Kasargod
പെരിയ അപകടം; മരിച്ച യുവാവിനെതിരെ കേസ്
അപകടം അമിതവേഗതയിലെത്തിയ കാര്‍ ബസിലിടിച്ചതുമൂലമെന്ന് പോലീസ്

ബേക്കല്‍ | ദേശീയപാതയില്‍ പെരിയയില്‍ കഴിഞ്ഞ ദിവസമുണ്ടായ അപകടത്തിന് കാരണം അമിതവേഗതയിലെത്തിയ കാര്‍ സ്വകാര്യ ബസിലിടിച്ചതെന്ന് പോലീസ് അന്വേഷണത്തില്‍ തെളിഞ്ഞു. ഇതിൻ്റെ അടിസ്ഥാനത്തില്‍ അപകടത്തില്‍ മരിച്ച യുവാവിനെതിരെ ബേക്കല്‍ പോലീസ് കേസെടുത്തു.
പെരിയ നിടുവോട്ടുപാറയിലെ പരേതരായ സദാനന്ദന്‍- അമ്മിണി ദമ്പതികളുടെ മകന്‍ വൈശാഖിനെ(26)തിരെയാണ് കേസ്. വൈശാഖ് അമിതവേഗതയിലും അശ്രദ്ധയിലും കാര്‍ ഓടിച്ചുവന്ന് ബസിലിടിക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പോലീസിന് മൊഴി നല്‍കിയിരുന്നു.
ബസിന് വേഗത കുറവായിരുന്നുവെന്നാണ് മൊഴി. ഇടിയുടെ ആഘാതത്തില്‍ കാറിൻ്റെ മുന്‍ഭാഗം പൂര്‍ണമായും തകരുകയും തലയ്ക്കുള്‍പ്പെടെ മാരകമായി മുറിവേറ്റ വൈശാഖ് തത്ക്ഷണം മരിക്കുകയുമായിരുന്നു.
കാറിലുണ്ടായിരുന്ന കാസര്‍കോട് ഗവ. കോളജിലെ മൂന്നാം വര്‍ഷ ബി എസ് സി വിദ്യാര്‍ഥിനി പുല്ലൂര്‍ തടത്തിലെ ആരതി(22) ഗുരുതര പരുക്കുകളോടെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇരു കാലുകള്‍ക്കും ഒരു കൈക്കും ഗുരുതരമായി പരുക്കുള്ളതിനാല്‍ ശസ്ത്രക്രിയക്ക് വിധേയയാക്കി. വ്യാഴാഴ്ച പെരിയ പെരിയോക്കിയിലാണ് അപകടം നടന്നത്.