊണ്ടാണ് സ്വാമി ചിതാനന്ദപുരി ഇങ്ങനെ കുറിച്ചിട്ടത്, “നമുക്കിനി പോലീസും കോടതിയും വേണ്ട. വോട്ട് പ്രതീക്ഷിക്കുന്ന രാഷ്ട്രീയ പാര്‍ട്ടി നേതാക്കന്മാര്‍ തീരുമാനിക്കും ആര് കുറ്റവാളിയാണ് ആര് കുറ്റവാളിയല്ല എന്ന്.’

ഭരണഘടന എന്തുപറയുന്നു?

മതപ്രബോധനം മൗലികാവകാശമായി എഴുതിവെച്ച ലോകത്തെ ഏക ഭരണഘടന നമ്മുടേതാണ്. രാഷ്ട്രശില്‍പ്പികള്‍ വിപുലമായ സംവാദങ്ങള്‍ക്ക് ശേഷമാണ് ന്യൂനപക്ഷങ്ങള്‍ക്ക്, വിശിഷ്യാ ക്രിസ്ത്യാനികള്‍ക്ക് മതം പ്രചരിപ്പിക്കാന്‍ അവകാശമുണ്ടാകണമെന്ന തീരുമാനത്തിലെത്തുന്നത്. ഒരു മതേതര വ്യവസ്ഥയില്‍ ഒരു വിഭാഗം തങ്ങളുടെ മതത്തിലേക്ക് മറ്റൊരു വിഭാഗത്തെ ക്ഷണിക്കുന്നതിന്റെ ഔചിത്യം ഭരണഘടനാ നിര്‍മാണ സഭയില്‍ പല കോണുകളില്‍ നിന്നും ചര്‍ച്ച ചെയ്യപ്പെട്ടു. 1947 ഏപ്രില്‍ 19ന് ന്യൂനപക്ഷങ്ങള്‍ക്കായുള്ള ഉപസമിതിയുടെ മുന്നില്‍ വിഷയം വന്നപ്പോള്‍ തമിഴ്‌നാട്ടില്‍ നിന്നുള്ള വിദ്യാഭ്യാസ വിചക്ഷണനും സോഷ്യല്‍ ആക്ടിവിസ്റ്റുമായ എം രത്‌നസ്വാമിയുടെ നിര്‍ദേശം സ്വീകരിക്കപ്പെട്ടു. “ക്രിസ്ത്യാനിറ്റിയും ഇസ്‌ലാമും പോലെ, ചില മതങ്ങള്‍ മതംമാറ്റത്തെ പ്രോത്സാഹിപ്പിക്കുന്നവയാണെന്നും അതുകൊണ്ട് അവരുടെ വിശ്വാസം പ്രചരിപ്പിക്കാനുള്ള അവകാശം നല്‍കേണ്ടതുണ്ടെന്നും’ നിര്‍ദേശിക്കപ്പെട്ടു. അനന്യശയം അയ്യങ്കാര്‍, രാജകുമാരി അമൃത കൗര്‍, ജഗ് ജീവന്‍ റാം, ഗോവിന്ദ് വല്ലഭ് ഭായി പട്ടേല്‍, ബി ആര്‍ അംബേദ്കര്‍ തുടങ്ങി പല അംഗങ്ങളും ഇതിനോട് ശക്തിയായി വിയോജിച്ചു. മതപ്രചാരണത്തിനുള്ള വ്യവസ്ഥ മാറ്റാന്‍ പാടില്ല എന്ന് ശഠിച്ചവരുടെ കൂട്ടത്തില്‍ പ്രഗത്ഭരുണ്ടായിരുന്നു.

മുഖ്യധാരയില്‍ ലയിക്കാന്‍ സന്നദ്ധതയുള്ള, സംവരണം ആവശ്യപ്പെടാത്ത ക്രൈസ്തവ സമൂഹത്തിന്റെ താത്പര്യം മുന്‍നിര്‍ത്തി മതപ്രചാരണാവകാശം വകവെച്ചുകൊടുക്കുക തന്നെ വേണമെന്ന് ഐ കൃഷ്ണസ്വാമി ഭാരതി തറപ്പിച്ചുപറഞ്ഞു. 19ാം ഖണ്ഡികയില്‍ പറയുന്ന അഭിപ്രായാവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ ഭാഗമാണെന്നതിനാല്‍ മതപ്രബോധനം തടയുന്നയില്‍ അര്‍ഥമില്ലെന്ന് കെ സന്താനം വാദിച്ചു. കെ കെ കൃഷ്ണനാമാചാരി, കെ എം മുന്‍ഷി തുടങ്ങിയ പ്രഗത്ഭമതികളുടെ അഭിപ്രായം കൂടി ഈ പക്ഷത്താണെന്ന് വന്നതോടെ എഴുതപ്പെട്ട ഒരു ഭരണഘടനയിലും പരാമര്‍ശിക്കാത്ത, മതത്തില്‍ വിശ്വസിക്കാനും മതമനുഷ്ഠിക്കാനും ആചരിക്കാനും പ്രചരിപ്പിക്കാനുമുള്ള അവകാശം 25ാം അനുഛേദത്തില്‍ മൗലികാവകാശമായി കുറിച്ചിടപ്പെടുകയായിരുന്നു. എന്നാല്‍, സവര്‍ണ ബ്രാഹ്മണിക്കല്‍ മേധാവിത്വം നിലനിന്നുകാണണമെന്ന് ശാഠ്യമുള്ളവര്‍, മതപരിവര്‍ത്തനാവകാശത്തെ സ്വതന്ത്ര്യലബ്ധി തൊട്ട് എതിര്‍ത്തത് ആ വഴിയുള്ള സാമൂഹിക മാറ്റങ്ങള്‍ ഹിന്ദുസമൂഹത്തില്‍ സൃഷ്ടിക്കാവുന്ന പ്രത്യാഘാതം ഭയന്നാണ്. മതപ്രചാരണാവകാശത്തെ അനുകൂലിച്ചെങ്കിലും സംഘടിതമായ മതം മാറ്റത്തോട് ജവഹര്‍ലാല്‍ നെഹ്‌റു യോജിച്ചില്ല. വ്യക്തികളുടെ മനസ്സാക്ഷിയുടെ തേട്ടത്തിന് ഉത്തരം നല്‍കാമെങ്കിലും ഒരു വിഭാഗം കൂട്ടമായി മതം മാറുന്നതിന്റെ ലക്ഷ്യം മറ്റൊന്നാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. അതേസമയം, ബുദ്ധമതത്തിലേക്കുള്ള കൂട്ടപലായനത്തില്‍ ആരും കുണ്ഠിതപ്പെട്ടില്ലെന്ന് അംബേദ്കറുടെ നേതൃത്വത്തിലുള്ള മതംമാറ്റത്തിന് കിട്ടിയ സ്വീകാര്യത വ്യക്തമാക്കുന്നു.

അതേസമയം, ക്രൈസ്തവ മിഷനറി പ്രവര്‍ത്തനങ്ങള്‍ക്കെതിരെ തുടക്കം മുതല്‍ ആര്‍ എസ് എസ് രംഗത്തുണ്ടായിരുന്നു. 1955ല്‍ വത്തിക്കാന്‍ സന്ദര്‍ശനം കഴിഞ്ഞു മടങ്ങിയ ജവഹര്‍ലാല്‍ നെഹ്‌റു അന്നത്തെ മധ്യപ്രദേശ് മുഖ്യമന്ത്രി രവിശങ്കര്‍ ശുക്ലക്ക് എഴുതിയ കത്തില്‍ പറയുന്നത്, സംസ്ഥാനത്ത് ക്രിസ്ത്യാനികള്‍ അഭിമുഖീകരിക്കുന്ന പ്രയാസങ്ങളില്‍ കത്തോലിക്ക മേധാവികള്‍ അങ്ങേയറ്റം ആശങ്കാകുലരാണെന്നാണ്. വിഷയം പഠിക്കാന്‍ നിയോഗിക്കപ്പെട്ട ജസ്റ്റിസ് ഭവാനി ശങ്കര്‍ കമ്മീഷന്‍ നല്‍കിയ റിപോര്‍ട്ടില്‍, പ്രലോഭനങ്ങളിലൂടെ നടക്കുന്ന മതപരിവര്‍ത്തന നീക്കങ്ങള്‍ക്ക് തടയിടാന്‍ കുറെ നിര്‍ദേശങ്ങള്‍ മുന്നോട്ടുവെക്കുന്നുണ്ട്. ഇതിനെ തുടര്‍ന്നാണ് മതപരിവര്‍ത്തന നിരോധന നിയമങ്ങള്‍ പല സംസ്ഥാനങ്ങളും കൊണ്ടുവന്നത്. കോണ്‍ഗ്രസ്സ് ശക്തമായിരുന്ന കാലഘട്ടത്തിലാണ് ഇത്തരം നിയമങ്ങള്‍ കൊണ്ടുവന്നതെന്ന സത്യം ഇപ്പോള്‍ വിസ്മരിക്കപ്പെടുകയാണ്. ഇത്തരം നിയമങ്ങള്‍ കൂടുതല്‍ കര്‍ക്കശമാക്കി ന്യൂനപക്ഷങ്ങളുടെ ജീവിതം ദുസ്സഹമാക്കിയതിന്റെ പരിണതിയാണ് ഛത്തീസ്ഗഢിലെ വിവാദ അറസ്റ്റെന്ന് ചേര്‍ത്തുവായിക്കുക.

ജാതീയമായ ഉച്ചനീചത്വങ്ങള്‍ അടക്കിവാഴുന്ന കാലത്തോളം ജീവിതവിമോചന പോംവഴിയായി കീഴാള, അവര്‍ണ വര്‍ഗം മതപരിവര്‍ത്തനം തിരഞ്ഞെടുക്കും. അത്തരം സാമൂഹിക വ്യവസ്ഥ വിപാടനം ചെയ്യുന്നതിനു പകരം മതങ്ങള്‍ക്ക് നേരെ ശത്രുത വെച്ചുപുലര്‍ത്തുന്നതും വേട്ടക്കൊരുങ്ങുന്നതും ഒരു പരിഷ്‌കൃത സമൂഹത്തിന് ഭൂഷണമല്ല.

 

 

Latest