National
മധ്യപ്രദേശില്‍ വീട്ടില്‍ അതിക്രമിച്ച് കയറിയ യുവാവ് മാതാവിന് മുന്നില്‍ അഞ്ച് വയസുകാരനെ തലയറുത്ത് കൊലപ്പെടുത്തി
ബൈക്കില്‍ എത്തിയ പ്രതി കാലു സിംഗ് എന്നയാളുടെ വീട്ടില്‍കയറി അവിടെ നിന്നും ലഭിച്ച മൂര്‍ച്ചയുള്ള ആയുധമെടുത്ത് കുട്ടിയുടെ കഴുത്ത് മുറിക്കുകയായിരുന്നു

ഭോപ്പാല്‍ | മധ്യപ്രദേശിലെ ധറില്‍ വീട്ടില്‍ അതിക്രമിച്ച് കയറിയ അക്രമി അമ്മയുടെ മുന്നില്‍വച്ച് അഞ്ച് വയസുകാരനെ തലയറുത്തു കൊലപ്പെടുത്തി.മഹേഷ് (25) എന്ന യുവാവാണ് ക്രൂരകൃത്യം നടത്തിയത്.
ബൈക്കില്‍ എത്തിയ പ്രതി കാലു സിംഗ് എന്നയാളുടെ വീട്ടില്‍കയറി അവിടെ നിന്നും ലഭിച്ച മൂര്‍ച്ചയുള്ള ആയുധമെടുത്ത് കുട്ടിയുടെ കഴുത്ത് മുറിക്കുകയായിരുന്നു . കുട്ടിയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ അമ്മക്കും പരുക്കേറ്റു. ഇവരുടെ നിലവിളി കേട്ടെത്തിയ അയല്‍ക്കാര്‍ പ്രതിയെ പിടികൂടി. തുടര്‍ന്ന് മര്‍ദിച്ചതിന് ശേഷം പോലീസില്‍ ഏല്‍പ്പിച്ചു.
പോലീസ് നടത്തിയ അന്വേഷണത്തില്‍, മഹേഷ് അലിരാജ്പൂര്‍ ജില്ലയിലെ ജോബത് ബാഗ്ഡി സ്വദേശിയാണെന്ന് കണ്ടെത്തി. കഴിഞ്ഞ മൂന്ന് നാല് ദിവസമായി ഇയാള്‍ മാനസികമായി അസ്വസ്ഥനാണെന്നും വീട്ടില്‍ നിന്ന് കാണാതായതായും കുടുംബം പോലീസിനോട് പറഞ്ഞു.