Kerala
ശബരിമല അവലോകന യോഗത്തില്‍ നിന്നും എഡിജിപി അജിത് കുമാറിനെ ഒഴിവാക്കി
മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ നടന്ന യോഗത്തില്‍ നിന്നാണ് നിലവില്‍ ക്രമസമാധാന ചുമതല വഹിക്കുന്ന എഡിജിപിയായ എം ആര്‍ അജിത് കുമാറിനെ ഒഴിവാക്കിയത്
തിരുവനന്തപുരം | ശബരിമല അവലോകന യോഗത്തില്‍ നിന്ന് എഡിജിപി എം ആര്‍ അജിത് കുമാറിനെ പങ്കെടുപ്പിച്ചില്ല. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ നടന്ന യോഗത്തില്‍ നിന്നാണ് നിലവില്‍ ക്രമസമാധാന ചുമതല വഹിക്കുന്ന എഡിജിപിയായ എം ആര്‍ അജിത് കുമാറിനെ ഒഴിവാക്കിയത്. ഡിജിപിയും ഇന്റലിജന്‍സ് ഹെഡ് ക്വാട്ടേഴ്സ് എഡിജിപിമാരുമാണ് യോഗത്തില്‍ പങ്കെടുത്തത്. നിരവധി ആരോപണങ്ങള്‍ നേരിടുന്ന അജിത് കുമാറിനെ ക്രമസമാധാന ചുമതലയില്‍ നിന്നും മാറ്റിയേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് യോഗത്തില്‍ നിന്നും ഇദ്ദേഹത്തെ മാറ്റി നിര്‍ത്തിയിരിക്കുന്നതെന്നത് ശ്രദ്ധേയമാണ്.
അജിത് കുമാറിന്റെ ശബരിമലയിലെ ഇടപെടലില്‍ വിമര്‍ശനങ്ങള്‍ ഉയരുകയും അജിത് കുമാറിനെതിരെ ഇന്റലിജന്‍സ് റിപ്പോര്‍ട്ട് പുറത്തുവരികയും ചെയ്ത സാഹചര്യത്തിലാണിത്. ക്രമസമാധാന ചുമതലയുള്ള എഡിജിപി എന്ന സ്ഥാനത്തുനിന്ന് അജിത് കുമാറിനെ മാറ്റണമെന്ന് സിപിഐ ഉള്‍പ്പെടെ ആവര്‍ത്തിച്ച് ആവശ്യപ്പെട്ടുവരികയാണ്.
ശബരിമലയില്‍ ഇത്തവണ ഓണ്‍ലൈന്‍ ബുക്കിങ്ങ് മാത്രം അനുവദിക്കാന്‍ യോഗത്തില്‍ തീരുമാനിച്ചു. ഒരു ദിവസം പരമാവധി 80,000 പേര്‍ക്ക് ദര്‍ശന സൗകര്യം ഒരുക്കും. വെര്‍ച്ച്വല്‍ ക്യൂ ബുക്കിങ്ങ് സമയത്ത് തന്നെ യാത്രാ വഴി തെരഞ്ഞെടുക്കാനുള്ള അവസരം ഒരുക്കും. അതുവഴി തീര്‍ത്ഥാടകര്‍ക്ക് തിരക്ക് കുറഞ്ഞ യാത്രാ വഴി തെരഞ്ഞെടുക്കാനാവും.