UAE
യു എ ഇയിലെ ഇന്ത്യൻ പാസ്പോർട്ട് സേവനം; അൽ ഹിന്ദിന് നൽകിയ കരാർ ഡൽഹി ഹൈക്കോടതി റദ്ദാക്കി
നാല് രാജ്യങ്ങളിലെ വിസ-പാസ്പോർട്ട് സേവനങ്ങൾക്ക് പുതിയ ടെൻഡർ വിളിക്കാൻ ഉത്തരവ്
ദുബൈ | യു എ ഇ ഉൾപ്പെടെയുള്ള നാല് വിദേശ രാജ്യങ്ങളിലെ ഇന്ത്യൻ നയതന്ത്ര മിഷനുകളുടെ പാസ്പോർട്ട്, വിസ, സാക്ഷ്യപ്പെടുത്തൽ (അറ്റസ്റ്റേഷൻ) സേവനങ്ങൾ ഔട്ട്സോഴ്സ് ചെയ്യുന്നതിനായി സ്വകാര്യ ഏജൻസികൾക്ക് നൽകിയ കരാറുകൾ ഡൽഹി ഹൈക്കോടതി റദ്ദാക്കി. യു എ ഇയിൽ ഈ സേവനങ്ങളുടെ കരാർ സ്വന്തമാക്കിയിരുന്ന പ്രമുഖ മലയാളി ഗ്രൂപ്പായ അൽഹിന്ദ് ടൂർസ് ആൻഡ് ട്രാവൽസിന് ലഭിച്ച കരാറിന്റെ സാങ്കേതിക മൂല്യനിർണയമാണ് ഇന്നലെ കോടതി റദ്ദാക്കിയത്. ഇതോടെ അൽഹിന്ദ് യു എ ഇ യിൽ ആരംഭിക്കാനിരുന്ന ഇന്ത്യൻ കോൺസുലർ ആപ്ലിക്കേഷൻ സെന്ററുകളുടെ ഭാവി അനിശ്ചിതത്തിലായി.
യു എ ഇക്ക് പുറമെ കുവൈത്ത്, സിംഗപ്പൂർ, കാൻബറ (ഓസ്ട്രേലിയ) എന്നീ നാല് ഇന്ത്യൻ മിഷനുകളിലെയും കരാറുകളാണ് കോടതി റദ്ദാക്കിയത്. ഈ നാല് രാജ്യങ്ങളിലെയും കോൺസുലാർ സേവനങ്ങൾക്കായി ഒരു മാസത്തിനകം പുതിയ ടെൻഡർ നടപടികൾ ആരംഭിക്കാനും പ്രക്രിയ എത്രയും വേഗം പൂർത്തിയാക്കാനും കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തോട് ഹൈക്കോടതി ഉത്തരവിട്ടു.
കരാർ നടപടികളിലെ സാങ്കേതിക മൂല്യനിർണയത്തിൽ തങ്ങളെ ഒഴിവാക്കിയതിന് കൃത്യമായ കാരണം കാണിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി ഇ ട്രാവൽ ടെക് ലിമിറ്റഡ്, വെരാസിസ് സിസ്റ്റംസ് എന്നീ കമ്പനികൾ നൽകിയ ഹരജികളിലാണ് കോടതിയുടെ ഈ സുപ്രധാന വിധി. സിംഗപ്പൂരിൽ ഐ വി എസ് ഗ്ലോബൽ, ഓസ്ട്രേലിയയിൽ വി എഫ് എസ് ഗ്ലോബൽ, കുവൈത്തിൽ ഡു ഡിജിറ്റൽ ഗ്ലോബൽ എന്നിവരായിരുന്നു മറ്റ് രാജ്യങ്ങളിൽ കരാർ നേടിയിരുന്നത്.
ജൂലൈ ഒന്ന് മുതൽ അൽ ഹിന്ദ് സേവനങ്ങൾ ഏറ്റെടുക്കേണ്ടതായിരുന്നെങ്കിലും
പുതിയ ടെൻഡർ നടപടികൾ പൂർത്തിയാകുന്നതുവരെ പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാകാതിരിക്കാൻ, നിലവിൽ ഈ രംഗത്ത് പ്രവർത്തിച്ചിരുന്ന മുൻ ഏജൻസികൾക്ക് താത്കാലികമായി അനുമതി നൽകാവുന്നതാണെന്ന് കോടതി വിധി വ്യക്തമാക്കുന്നുണ്ട്. യു എ ഇയിൽ നേരത്തെ ഈ സേവനങ്ങൾ നൽകിയിരുന്ന ബി എൽ എസ് ഇന്റർനാഷണൽ, എസ് ജി ഐ വി എസ് ഗ്ലോബൽ സർവീസസ് എന്നിവരുടെ കരാർ കാലാവധി ജൂൺ 30-ഓടെ അവസാനിച്ചിരുന്നു. എന്നാൽ കോടതി വിധിയിൽ “മുൻ ഏജൻസികൾക്ക് അനുമതി നൽകാം’ എന്ന് മാത്രമാണ് പ്രതിപാദിക്കുന്നത് എന്നതിനാൽ, ഇവരെ തിരികെ വിളിക്കണമോ അതോ നിലവിലെ താത്കാലിക സംവിധാനം തുടരണമോ എന്ന കാര്യത്തിൽ ഇന്ത്യൻ അധികൃതർ അന്തിമ തീരുമാനമെടുക്കേണ്ടതുണ്ട്.
അനിശ്ചിതത്തിലായി പ്രവാസികൾ
യു എ ഇയിലെ 45 ലക്ഷത്തോളം വരുന്ന ഇന്ത്യൻ പ്രവാസികളെ നേരിട്ട് ബാധിക്കുന്നതാണ് ഈ കോടതി ഉത്തരവ്. പുതിയ ഏജൻസിയെ നിശ്ചയിക്കുന്നത് വരെയോ അല്ലെങ്കിൽ മുൻ ഏജൻസികൾക്ക് താൽക്കാലിക ചുമതല നൽകുന്നത് വരെയോ എംബസിയുടെയും കോൺസുലേറ്റിന്റെയും നേരിട്ടുള്ള സേവനങ്ങൾ തുടരും. നിലവിൽ പാസ്പോർട്ട്-വിസ അപേക്ഷകർ book.passportindiauae.com എന്ന പോർട്ടൽ വഴി മുൻകൂട്ടി അപ്പോയിന്റ്‌മെന്റ് എടുക്കേണ്ടതുണ്ട്. അബൂദബിയിലെ ഇന്ത്യൻ എംബസിയിൽ പ്രവൃത്തി ദിവസങ്ങളിൽ രാവിലെ ഒമ്പത് മുതൽ 11 വരെ നേരിട്ടെത്തുന്നവർക്കും അനുമതിയുണ്ട്.
എന്നാൽ ദുബൈ കോൺസുലേറ്റിൽ അപ്പോയിൻമെന്റ് ഉള്ളവർക്ക് മാത്രമാണ് പ്രവേശനം. വേനലവധിക്കാലത്ത് പലർക്കും വേഗത്തിൽ സേവനങ്ങൾ ലഭിക്കുന്നതിന് തടസ്സം നേരിടുന്നുണ്ട്. അപ്പോയിൻമെന്റ്‌ലഭിക്കാത്തതും പുതിയ വെബ്സൈറ്റ് ഹാങ്ങ് ആവുന്നതും നീണ്ട ക്യൂവിൽ നിൽക്കേണ്ടതുമൊക്കെ വലിയ പ്രതിസന്ധിയായി തുടരുകയാണ്. കോടതി വന്ന സാഹചര്യത്തിൽ ഇടക്കാല ക്രമീകരണങ്ങൾ എന്തൊക്കെ വേണമെന്ന കാര്യത്തിൽ ഇന്ത്യൻ എംബസിയുടെ ഔദ്യോഗിക പ്രതികരണത്തിനായി പ്രവാസി സമൂഹം കാത്തിരിക്കുകയാണ്.
Content Highlights:
The Delhi High Court cancelled outsourced contracts for passport and visa services in four Indian missions including the UAE. Tech evaluation failures led to the cancellation of the contract awarded to Alhind Tours and Travels. The court ordered the MEA to initiate fresh tenders within one month.




