Connect with us

Kerala

നടന്‍ ജോജു ജോര്‍ജിന്റെ കാര്‍ തകര്‍ത്ത കേസ്; കോണ്‍ഗ്രസ് നേതാവ്  ടോണി ചമ്മിണി അടക്കമുള്ള പ്രതികള്‍ കീഴടങ്ങി 

മുന്‍മേയര്‍ ടോണി ചമ്മിണി ഉള്‍പ്പടെയുള്ളവരാണ് മരട് പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങിയത്.

Published

|

Last Updated

കൊച്ചി  | ഇന്ധന വിലവര്‍ധനയ്‌ക്കെതിരായ റോഡ് ഉപരോധ സമരത്തിനിടെ നടന്‍ ജോജു ജോര്‍ജിന്റെ കാര്‍ തകര്‍ത്ത കേസിലെ പ്രതികളായ കോണ്‍ഗ്രസ് നേതാക്കള്‍ കീഴടങ്ങി. കൊച്ചി മുന്‍മേയര്‍ ടോണി ചമ്മിണി ഉള്‍പ്പടെയുള്ളവരാണ്  കീഴടങ്ങിയത്. ടോണി ചമ്മിണിക്ക് പുറമെ യൂത്ത് കോണ്‍ഗ്രസ് നേതാവ് സി ഐ ഷാജഹാന്‍ തുടങ്ങി നാല് നേതാക്കളാണ് പ്രകടനമായി എത്തി മരട് പോലീസ് സ്റ്റേഷനില്‍ കീഴടങ്ങിയത്.

കേസില്‍ കൂടുതല്‍ പ്രതികള്‍ ഉള്ളതിനാല്‍ നേരത്തേ അറസ്റ്റിലായ പ്രതിയുടെ ജാമ്യം കോടതി നിഷേധിച്ചിരുന്നു. വീണ്ടും കോടതിയെ സമീപിച്ചാലും കൂടുതല്‍ പ്രതികള്‍ കീഴടങ്ങാനുള്ള സാഹചര്യത്തില്‍ ജാമ്യം ലഭിക്കാനുള്ള സാധ്യത കുറവാണ്.ഈ സാഹചര്യത്തിലാണ് മറ്റ് പ്രതികളോട് കീഴടങ്ങാന്‍ കോണ്‍ഗ്രസ് നേതൃത്വം ആവശ്യപ്പെട്ടിരിക്കുന്നത്.

സ്വകാര്യ വ്യക്തികളുടെ സ്വത്തിനു സംരക്ഷണം നല്‍കുന്ന നിയമം അനുസരിച്ചാണ് പ്രതികള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.  അറസ്റ്റ് ഭയന്ന് പ്രതികള്‍ ഒളിവില്‍ പോയിരുന്നു. എന്നാല്‍ എല്ലാവരോടും തിരികെ വന്നു കീഴടങ്ങാന്‍ പാര്‍ട്ടി നിര്‍ദേശിക്കുകയായിരുന്നു. കേസില്‍ വൈറ്റില ഓട്ടോറിക്ഷ തൊഴിലാളി യൂണിയന്‍ ഐഎന്‍ടിയുസി നേതാവ് ജോസഫ് ജോര്‍ജിനെയും തൃക്കാക്കര കോണ്‍ഗ്രസ് മണ്ഡലം മുന്‍ പ്രസിഡന്റ് ഷെരീഫ് ബുഹാരിയെയും പോലീസ് നേരത്തെ അറസ്റ്റു ചെയ്തു. ഇരുവരും നിലവില്‍ റിമാന്‍ഡിലാണ്.