Connect with us

Uae

അബൂദബി സ്‌കൂളുകളിൽ മൊബൈൽ ഫോൺ ഉപയോഗത്തിന് കർശന നിയന്ത്രണം

വിദ്യാർഥികളും രക്ഷിതാക്കളും ഈ നയം പാലിക്കുമെന്ന് ഉറപ്പാക്കാൻ പ്രതിജ്ഞാപത്രങ്ങളിൽ ഒപ്പിടണം.

Published

|

Last Updated

അബൂദബി | അബൂദബിയിലെ പൊതു – സ്വകാര്യ സ്‌കൂളുകളിൽ വിദ്യാർഥികൾ മൊബൈൽ ഫോണുകളും സ്മാർട്ട് വാച്ചുകളും കൊണ്ടുവരുന്നതിന് കർശന നിരോധനം ഏർപ്പെടുത്തി. 2018-ലെ മന്ത്രിതല പ്രമേയം (851) അനുസരിച്ച്, സ്‌കൂൾ പരിസരത്ത് ഈ ഉപകരണങ്ങൾ കണ്ടെത്തിയാൽ അവ കണ്ടുകെട്ടി അധ്യയന വർഷാവസാനം വരെ തിരികെ നൽകില്ല.

വിദ്യാർഥികളുടെ സുരക്ഷ ഉറപ്പാക്കാനും സ്വകാര്യത സംരക്ഷിക്കാനും അച്ചടക്കം പ്രോത്സാഹിപ്പിക്കാനും പഠന പ്രക്രിയയിലെ തടസ്സങ്ങൾ ഒഴിവാക്കാനുമാണ് നിയമം രൂപപ്പെടുത്തിയത്.വിദ്യാർഥികളും രക്ഷിതാക്കളും ഈ നയം പാലിക്കുമെന്ന് ഉറപ്പാക്കാൻ പ്രതിജ്ഞാപത്രങ്ങളിൽ ഒപ്പിടണം.

മൊബൈൽ ഫോണുകൾക്ക് പുറമെ, സ്മാർട്ട് വാച്ചുകൾ, ഇലക്ട്രോണിക് ഗെയിമിംഗ് ഉപകരണങ്ങൾ, മുൻകൂർ അനുമതിയില്ലാത്ത ക്യാമറകൾ എന്നിവയും നിരോധിച്ചിട്ടുണ്ട്. കണ്ടെത്തിയാൽ രക്ഷിതാക്കളെ അറിയിച്ച് ഉപകരണങ്ങൾ കണ്ടുകെട്ടും. ആദ്യ ലംഘനത്തിന് ഒരു മാസവും ആവർത്തിച്ചാൽ അധ്യയന വർഷാവസാനം വരെയും കണ്ടുകെട്ടൽ നീളും.ഉപകരണങ്ങളിൽ അധ്യാപകരുടെയോ വിദ്യാർഥികളുടെയോ ചിത്രങ്ങൾ കണ്ടെത്തിയാൽ, കേസ് ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റിന് കൈമാറും.

അതേസമയം സ്മാർട്ട് ഉപകരണങ്ങളുടെ ആസക്തി, മാനസികാവസ്ഥയിലുള്ള സ്വാധീനം, സാമൂഹിക ഒറ്റപ്പെടൽ എന്നിവ പഠനത്തെ തടസ്സപ്പെടുത്തുമെന്ന് സ്‌കൂളുകൾ ചൂണ്ടിക്കാട്ടി.
പഠന അന്തരീക്ഷത്തെ അച്ചടക്കപൂർണവും ഫലപ്രദവുമാക്കാനും ഭീഷണിപ്പെടുത്തൽ തടയാനും അക്കാദമിക് പ്രകടനം മെച്ചപ്പെടുത്താനും ലക്ഷ്യമിടുന്നതാണ് ഇവക്കെതിരെയുള്ള നിരോധനം. വിദ്യാഭ്യാസ ആവശ്യങ്ങൾക്ക് ലാപ്ടോപ്പുകളോ ടാബ്്ലെറ്റുകളോ ഉപയോഗിക്കാം. യു എ ഇയുടെ ഉയർന്ന വിദ്യാഭ്യാസ നിലവാരവും അച്ചടക്കാധിഷ്ഠിത വിദ്യാഭ്യാസ ദർശനവും ഉറപ്പാക്കുന്നതിന്റെ ഭാഗമാണ് നടപടികൾ.

Latest