Connect with us

Kerala

നടിയെ ആക്രമിച്ച കേസ്: വിചാരണ പൂര്‍ത്തിയാക്കാന്‍ മാര്‍ച്ച് 31 വരെ സമയം നീട്ടി നല്‍കി സുപ്രീംകോടതി

വിചാരണക്കോടതി ജഡ്ജിയുടെ റിപ്പോര്‍ട്ട് പരിഗണിച്ചാണ് സുപ്രീംകോടതിയുടെ നടപടി.

Published

|

Last Updated

ന്യൂഡല്‍ഹി| നടിയെ ആക്രമിച്ച കേസില്‍ വിചാരണ വേഗത്തില്‍ പൂര്‍ത്തിയാക്കണമെന്ന് സുപ്രീംകോടതി. വിചാരണ പൂര്‍ത്തിയാക്കാന്‍ മാര്‍ച്ച് 31 വരെ സമയം നല്‍കിയിട്ടുണ്ട്. വിചാരണ പൂര്‍ത്തിയാക്കി വിധി പറയാന്‍ വീണ്ടും സമയം നീട്ടി നല്‍കണമെന്ന വിചാരണക്കോടതി ജഡ്ജിയുടെ റിപ്പോര്‍ട്ട് പരിഗണിച്ചാണ് സുപ്രീംകോടതിയുടെ നടപടി.

കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോള്‍ വിചാരണ ജൂലായ് 31 ന് ഉള്ളില്‍ പൂര്‍ത്തിയാക്കണമെന്ന് സുപ്രീംകോടതി നിര്‍ദ്ദേശം നല്‍കിയിരുന്നു. എന്നാല്‍ സാക്ഷി വിസ്താരം പൂര്‍ത്തിയാക്കാന്‍ മാത്രം മൂന്ന് മാസം വേണമെന്നും ആറ് സാക്ഷികളുടെ വിസ്താരം ബാക്കിയുണ്ടെന്നും വിചാരണക്കോടതി ജഡ്ജി ഹണി എം വര്‍ഗീസ് സുപ്രീംകോടതിയോട് ആവശ്യപ്പെട്ടു. വിചാരണക്കോടതി ജഡ്ജിയുടെ ആവശ്യം ജസ്റ്റിസുമാരായ അനിരുദ്ധ ബോസ്, ബേല എം. ത്രിവേദി എന്നിവരടങ്ങിയ സുപ്രീംകോടതി ബെഞ്ചാണ് പരിഗണിച്ചത്.

നടിയെ ആക്രമിച്ച കേസില്‍ മെമ്മറി കാര്‍ഡ് പരിശോധിച്ചതില്‍ അന്വേഷണം ആവശ്യപ്പെടുന്നത് വിചാരണ നീട്ടിക്കൊണ്ടുപോകാനാണെന്ന് ദിലീപ് നേരത്തെ ഹൈക്കോടതിയില്‍ ആരോപിച്ചിരുന്നു. വിചാരണ നീട്ടിക്കൊണ്ടുപോകാനുള്ള ശ്രമത്തില്‍ പ്രോസിക്യൂഷന്‍ കൈകോര്‍ക്കുകയാണെന്നാണ് ദിലീപിന്റെ വാദം. കോടതിയുടെ കസ്റ്റഡിയിലിരിക്കെ മെമ്മറി കാര്‍ഡ് അനധികൃതമായി തുറന്ന സംഭവത്തില്‍ കോടതി മേല്‍നോട്ടത്തില്‍ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് അതിജീവിത നല്‍കിയ ഹരജിയിലാണ് ദിലീപ് നിലപാട് അറിയിച്ചത്.

 

 

Latest