Connect with us

editorial

പോലീസിലെ ക്രിമിനലുകള്‍ക്കെതിരെ നടപടി തുടരണം

സമ്മര്‍ദങ്ങളെ അതിജീവിച്ച് പോലീസ് സേനയിലെ ചില അംഗങ്ങള്‍ക്കെതിരെ അച്ചടക്ക നടപടിയുമായി മുന്നോട്ടു പോകാന്‍ ആഭ്യന്തര വകുപ്പ് ആര്‍ജവം കാണിക്കണം.

Published

|

Last Updated

പോലീസിന്റെ മുഖം നന്നാക്കാനുള്ള തീരുമാനത്തിലാണ് ആഭ്യന്തര വകുപ്പ്. ബേപ്പൂര്‍ തീരദേശ പോലീസ് സേനയിലെ സി ഐ. പി ആര്‍ സുനുവിനെ സേനയില്‍ നിന്ന് പിരിച്ചുവിട്ട നടപടി ഇതിന്റെ തുടക്കമാണെന്നാണ് ആഭ്യന്തര വകുപ്പിന്റെ വിശദീകരണം. നിരന്തരം കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്ന പശ്ചാത്തലത്തില്‍ പോലീസ് ആക്ടിലെ വകുപ്പ് 86 പ്രകാരമാണ് സുനുവിനെ ഡി ജി പി പുറത്താക്കിയത്. സ്ഥിരമായി ഗുരുതര കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നവരെ സര്‍വീസില്‍ തുടരാന്‍ അനുവദിക്കാതെ അയോഗ്യരാക്കുന്നതാണ് ഈ വകുപ്പ്. സംസ്ഥാനത്ത് ഇതാദ്യമായാണ് ആക്ട് 86 ഉപയോഗിച്ച് ഒരു പോലീസുകാരനെ പിരിച്ചുവിടുന്നത്. തൃക്കാക്കരയില്‍ യുവതി കൂട്ടബലാത്സംഗത്തിന് ഇരയായ കേസിലുള്‍പ്പെടെ ഒമ്പത് ക്രിമിനല്‍ കേസുകള്‍ സുനുവിനെതിരെ ചാര്‍ത്തപ്പെട്ടിട്ടുണ്ട്. നേരത്തേ ഇയാള്‍ 15 തവണ വകുപ്പുതല നടപടിയും ആറ് തവണ സസ്പെന്‍ഷനും നേരിട്ടിരുന്നു.

സേനയിലെ 58 പേരെ കൂടി പിരിച്ചുവിടാനുള്ള നീക്കമുണ്ട്. സുനുവിനെ പിരിച്ചുവിടുന്നത് സംബന്ധിച്ച റിപോര്‍ട്ടില്‍ ഡി ജി പി അനില്‍കാന്ത് ഇക്കാര്യം സര്‍ക്കാറിനെ അറിയിക്കുകയും നിയമ സെക്രട്ടറി ഹരി നായര്‍ വ്യവസ്ഥകളോടെ ഈ റിപോര്‍ട്ടിന് അംഗീകാരം നല്‍കുകയും ചെയ്തതായാണ് വിവരം. സേനയിലെ ക്രിമിനലുകളെ പിരിച്ചുവിടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ വ്യക്തമാക്കുകയും ചെയ്തിരുന്നു. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ അക്രമം, കസ്റ്റഡി മരണം, ഒരേ കുറ്റം ആവര്‍ത്തിക്കല്‍, സ്ത്രീധന പീഡനം തുടങ്ങിയ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടവരെയാണ് ഡി ജി പി അനില്‍കാന്ത് നല്‍കിയ പട്ടികയില്‍ പെടുത്തിയിരിക്കുന്നത്. എങ്കിലും ഈ ഉദ്യോഗസ്ഥരുടെ ഭാഗം കൂടി കേട്ട ശേഷം നടപടി സ്വീകരിക്കാനാണ് തീരുമാനം. മേലുദ്യോഗസ്ഥര്‍ക്കും ഡി ജി പിക്കും അപ്പീല്‍ സമര്‍പ്പിക്കാന്‍ ഇവര്‍ക്ക് അവസരം നല്‍കും.

ഒരു സര്‍ക്കാറിന്റെ പ്രതിച്ഛായയില്‍ മുഖ്യഘടകമാണ് പോലീസിന്റെ പ്രവര്‍ത്തനം. സേനയുടെ പ്രവര്‍ത്തനം മികച്ചതെങ്കില്‍ സര്‍ക്കാറിന് അഭിമാനപൂര്‍വം തലയുയര്‍ത്തി നില്‍ക്കാനാകും. അല്ലെങ്കില്‍ തല കുനിച്ചു നില്‍ക്കേണ്ടി വരികയും ചെയ്യും. മറ്റെല്ലാ കാര്യത്തിലും മികച്ച പ്രവര്‍ത്തനം കാഴ്ച വെച്ചാലും പോലീസ് മോശമെങ്കില്‍ സര്‍ക്കാറിന്റെ മൊത്തം പ്രതിച്ഛായയെ അത് ബാധിക്കും. പ്രതിപക്ഷം സര്‍ക്കാറിനെ വിമര്‍ശിക്കാന്‍ മുഖ്യ ആയുധമാക്കാറുള്ളത് പോലീസിന്റെ കൊള്ളരുതായ്മയും വഴിവിട്ട പ്രവര്‍ത്തനങ്ങളുമാണ്. പിണറായി സര്‍ക്കാര്‍ കഴിഞ്ഞ ആറര വര്‍ഷക്കാലയളവില്‍ കൂടുതല്‍ പഴികേള്‍ക്കേണ്ടി വന്നത് പോലീസിനെ ചൊല്ലിയായിരുന്നു. ഏറ്റുമുട്ടല്‍ കൊലപാതകം, കസ്റ്റഡി മരണങ്ങള്‍, യു എ പി എ ദുരുപയോഗം, പരാതിയുമായി എത്തുന്നവരോട് മനുഷ്യത്വരഹിതമായ പെരുമാറ്റം തുടങ്ങി നിരവധി ആരോപണങ്ങളാണ് പോലീസ് സേന അഭിമുഖീകരിക്കേണ്ടി വന്നത്. രാജ്യത്ത് ഏറ്റവും കൂടുതല്‍ മനുഷ്യാവകാശ ലംഘനങ്ങള്‍ നടക്കുന്നത് പോലീസ് സ്റ്റേഷനുകളിലാണെന്നാണ് സുപ്രീം കോടതി മുന്‍ ചീഫ് ജസ്റ്റിസ് എന്‍ വി രമണ അഭിപ്രായപ്പെട്ടത്. മനുഷ്യത്വം അന്യം നില്‍ക്കുന്ന ഇടങ്ങളാകുകയാണ് പോലീസ് സ്റ്റേഷനുകള്‍. കേരളവും ഇതിനപവാദമല്ല. ഇടതുപക്ഷത്തിന്റെ പ്രഖ്യാപിത നയങ്ങളോട് ഒട്ടും പൊരുത്തപ്പെടാത്ത ആര്‍ എസ് എസ് വിധേയത്വവും പോലീസിനെതിരെ വ്യാപകമായി ആരോപിക്കപ്പെടുന്നുണ്ട്. സേനയില്‍ ആര്‍ എസ് എസ് ഗ്യാംഗ് പ്രവര്‍ത്തിക്കുന്നുവെന്ന ആരോപണവുമായി സി പി ഐ ദേശീയ നേതാവ് ആനി രാജ വരെ രംഗത്തുവന്നു. സേനയിലെ വിരലിലെണ്ണാവുന്ന ചിലരുടെ പ്രവൃത്തികള്‍ സേനക്ക് മൊത്തം കളങ്കമുണ്ടാക്കുന്നുവെന്ന് പിണറായിക്കു തന്നെ പറയേണ്ടി വന്നു.

ജനസേവകരാണ് പോലീസുകാര്‍. അഥവാ അങ്ങനെയായിരിക്കണം. ജനങ്ങളുടെ പരാതികളും ആവശ്യങ്ങളും കേള്‍ക്കുകയും പരിഹരിക്കുകയും സേവനങ്ങള്‍ ലഭ്യമാക്കുകയുമാണ് അവരുടെ ചുമതല. മാന്യമായ പെരുമാറ്റവും ഹൃദ്യമായ ഇടപെടലുകളുമാണ് അവരില്‍ നിന്ന് പ്രകടമാകേണ്ടത്. തന്റെ മുന്നില്‍ പരാതിയുമായി എത്തുന്ന ഒരു വ്യക്തിക്ക് പോലീസ് ഉദ്യോഗസ്ഥന്‍ തന്നേക്കാള്‍ പ്രാധാന്യം നല്‍കണമെന്നാണ് മുഖ്യമന്ത്രി പിണറായി സേനാംഗങ്ങളെ ഉപദേശിച്ചത്. ഖേദകരമെന്നു പറയട്ടെ, ബ്രിട്ടീഷ് ആധിപത്യത്തില്‍ നിന്ന് മോചിതമായി ഏഴ് പതിറ്റാണ്ടുകള്‍ കഴിഞ്ഞിട്ടും ബ്രിട്ടീഷ് പോലീസിന്റെ അപരിഷ്‌കൃത മുറകളും സംസ്‌കാരവുമാണ് നമ്മുടെ പോലീസില്‍ ഒരു വിഭാഗം ഇന്നും പിന്തുടരുന്നത്. മൂന്നാംമുറ പ്രയോഗം തങ്ങളുടെ അവകാശമായി കാണുന്നവരാണ് സേനയില്‍ ഒരു വിഭാഗം. സംസ്ഥാനത്ത് കസ്റ്റഡി മരണങ്ങള്‍ റിപോര്‍ട്ട് ചെയ്യപ്പെടുന്നതിന്റെ സാഹചര്യമിതാണ്.

സംസ്ഥാന പോലീസിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്താനും ജനകീയമാക്കാനും നിരവധി ശ്രമങ്ങള്‍ നടന്നിട്ടുണ്ട്. ജനമൈത്രി പോലീസ് പദ്ധതി ഇതിന്റെ ഭാഗമായിരുന്നു. പക്ഷേ എവിടെയുമെത്തിയില്ല. ജനവിരുദ്ധ പ്രവര്‍ത്തനങ്ങളാണ് ജനമൈത്രി പോലീസ് എന്ന ബോര്‍ഡ് വെച്ച സ്‌റ്റേഷനുകളില്‍ നിന്ന് പലപ്പോഴും റിപോര്‍ട്ട് ചെയ്യപ്പെടുന്നത്. ദുബൈ പോലീസിന്റെ മാതൃകയില്‍ കേരളത്തിലെ സേനയെ മാറ്റിയെടുക്കാന്‍ കോടിയേരി ബാലകൃഷ്ണന്‍ ആഭ്യന്തര മന്ത്രിപദം കൈകാര്യം ചെയ്തിരുന്ന കാലത്ത് ശ്രമം നടത്തിയിരുന്നു. ആഗോള പ്രശംസ പിടിച്ചു പറ്റിയതാണ് ദുബൈയിലെ പോലീസ് പ്രവര്‍ത്തനം. 2021നേക്കാള്‍ 2022ല്‍ ദുബൈയില്‍ കുറ്റകൃത്യങ്ങള്‍ 77 ശതമാനം കുറഞ്ഞു. പൊതുസമൂഹത്തില്‍ നിന്ന് പോലീസിനെതിരായ പരാതികള്‍ അപൂര്‍വമാണവിടെ. ഈ രീതിയിലൊരു മാറ്റം കേരള പോലീസിലും വരേണ്ടതുണ്ട്. ഇത് സാധ്യമാകണമെങ്കില്‍ കുറ്റവാസനയുള്ളവരെ സേനയില്‍ നിന്ന് മാറ്റി നിര്‍ത്തേണ്ടത് അനിവാര്യമാണ്. ഈ സാഹചര്യത്തില്‍ ഗൗരവതരമായ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നവരെ പിരിച്ചുവിടാനുള്ള സംസ്ഥാന ആഭ്യന്തര വകുപ്പിന്റെ നീക്കം സ്വാഗതാര്‍ഹമാണ്. അതേസമയം ക്രിമിനല്‍ കേസുകളില്‍ പ്രതികളായ പോലീസ് ഉദ്യോഗസ്ഥരില്‍ മിക്കവരും രാഷ്ട്രീയ പാര്‍ട്ടികളുടെ സംരക്ഷണയിലാണെന്ന കാര്യം രഹസ്യമല്ല. ബ്ലാക്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് വേണ്ടി രാഷ്ട്രീയ നേതാക്കള്‍ ശിപാര്‍ശയുമായി രംഗത്തുവരാന്‍ സാധ്യതയുണ്ട്. അത്തരം സമ്മര്‍ദങ്ങളെ അതിജീവിച്ച് പോലീസ് സേനയിലെ ചില അംഗങ്ങള്‍ക്കെതിരെ അച്ചടക്ക നടപടിയുമായി മുന്നോട്ടു പോകാന്‍ ആഭ്യന്തര വകുപ്പ് ആര്‍ജവം കാണിക്കണം.