Kerala
സംസ്ഥാന സ്‌കൂള്‍ കലോത്സവം; മാപ്പിളപ്പാട്ടില്‍ തുടര്‍ച്ചയായ നേട്ടവുമായി മഅ്ദിന്‍ വിദ്യാര്‍ഥി അജ്സല്‍
തുടര്‍ച്ചയായ രണ്ടാം തവണയും എ ഗ്രേഡ് നേട്ടം. ഹയര്‍ സെക്കന്‍ഡറി വിഭാഗം ബോയ്സ് മാപ്പിളപ്പാട്ടിലാണ് എ ഗ്രേഡ്.
തൃശൂര്‍ | സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ മാപ്പിളപ്പാട്ടില്‍ തുടര്‍ച്ചയായ രണ്ടാം തവണയും എ ഗ്രേഡ് നേട്ടം സ്വന്തമാക്കി അജ്സല്‍. 64-ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗം ബോയ്സ് മാപ്പിളപ്പാട്ടിലാണ് അജ്സലിന് എ ഗ്രേഡ് ലഭിച്ചത്. കഴിഞ്ഞ വര്‍ഷം തിരുവനന്തപുരത്ത് വെച്ചു നടന്ന സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിലും എ ഗ്രേഡ് നേടിയിരുന്നു. മലപ്പുറം മേല്‍മുറി മഅ്ദിന്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിയായ കെ എം അജ്സല്‍, കഴിഞ്ഞവര്‍ഷം പാലക്കാട് നടന്ന എസ് എസ് എഫ് സംസ്ഥാന സാഹിത്യോത്സവില്‍ ജൂനിയര്‍ മാപ്പിളപ്പാട്ടില്‍ ഒന്നാം സ്ഥാനം നേടിയിരുന്നു.
ബദ്റുദ്ദീന്‍ പാറന്നൂര്‍ രചിച്ച് ഫാഹിസ് ഹംസ സംഗീതം നല്‍കിയ കര്‍ബല ഖിസ്സപ്പാട്ടിലെ ”ചിന്താര തേന്‍ മലരിദളം” എന്നു തുടങ്ങുന്ന വരികളാണ് അജ്സല്‍ ഇത്തവണ ആലപിച്ചത്. മഅ്ദിന്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ മലയാള അധ്യാപകനായ ബഷീര്‍ മുടിക്കോടും മഅ്ദിന്‍ കോളജ് ഓഫ് ഇന്റഗ്രേറ്റഡ് സ്റ്റഡീസ് എജ്യുപാര്‍ക്ക് വിദ്യാര്‍ഥി യാസിര്‍ കാവതികളവും ചേര്‍ന്നാണ് പരിശീലനം നല്‍കിയത്.
തൃശൂര്‍ കാരിക്കുളം സ്വദേശിയായ അജ്സല്‍, മഅ്ദിന്‍ കോളജ് ഓഫ് ഇന്റഗ്രേറ്റഡ് സ്റ്റഡീസ് എജ്യുപാര്‍ക്ക് ദഅ്‌വ ഹയര്‍ സെക്കന്‍ഡറി ഒന്നാം വര്‍ഷ സയന്‍സ് വിദ്യാര്‍ഥി കൂടിയാണ്. മുഹമ്മദ് ശിഹാബ്-ഹസീന ദമ്പതികളുടെ മകനാണ്.



