Connect with us

Featured

കടല്‍ത്തീരത്ത് ഉപേക്ഷിക്കപ്പെട്ട ചെരിപ്പുകളില്‍ നിന്ന് ആയിരം ഡോളര്‍ വിലയുള്ള കലാസൃഷ്ടി

അരിസ്‌റ്റൈഡ് കുവാമെ എന്നാണ് ആദ്ദേഹത്തിന്റെ പേര്. കടല്‍ത്തീരത്ത് ഉപേക്ഷിക്കപ്പെട്ടിരിക്കുന്ന ഫ്‌ളിപ്പ് ഫ്‌ളോപ്പുകളും പാദരക്ഷകളും വലിയ ട്രാഷ് ബാഗില്‍ ശേഖരിക്കുന്ന ശീലമാണ് കുവാമെ..

യാമോസ്സോക്‌റോ | കടല്‍ത്തീരത്ത് ഉപേക്ഷിക്കപ്പെട്ട ചെരിപ്പുകള്‍ പതിവു കാഴ്ചയാണ്. ഇത്തരത്തിലുള്ള ചെരിപ്പുകള്‍ അവിടെനിന്ന് മാറ്റാന്‍ ആരും തയാറാകുകയുമില്ല. എന്നാല്‍ ഐവറികോസ്റ്റിലെ കലാകാരന്‍ ഇക്കാര്യത്തില്‍ വ്യത്യസ്തനാകുന്ന വാര്‍ത്തകളാണ് സാമൂഹിക മാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നത്.

അരിസ്‌റ്റൈഡ് കുവാമെ എന്നാണ് ആദ്ദേഹത്തിന്റെ പേര്. കടല്‍ത്തീരത്ത് ഉപേക്ഷിക്കപ്പെട്ടിരിക്കുന്ന ഫ്‌ളിപ്പ് ഫ്‌ളോപ്പുകളും പാദരക്ഷകളും വലിയ ട്രാഷ് ബാഗില്‍ ശേഖരിക്കുന്ന ശീലമാണ് കുവാമെയ്ക്കുള്ളത്. ആളുകള്‍ അദ്ദേഹത്തെ ആക്രി കച്ചവടക്കാരനായോ ഒരു ഭ്രാന്തനായോ ഒക്കെയാണ് കാണുന്നത്. ഇക്കാര്യമൊന്നും ശ്രദ്ധിക്കാതെയാണ് കുവാമെ തന്റെ ജോലിയില്‍ വ്യാപൃതനാകുന്നത്.

ഐവറി തീരത്തുനിന്ന് ചെരുപ്പുകള്‍ ശേഖരിച്ച് കഷണങ്ങളാക്കി മുറിച്ച് 1000 ഡോളര്‍ വരെ വിലയുള്ള കലാസൃഷ്ടികളാക്കി മാറ്റുകയാണ് കുവാമെ ചെയ്യുന്നത്. ആളുകള്‍ കടലിലേക്ക് വലിച്ചെറിയുന്ന ചെരുപ്പുപോലുള്ള മാലിന്യങ്ങള്‍ കടലിന് ആവശ്യമില്ലാത്തതിനാല്‍ തിരികെ എത്തുകയാണ് ചെയ്യുന്നത്. അപ്പോള്‍ ഇത്തരം ചെരുപ്പുകളില്‍ നിന്ന് എന്തെങ്കിലും ക്രിയേറ്റീവ് ആയി ചെയ്യാമെന്ന് തോന്നുകയായിരുന്നെന്ന് കുവാമെ പറഞ്ഞു.

മാലിന്യങ്ങളിലെ അവശിഷ്ടങ്ങള്‍ പൊടിച്ചാണ് അദ്ദേഹം പെയിന്റ് ഉണ്ടാക്കുന്നത്. പാരിസ്ഥിതികാഘാതം സൃഷ്ടിക്കാത്തതും ചെലവ് കുറഞ്ഞതുമായ മാര്‍ഗമാണിതെന്നാണ് കുവാമെയുടെ പക്ഷം. നെല്‍സണ്‍ മണ്ടേല, രാഷ്ട്രീയ നേതാക്കള്‍, ഛായാചിത്രങ്ങള്‍, കാലാവസ്ഥാ വ്യതിയാനം, കൊവിഡ് -19, സാമ്പത്തിക അസമത്വം എന്നിവയൊക്കെയാണ് കുവാമെയുടെ കലാ സൃഷ്ടികളില്‍ നിറഞ്ഞുനില്‍ക്കുന്നത്. ഈ കലാസൃഷ്ടികള്‍ ഐവറി കോസ്റ്റിലെ കലാസ്ഥാപനത്തിന്റെ ശ്രദ്ധ പിടിച്ചുപറ്റിയിട്ടുണ്ട്. കൂടാതെ കുവാമെയുടെ കലാസൃഷ്ടി സ്വദേശത്തും വിദേശത്തും പ്രദര്‍ശിപ്പിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഐക്യരാഷ്ട്രസഭയുടെ കണക്കനുസരിച്ച് പ്രതിവര്‍ഷം ഏകദേശം 13 ദശലക്ഷം ടണ്‍ പ്ലാസ്റ്റിക് മാലിന്യങ്ങളാണ് ലോക സമുദ്രങ്ങളിലേക്ക് ഉപേക്ഷിക്കുന്നത്. പടിഞ്ഞാറന്‍ ആഫ്രിക്കയില്‍ പ്ലാസ്റ്റിക്കും മറ്റ് മാലിന്യങ്ങളും ബീച്ചുകളില്‍ ധാരാളമുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. കുവാമെ എന്ന കലാകാരന്റെ പ്രവൃത്തിയിലൂടെ പരിസ്ഥിതിയ്ക്ക് ആഗാധമുണ്ടാക്കുന്ന അവസ്ഥയ്ക്കാണ് ആശ്വാസമാകുന്നത്.

Latest