Kerala
അടൂരിലെ യുവതിയുടെ മരണം; മതം മാറണമെന്നും സ്വകാര്യ ദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്നും പ്രതി ഭീഷണിപ്പെടുത്തി
മാസങ്ങള്‍ക്ക് മുന്‍പ് അരുണ്‍ മതം മാറി വിവാഹം കഴിക്കാന്‍ ഷഹാനയോട് ആവശ്യപ്പെട്ടെങ്കിലും യുവതി അത് നിരസിച്ചിരുന്നു
പത്തനംതിട്ട| അടൂരിലെ യുവതിയുടെ മരണത്തില്‍ അറസ്റ്റിലായ പ്രതി അരുണിനെതിരെ ഗുരുതര ആരോപണങ്ങളുമായി അന്വേഷണ സംഘം. മരിച്ച ഷഹാനയെ പ്രതി മതം മാറാന്‍ നിര്‍ബന്ധിക്കുകയും സ്വകാര്യ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്യ്തുവെന്ന് പോലീസ് വ്യക്തമാക്കുന്നു.
മാസങ്ങള്‍ക്ക് മുന്‍പ് അരുണ്‍ മതം മാറി വിവാഹം കഴിക്കാന്‍ ഷഹാനയോട് ആവശ്യപ്പെട്ടെങ്കിലും യുവതി അത് നിരസിച്ചിരുന്നു. തന്റെ കുഞ്ഞിനെ നോക്കി സ്വന്തം ജോലി ചെയ്ത് ജീവിക്കാനാണ് താല്‍പ്പര്യമെന്ന് ഷഹാന അരുണിനെ അറിയിച്ചിരുന്നു. ഇതിന്റെ വൈരാഗ്യത്തില്‍ പ്രതി യുവതിയെ ക്രൂരമായി മര്‍ദ്ദിച്ചിരുന്നതായി പോലീസ് കണ്ടെത്തി. ഷഹനയുടെ മൊബൈല്‍ ഫോണില്‍ നിന്നും സ്വകാര്യ ചിത്രങ്ങളും വീഡിയോകളും പ്രതി പകര്‍ത്തിയിരുന്നു. വിവാഹത്തിന് വഴങ്ങിയില്ലെങ്കില്‍ ഇവ സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിക്കുമെന്നും പ്രതി ഭീഷണിപ്പെടുത്തി.
മരിക്കുന്ന ദിവസം ഷഹാന വീട്ടിലേക്ക് പോകുന്ന സമയത്ത് പ്രതി വഴിയില്‍ കാത്തുനിന്ന് പുറകെ ചെല്ലുകയും വാതില്‍ തള്ളിത്തുറന്ന് അകത്ത് കയറുകയും ചെയ്തു. തുടര്‍ന്ന് ഇവര്‍ തമ്മില്‍ വഴക്കുണ്ടാകുകയും ഷഹാനയെ പ്രതി മര്‍ദ്ദിക്കുകയും ചെയ്തിരുന്നു. മര്‍ദ്ദിച്ച കാര്യം പ്രതി പോലീസിനോട് സമ്മതിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. നിലവില്‍ പ്രതി അരുണിനെതിരെ ആത്മഹത്യാ പ്രേരണാ കുറ്റം ചുമത്തിയാണ് അറസ്റ്റ് ചെയ്തത്. ഭർത്താവുമായി പിരിഞ്ഞു കഴിയുകയായിരുന്ന ഷഹനയെ കഴിഞ്ഞ തിങ്കളാഴ്ച രാത്രി ഏഴുമണിയോടെയാണ് വീട്ടിലെ സ്റ്റെയർകേസിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
Content Highlights:
The police investigation into the death of Shahana in Adoor has revealed shocking details against the accused Arun. The youth threatened to leak her private visuals and tortured her after she refused to change her religion. Arun has been arrested for abetment of suicide.




