Kerala
കൃഷി നശിപ്പിക്കുന്ന മയിലുകളെ കൊല്ലാൻ നടപടി വരുന്നു
കാട്ടുപന്നി, കുരങ്ങ്, കാട്ടാന തുടങ്ങിയ വന്യമൃഗങ്ങളെ പോലെ കൂട്ടത്തോടെ വരുന്ന മയിലുകൾ വൻതോതിൽ കൃഷി നശിപ്പിക്കുന്നതായി വ്യാപക പരാതി കർഷകരിൽ നിന്ന് വനം വകുപ്പ് അധികൃതർക്ക് ലഭിച്ചിട്ടുണ്ട്.
പാലക്കാട് | കാർഷിക വിള നശിപ്പിക്കുന്ന മയിലുകളെ കൊല്ലാൻ വനം വകുപ്പ് നടപടി സ്വീകരിക്കുന്നു. ഇത് സംബന്ധിച്ച് പ്രാരംഭ നടപടികൾക്ക് രൂപം നൽകിവരുന്നതായി വനം വകുപ്പ് അധികൃതർ അറിയിച്ചു. കാട്ടുപന്നി, കുരങ്ങ്, കാട്ടാന തുടങ്ങിയ വന്യമൃഗങ്ങളെ പോലെ കൂട്ടത്തോടെ വരുന്ന മയിലുകൾ വൻതോതിൽ കൃഷി നശിപ്പിക്കുന്നതായി വ്യാപക പരാതി കർഷകരിൽ നിന്ന് വനം വകുപ്പ് അധികൃതർക്ക് ലഭിച്ചിട്ടുണ്ട്. നെല്ലിന് പുറമെ ചക്ക, മത്തങ്ങ, മുളക് തുടങ്ങിയ പച്ചക്കറി കൃഷികളും വ്യാപകമായി മയിൽ കൂട്ടം നശിപ്പിക്കുന്നുണ്ട്. ഇത്തരത്തിൽ ലക്ഷക്കണക്കിന് രൂപയുടെ നഷ്്ടമാണ് കർഷകർക്കുണ്ടാകുന്നത്. ദേശീയ പക്ഷിയെന്ന നിലക്ക് വന്യജീവി സംരക്ഷണ നിയമപ്രകാരം മയിലുകൾക്ക് പരിരക്ഷയുണ്ട്.
പ്രകൃതി നിയമമനുസരിച്ച് മയിലുകളുടെ വംശവർധവ് നിയന്ത്രിക്കുന്നത് കടുവ, പുള്ളിപ്പുലി, കുറുക്കൻ തുടങ്ങിയവയുടെ സ്വഭാവിക വേട്ടമൂലമാണ്. ജനവാസ കേന്ദ്രങ്ങളിൽ ഇത്തരം വേട്ട മൃഗങ്ങളുടെ അഭാവവും നിയമ പരിരക്ഷയുമാണ് മയിലുകളുടെ കുത്തനെയുള്ള വർധനവിനിടയാക്കുന്നതെന്ന് വനം വകുപ്പ് അധികൃതർ പറയുന്നു. കാർഷിക വിള വ്യാപകമായി നശിപ്പിക്കുന്നുവെന്ന പരാതിയെ തുടർന്ന് കാട്ടുപന്നികളെ കൊല്ലാൻ വനം വകുപ്പ് നടപടി സ്വീകരിച്ചു വരികയാണ്. ഇതിന് പിന്നാലെയാണ് മയിലുകളെ കൊല്ലുന്നതിനുള്ള തീരുമാനം.
പാലക്കാട്, തൃശൂർ ജില്ലകളിലാണ് മയിൽ ശല്യ പരാതികൾ ഏറെയും. ഇതിനായി വനം വകുപ്പിന്റെ നേതൃത്വത്തിൽ സമിതി രൂപവത്കരിക്കും.
തോക്ക് ലൈസൻസുള്ളവർ, പരിശീലനം നേടിയ സന്നദ്ധ പ്രവർത്തകർ, വനപാലകർ എന്നിവരെ ഉൾപ്പെടുത്തിയാണ് സമിതി രൂപവത്്കരിക്കുക. ഡിവിഷൻ ഫോറസ്റ്റ് ഓഫീസർ സമിതിയുടെ മേൽനോട്ടം വഹിക്കും.
ഈ സമിതി മയിൽ ശല്യം നേരിടുന്ന പ്രദേശങ്ങൾ സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തിയാണ് തുടർ നടപടി സ്വീകരിക്കുകയെന്ന് അധികൃതർ വ്യക്തമാക്കി.
മയിലുകൾ കാട്ടിൽ നിന്നിറങ്ങുന്നത് തടയാൻ പ്രത്യേക ആവാസ കേന്ദ്രങ്ങളൊരുക്കാതെ കൊല്ലാനുള്ള തീരുമാനം പ്രതിഷേധാർഹമാണെന്നാണ് പക്ഷി ശാസ്്ത്രജ്ഞരും പരിസ്ഥിതി പ്രവർത്തകരും പറയുന്നത്.




