Saudi Arabia
പ്രതികൂല കാലാവസ്ഥ; അബൂദബി-റിയാദ് ഇത്തിഹാദ് എയര്‍വേയ്സ് വിമാനം ബഹ്റൈനിലേക്ക് തിരിച്ചുവിട്ടു
കഴിഞ്ഞാഴ്ച മുതല്‍ പ്രദേശത്ത് അസ്ഥിരമായ കാലാവസ്ഥയാണ് അനുഭവപ്പെടുന്നത്.

മനാമ | അബൂദബിയില്‍ നിന്ന് റിയാദിലേക്കുള്ള യു എ ഇയുടെ ദേശീയ വിമാനക്കമ്പനിയായ ഇത്തിഹാദ് എയര്‍വേയ്സിന്റെ (EY551) വിമാനം പ്രതികൂല കാലാവസ്ഥയെ തുടര്‍ന്ന് ബഹ്റൈനിലേക്ക് തിരിച്ചുവിട്ടു.
വ്യോമപാതയില്‍ പ്രതികൂല കാലാവസ്ഥ മൂലമുണ്ടായ തടസ്സത്തില്‍ ഖേദിക്കുന്നുവെന്നും യാത്രക്കാരുടെ ക്രമീകരണങ്ങളില്‍ സഹായിക്കാന്‍ പരമാവധി ശ്രമിക്കുന്നതായും യാത്രക്കാരുടെ സുരക്ഷക്കാണ് പ്രഥമ പരിഗണന നല്‍കുന്നതെന്നും എയര്‍ലൈന്‍സ് വൃത്തങ്ങള്‍ പറഞ്ഞു. കഴിഞ്ഞാഴ്ച മുതല്‍ പ്രദേശത്ത് അസ്ഥിരമായ കാലാവസ്ഥയാണ് അനുഭവപ്പെടുന്നത്.
സഊദി നാഷണല്‍ സെന്റര്‍ ഫോര്‍ മെറ്റീരിയോളജി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇടിമിന്നല്‍, ശക്തമായ പൊടിക്കാറ്റ്, മഴ, ആലിപ്പഴ വര്‍ഷത്തിനും സാധ്യതയുണ്ടെന്ന് നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു.
കുവൈത്തിലും പൊടിക്കാറ്റ്
കുവൈത്തില്‍ ഞായറാഴ്ച രാത്രിയോടെ ശക്തമായ പൊടിക്കാറ്റ് വീശിയതിനെ തുടര്‍ന്ന് എയര്‍ നാവിഗേഷന്‍ ഡയറക്ടറേറ്റ് വിമാനത്താവളങ്ങളില്‍ അടിയന്തര പ്രോട്ടോക്കോളുകള്‍ നടപ്പിലാക്കാന്‍ നിര്‍ദേശം നല്‍കി.
പൊടിക്കാറ്റിന് തുടര്‍ന്ന് കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ദൃശ്യപരത 300 മീറ്ററില്‍ താഴെയായി കുറഞ്ഞതോടെ അസിയട്ട്, കെയ്റോ എന്നിവിടങ്ങളില്‍ നിന്ന് എത്തിയ രണ്ട് വിമാനങ്ങള്‍ സഊദിയിലെ ദമാമിലേക്ക് തിരിച്ചുവിട്ടു.
അതേസമയം, പ്രതികൂല കാലാവസ്ഥയിലും ദുബൈയില്‍ നിന്ന് എത്തിയ കുവൈത്ത് എയര്‍വേയ്സ് വിമാനം രാത്രി 11.06 നും, അഹമ്മദാബാദില്‍ നിന്ന് പുറപ്പെട്ട ഇന്‍ഡിഗോ വിമാനം ഞായറാഴ്ച രാത്രി 11.41 നും കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ സുരക്ഷിതമായി ലാന്‍ഡ് ചെയ്തു.